ആമസോണിലും പിരിച്ചുവിടൽ
നഷ്ടം കൂടുന്നതിനനുസരിച്ച് 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാരോട് മറ്റ് അവസരങ്ങൾ തേടാൻ ആമസോൺ ആവശ്യപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേണൽ (The Wall Street Journal) റിപ്പോർട്ട് ചെയ്തു.
ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കാനും ആമസോൺ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ന്യൂയോർക്ക് ടൈംസ് (The New York Times) റിപ്പോർട്ട് ചെയ്യുന്നു. റീട്ടെയിൽ ഡിവിഷൻ, ഹ്യൂമൻ റിസോഴ്സ് എന്നിവയ്ക്കൊപ്പം അലക്സ വോയ്സ് അസിസ്റ്റന്റിന്റെ ചുമതലകളുളള പ്രോഡക്ട് ടീമിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷമാണ് പിരിച്ചുവിടൽ.
മൊത്തം പിരിച്ചുവിടലുകളുടെ എണ്ണം 10,000 ത്തോളം ആകുകയാണെങ്കിൽ അത്ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും. ആഗോളതലത്തിൽ 1.6 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയുടെ തൊഴിലാളികളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമായിരിക്കും ഇത്.
ഇ-കൊമേഴ്സ് ഭീമന് ക്ഷീണം
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർ തിരക്കേറിയ അവധിക്കാല സീസണിലും ഉത്സവസീസണിലും വളർച്ചയിൽ മാന്ദ്യമാണ് കമ്പനി രേഖപ്പെടുത്തിയത്. വിലക്കയറ്റം മൂലം ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ചെലവഴിക്കാൻ പണം കുറവായതിനാലാണിത് എന്ന് ആമസോൺ വിലയിരുത്തിയിരുന്നു. മന്ദഗതിയിലുള്ള വിൽപ്പന വളർച്ചയ്ക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രസ്താവിച്ചിരുന്നു.
COVID-19 പാൻഡെമിക് വർഷങ്ങളിൽ ഏറ്റവും ലാഭകരമായ നിലയിലേക്ക് എത്തിയതിന് ശേഷമാണ് ഇപ്പോഴത്തെ മാന്ദ്യം.
ആമസോണിന്റെ വളർച്ച രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാധ്യതയുള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാരുടെ എണ്ണത്തിൽ വെട്ടിക്കുറയ്ക്കൽ നടത്തുന്ന വൻകിട കമ്പനികളിലൊന്നായി ആമസോണും മാറുകയാണ്. സാമ്പത്തിക മാന്ദ്യം നേരിടാൻ മെറ്റ ഉൾപ്പെടെ യുഎസിലെ വൻകിട ടെക് കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തിയിരുന്നു. E-commerce giant Amazon is planning to layoff about 10,000 people in one week. Corporate and technology jobs would suffer