പോലീസുകാരും, രാഷ്ട്രീയക്കാരും മാത്രമല്ല, സർക്കാരാശുപത്രികളിലെ ഡോക്ടർമാരും, നേഴ്സുമാരുമെല്ലാം ഖാദി ഓവർകോട്ട് ധരിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്ക് ഖാദിയിൽ തുന്നിയ ഓവർകോട്ട് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേരളത്തിലെ ഖാദി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരാശുപത്രികളിൽ പദ്ധതി പ്രാവർത്തികമാകുന്നതോടെ, സ്വകാര്യ ആശുപത്രികളോടും സമാന പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട് സർക്കുലർ ഇറക്കും.
ഖാദി ബോർഡിന്റെ ശ്രമം ഫലംകണ്ടു
ഡോക്ടർമാർക്ക് ഓവർകോട്ട് നൽകണമെന്ന നിർദേശത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നേരത്തേ അപേക്ഷ സമർപ്പിച്ചിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിക്ക് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും ആവശ്യമായ ഖാദികോട്ടിന്റെ മാതൃകയടക്കം തയ്പ്പിച്ചായിരുന്നു പി.ജയരാജന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഖാദി ധരിക്കണമെന്ന നിര്‍ദ്ദേശത്തിന് പുറമേയാണ് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള ബോര്‍ഡിന്റെ പുതിയ നീക്കം.