ഒഴുക്കിൽപ്പെട്ടാൽ ദേ ഇവൻ രക്ഷിക്കും
കടലിൽ ഒഴുക്കിൽപ്പെട്ടാൽ എന്തുചെയ്യും? ലൈഫ് ഗാർഡ് നീന്തി രക്ഷിക്കും!
എന്നാൽ ഇനി മറ്റൊരു പോംവഴി കൂടിയുണ്ട്. റിമോട്ട് കൺട്രോളുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താനാകുന്ന റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് എന്ന ഉപകരണമാണ് ആ പോംവഴി. കേരളത്തിൽ ആദ്യമായി ഉപകരണം പരീക്ഷിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്ടസിലിന്റെ (DTPC) ഭാഗമായി, ആലപ്പുഴ ബീച്ചിൽ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ‘സേഫ് സീസ്’ ആണ് ഇത് വികസിപ്പിച്ചത്. റിമോട്ട് കൺട്രോളുപയോഗിച്ച് കരയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനാകുന്നതാണ് സംവിധാനം.
ഉപകരണത്തിന്റെ സവിശേഷതകൾ
റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് ഉപയോഗിച്ച്, 30 സെക്കൻഡിനുള്ളിൽ ഒരേസമയം മൂന്നുപേരെ വരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കാൻ സാധിക്കും. 12 കിലോ മാത്രം ഭാരമുള്ള റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ്ക്ക് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിക്കാനാകും. 200 കിലോ വരെ ഭാരം താങ്ങാനാവുന്ന ഉപകരണം, കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. വേഗതയനുസരിച്ച് അഞ്ചര ലക്ഷം മുതൽ ഏഴര ലക്ഷം രൂപ വരെയാണ് ഉപകരണത്തിന്റെ വില. അപകടത്തില്‍പ്പെട്ടവരുടെ അടുത്ത് അതിവേഗം എത്തി രക്ഷിക്കുന്ന രീതിയിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. നാവികസേനയുടെ 180 കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ ഉപകരണം പ്രവർത്തിക്കുന്നുണ്ടെന്ന് സേഫ് സീസ് ചീഫ് ടെക്നിക്കൽ ഓഫീസർ അലി അസ്ഗർ പറഞ്ഞു. സേനയിലും അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി റിമോട്ട് ഓപ്പറേറ്റിങ് ലൈഫ് ബോയ് ഉപയോഗിക്കുന്നുണ്ട്.
Safe Seas develops a ‘Remote Operating Lifebuoy System’ that can save people from drowning in the sea. The tool was tested at Alappuzha beach. It is the first time Kerala attempts a tool like this. The equipment can be controlled from the land using a remote.