ആക്രിയെ ആപ്പാക്കി
2018 ൽ ആക്രി കച്ചവടത്തിന് ഓൺലൈൻ മുഖം നൽകുമ്പോൾ, ജനങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒരു പരിഹാരം കാണുക എന്നതായിരുന്നു ചന്ദ്രശേഖറിന്റെ ഉദ്ദേശം. ഭൂമിയെ പ്ലാസ്റ്റിക്കിൽ നിന്നും സംരക്ഷിക്കാനും പരമാവധി പുനരുപയോഗം ചെയ്യാനും ലക്ഷ്യമിട്ടാണ് AAKRI എന്ന സംരംഭം പ്രവർത്തിക്കുന്നത്.
2019 ലാണ് ആക്രി ആപ്പ്, സേവനങ്ങൾ ആരംഭിക്കുന്നത്. കൊച്ചിയിലാരംഭിച്ച സ്‌ക്രാപ്പ്/ജങ്ക് പിക്കപ്പ് സേവനം ഇന്ന് സംസ്ഥാനത്തെ എട്ടോളം ജില്ലകളിൽ ലഭ്യമാണ്. എല്ലാ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഉപഭോക്താക്കൾക്കും സേവനങ്ങൾ വാഗ്ദാനം ചെയ്യുകയാണ് AAKRI. ഫോണിൽ ഡൌൺലോഡ് ചെയ്ത AAKRI ആപ്പിലുള്ള ഒറ്റ ക്ലിക്കിൽ ആളുകൾ സ്ഥലത്തെത്തി നിങ്ങളുടെ ആക്രി സാധനങ്ങൾ വാങ്ങും.
കത്തിക്കരുതേ…ഞങ്ങളെടുത്തോളം
ആക്രിക്കാരനോട് പണത്തിനു വിലപേശാനുള്ള ബുദ്ധിമുട്ട് ആക്രി ആപ്പിലൂടെ നിങ്ങൾക്കുണ്ടാകില്ല. മാത്രമല്ല, ആർക്കും ഇനി ആക്രി വില പറഞ്ഞ് നിങ്ങളെ പറ്റിക്കാനും കഴിയില്ല. കാരണം, എല്ലാ പാഴ് വസ്തുക്കളുടെയും ദിവസേനയുള്ള വില ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. വീടുകളിലും ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഉപയോഗ ശൂന്യമായ എല്ലാ സാധനങ്ങളും ന്യായമായ വിലയ്ക്ക് ആപ്പിലൂടെ വിൽക്കാം.
റബ്ബർ, ടയർ, പ്ലാസ്റ്റിക്, ബുക്ക്, ബാറ്ററി, കോപ്പർ, അലുമിനിയം തുടങ്ങിയ വസ്തുക്കളായിരുന്നു ആദ്യ ഘട്ടത്തിൽ AAKRI വാങ്ങിയിരുന്നത്. പിന്നീട്, റീസൈക്കിൾ ചെയ്യാൻ കഴിയുന്ന എന്തും അവർ എടുത്തു തുടങ്ങി. കാലക്രമേണ ബിസിനസിന്റെ വളർച്ചയോടൊപ്പം, സംരംഭം, അതിന്റെ രീതികളും തന്ത്രങ്ങളും മാറ്റി. ഒരു ആക്രിക്കാരൻ ഉപേക്ഷിച്ചിട്ട് പോകുന്ന എല്ലാ വസ്തുക്കളും AAKRI എടുക്കും. ഭക്ഷണം മുതൽ ഇ-വേസ്റ്റ് വരെ എത്തി നിൽക്കുകയാണ് ഇന്ന് AAKRI ആപ്പ് എടുക്കുന്ന മാലിന്യങ്ങൾ.
ബയോ മെഡിക്കൽ മാലിന്യങ്ങളും?
ഡയപ്പറും സാനിറ്ററി നാപ്കിനുകളും എവിടെ കളയുമെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. അതും AAKRI എടുത്തോളും. ഈ വർഷം ജൂലൈ മാസം മുതലാണ് ബയോ മെഡിക്കൽ മാലിന്യങ്ങളും ആക്രി ആപ്പ് ശേഖരിക്കാൻ തുടങ്ങിയത്. വീടുകളിലെയും ഫ്ളാറ്റുകളിലെയും കെമിക്കൽ വെസ്റ്റുകൾ, ഉപയോഗ ശൂന്യമായ മരുന്നുകൾ എന്നിവയും ഇവർ ശേഖരിക്കും. ബൈക്കിൽ ബാഗ് സെറ്റ് ചെയ്താണ് ഡയപ്പറുകളും സാനിറ്ററി പാടുകളും ശേഖരിക്കുന്നത്. മൂന്നു മുതൽ നാലു ടണ്ണോളം ബയോ മെഡിക്കൽ വെസ്റ്റുകളാണ് കൊച്ചിയിലെ കളമശ്ശേരിയിൽ നിന്നും ഇവർ പ്രതിമാസം ശേഖരിക്കുന്നത്.
ആക്രി എങ്ങനെ വിൽക്കാം
വീടുകൾ, ഓഫീസുകൾ, കോർപ്പറേറ്റ് ഹൗസുകൾ തുടങ്ങിയവയിൽ നിന്നുള്ള സ്ക്രാപ്പ് അല്ലെങ്കിൽ ട്രാഷ് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് AAKRI ആപ്പ് വഴി പിക്കപ്പ് ഷെഡ്യൂൾ ചെയ്യാം. കൂടാതെ, www.aakri.in എന്ന വെബ്‌സൈറ്റിൽ നിന്ന് പിക്കപ്പ് ഓപ്ഷൻ എടുക്കാനും ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് റീസൈക്കിൾ ചെയ്യാനുള്ള ആക്രികൾക്കായി ഷെഡ്യൂൾ റിക്വസ്റ്റ് നടത്താനും സൗകര്യമുണ്ട്. പിക്കപ്പ് കൺഫേം ചെയ്ത ഉടൻ തന്നെ, പറഞ്ഞ സ്ഥലത്ത് ആക്രിയുടെ ടീം എത്തും. സ്ക്രാപ്പ് തൂക്കി നോക്കി, ആപ്പിൽ നൽകിയിരുന്ന നിരക്കനുസരിച്ച് ഉപഭോക്താകൾക്ക് പണവും നൽകും. ഇതിലൂടെ വിലപേശലിന്റെയോ തർക്കത്തിന്റെയോ ആവശ്യം ഉണ്ടാകില്ലെന്നാണ് ഫൗണ്ടർ പറയുന്നത്. ശേഷം, ആക്രിയുടെ ഗ്രേഡും ലെവലും നോക്കി വസ്തുക്കൾ വേർതിരിച്ച്, റീസൈക്ലിംഗ് പ്രോസസ്സിനയക്കും. ഇതിലൂടെ ആക്രി കച്ചവടം പരിസ്ഥിതി സംരക്ഷണത്തിലും വലിയ പങ്ക് വഹിക്കുന്നു.
കസ്റ്റമേഴ്‌സ് ഹാപ്പിയാണ്
47000-ത്തോളം ഉപഭോക്താക്കൾ ഇത് വരെ ആപ്പ് ഉപയോഗിച്ചിട്ടുണ്ട്. പ്ളേസ്റ്റോറിൽ തൊള്ളായിരത്തോളം റിവ്യൂകളുള്ള ആക്രി ആപ്പിന്, 4.9 സ്റ്റാർ റേറ്റിംഗ് ആണുള്ളത്. ആപ്പിന്റെ സേവനത്തിൽ ഉപയോക്താക്കൾ വളരെ സംതൃപ്തരാണെന്നാണ് ചന്ദ്രശേഖർ അവകാശപ്പെടുന്നത്. അഞ്ചു കിലോയുടെ ആക്രി എടുക്കാൻ പോലും വാഹനങ്ങൾ ഏറെ ദൂരം ഓടാറുണ്ട്. അത് ബിസിനസിന് ഒരു പ്രതിസന്ധിയാണെങ്കിലും ഒരു ഓർഡറും AAKRI തള്ളിക്കളയാറില്ല. അത് തന്നെയാകാം ഉപഭോക്താക്കൾക്ക് പ്രസ്ഥാനത്തോടുള്ള വിശ്വാസത്തിന്റെ കാരണവും.
AAKRI യുടെ ഭാവി
ഒരു വണ്ടിയും രണ്ടു ജീവനക്കാരുമായി തുടങ്ങിയ കമ്പനിക്ക് സ്വന്തമായി ഒരു ആപ്പും പതിനേഴോളം ജീവനക്കാരും നിരവധി വാഹനങ്ങളുമുണ്ട്. ഒറ്റ ക്ലിക്കിൽ എല്ലാ വേസ്റ്റുകൾക്കും മികച്ച പരിഹാരം വാഗ്ദാനം ചെയ്യുന്ന സംരംഭത്തിന്റെ സ്വപ്ന പദ്ധതി ഇ-വേസ്റ്റും പ്ലാസ്റ്റിക്കും റീസൈക്കിൾ ചെയ്യുന്നതിനായി വലിയ ഒരു പ്ലാന്റ് തുടങ്ങുകയെന്നതാണ്. കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനും AAKRI ലക്ഷ്യമിടുന്നുണ്ട്.