ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയായ മുകേഷ് അംബാനി ഇപ്പോൾ ലോകപ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂൾ ഏറ്റെടുക്കാനുളള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ശതകോടീശ്വരൻ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബിനായി ടേക്ക്ഓവർ ബിഡ് നൽകിയതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ The Mirror റിപ്പോർട്ട് ചെയ്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തൻമാരായ ലിവർപൂളിനെ 4 ബില്യൺ ബ്രിട്ടീഷ് പൗണ്ടിന് വിൽക്കാൻ നിലവിലെ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (Fenway Sports Group) തയ്യാറാണെന്ന് റിപ്പോർട്ട് പറയുന്നു. ടീമിനെ വിൽക്കുന്നതിൽ സഹായിക്കാൻ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സിനെയും (Goldman Sachs) മോർഗൻ സ്റ്റാൻലിയെയും (Morgan Stanley) നിയമിച്ചതായും റിപ്പോർട്ടുണ്ട്. 2010 ഒക്ടോബറിലാണ് Fenway Sports Group 2010 ഒക്ടോബറിലാണ് ലിവർപൂൾ ഏറ്റെടുത്തത്. ഗൾഫിൽ നിന്നും യുഎസിൽ നിന്നുമുള്ള കോടീശ്വരൻമാരും ക്ലബ് ഏറ്റെടുക്കാൻ മത്സരരംഗത്തുണ്ട്.
ലിവർപൂളിൽ മുൻപും താല്പര്യം
ഇന്ത്യയിൽ ക്രിക്കറ്റ് ഒരു മതമാണെങ്കിലും, ഫുട്ബോൾ ഇന്ത്യക്കാരുടെ ഇഷ്ടവിനോദങ്ങളിൽ മുൻപന്തിയിലുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആരാധകരുളള രാജ്യത്ത് ലിവർപൂളും ഏറ്റവും വലിയ പിന്തുണയുള്ള ക്ലബ്ബുകളിലൊന്നായി നിലകൊളളുന്നു. പ്രീമിയർ ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ്, FA കപ്പ്, യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടിയതോടെ FSG-യുടെ കീഴിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച ഫോമിലാണ് ലിവർപൂൾ.
യൂറോപ്പിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നായി തുടരാനുള്ള ലിവർപൂളിന്റെ അഭിലാഷങ്ങൾ പൂവണിയാൻ ലോകത്തിലെ എട്ടാമത്തെ കോടീശ്വരനായ അംബാനിയുടെ പണക്കരുത്ത് കൂടി സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ലിവർപൂൾ വാങ്ങാൻ മുകേഷ് അംബാനി താൽപര്യം കാണിക്കുന്നത് ഇതാദ്യമല്ല. 2010-ൽ സഹാറ ഗ്രൂപ്പിന്റെ ചെയർമാൻ സുബ്രതോ റോയിക്കൊപ്പം റിലയൻസ് ഇൻഡസ്ട്രീസ് ലിവർപൂളിന്റെ 51 ശതമാനം ഓഹരികൾ വാങ്ങുമെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ അന്നത്തെ ലിവർപൂൾ ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റെയ്ൻ പർസ്ലോ ഈ കിംവദന്തികൾ നിഷേധിക്കുകയാണുണ്ടായത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഇവന്റിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ വാണിജ്യ പങ്കാളി കൂടിയാണ് റിലയൻസ് ഗ്രൂപ്പ്