ട്വിറ്ററിലെ ഉപയോക്താക്കളുടെ കാര്യത്തിലും സമാന സംശയം മസ്ക് മുൻപ് ഉന്നയിച്ചിരുന്നു. അതേ രീതിയിൽ ശമ്പളം വാങ്ങുന്നവരിൽ ഗോസ്റ്റ് എംപ്ലോയീസ് ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിന് മസ്ക് പേ റോൾ ഓഡിറ്റ് ആവശ്യപ്പെട്ടതായാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഡിറ്റ് നടത്താൻ മസ്ക് തിരഞ്ഞെടുത്ത അക്കൗണ്ടിംഗ് ഓഫീസർ റോബർട്ട് കെയ്ഡൻ, ചില ജീവനക്കാരെ അറിയാമോയെന്ന് സ്ഥിരീകരിക്കാനും അവർ യഥാർത്ഥത്തിൽ മനുഷ്യരാണോയെന്ന് പരിശോധിക്കാനും മാനേജർമാരോട് ആവശ്യപ്പെട്ടിരുന്നു.
പിരിച്ചുവിട്ടിട്ടും തിരിച്ചെടുത്തു
ട്വിറ്റർ ഏറ്റെടുത്തപ്പോൾ തന്നെ ചിലവ് ചുരുക്കലിനും ജോലി വെട്ടിക്കുറയ്ക്കലിനും പ്രാധാന്യം നൽകുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. മസ്കിന്റെ വരവോടെ കമ്പനി 3,700 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഇത് ട്വിറ്ററിന്റെ മൊത്തം തൊഴിലാളികളുടെ പകുതിയോളം വരും.
അതേസമയം കമ്പനി ഇപ്പോൾ പിരിച്ചുവിട്ട ഡസൻ കണക്കിന് മുൻ ജീവനക്കാരുമായി ബന്ധപ്പെടുകയും അവർക്ക് ജോലി തിരികെ നൽകുകയും ചെയ്തായും റിപ്പോർട്ടുണ്ട്. കമ്പനിയുടെ നടത്തിപ്പിന് അത്തരം നടപടി അത്യന്താപേക്ഷിതമാണെന്ന് മാനേജ്മെന്റ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതായി ചില ജീവനക്കാർ പറയുന്നു.
സാമ്പത്തികനില പരുങ്ങലിൽ
മസ്ക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശങ്ക കമ്പനിയുടെ സാമ്പത്തിക സ്ഥിതിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെലവ് ചുരുക്കാനുള്ള ശ്രമത്തിൽ സൗജന്യ ഉച്ചഭക്ഷണം പോലുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കുകയാണെന്നും മസ്ക് ജീവനക്കാരെ അറിയിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ചർ ചെലവിൽ കമ്പനിക്ക് എങ്ങനെ 1 ബില്യൺ ഡോളർ ലാഭിക്കാമെന്ന് വിശകലനം ചെയ്യാൻ മസ്ക് തന്റെ ടീമിന് നിർദ്ദേശം നൽകിയതായി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങളുമായി Twitter ഇതിനകം $8 പ്രതിമാസ സബ്സ്ക്രിപ്ഷൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ ഫീച്ചർ പ്രതിഷേധത്തിനും ഇടയാക്കി. ട്വിറ്ററിന്റെ നിലവിലെ വരുമാനത്തിന്റെ 90 ശതമാനവും പരസ്യങ്ങളെ ആശ്രയിച്ചാണ്. മസ്ക് ഏറ്റെടുത്തതിന് ശേഷം കമ്പനികൾ പ്ലാറ്റ്ഫോമിലെ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തിയിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും വർദ്ധനവ് കാരണം അവരിൽ പലരും ട്വിറ്ററിലെ പരസ്യങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. പരസ്യവരുമാനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കഴിഞ്ഞ ദിവസം ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ മസ്ക് സൂചിപ്പിച്ചിരുന്നു.