ആപ്പ് സ്റ്റോറുകളിൽ നിന്ന് ആപ്പിളും, ഗൂഗിളും ട്വിറ്റർ നീക്കം ചെയ്താൽ, മസ്ക് സ്വന്തം സ്മാർട്ട്ഫോൺ നിർമ്മിക്കണമെന്ന ഉപയോക്താവിന്റെ ട്വീറ്റിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്ന് കണ്ടാൽ, ‘ബദൽ’ സ്മാർട്ട്ഫോണുകൾ നിർമ്മിക്കാനും തയ്യാറാണെന്ന് മസ്ക് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിന് മറുപടിയായി, സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഇതൊരു വിപ്ലവം സൃഷ്ടിക്കുമെന്നടക്കമുള്ള കമന്റുകളുമായി ഉപയോക്താക്കളും രംഗത്തുവന്നു. ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ iOS, Android എന്നിവ ആപ്പിളിനും ഗൂഗിളിനും സ്വന്തമാണ്. 1.5 പതിറ്റാണ്ടോളം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുണ്ടായ മാറ്റങ്ങൾക്ക് ഇരു കമ്പനികളും ഭാഗമായിരുന്നു.
വിമർശനങ്ങളും, ഭാവിപദ്ധതിയും
ആപ്പ് ഇക്കോസിസ്റ്റത്തിലെ ആപ്പിൾ- ഗൂഗിൾ ആധിപത്യത്തെ കുറിച്ച് അടുത്തിടെ മസ്ക് വിമർശനമുന്നയിച്ചിരുന്നു. ഉയർന്ന ആപ്പ് പർച്ചേസ് ഫീസ് ഈടാക്കി ഇരു കമ്പനികളും ആധിപത്യം മുതലെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്റർനെറ്റിൽ മറഞ്ഞിരിക്കുന്ന 30% നികുതിയടക്കം ആപ്പിളും, ഗൂഗിളും ഈടാക്കുന്നുണ്ടെന്നായിരുന്നു മസ്കിന്റെ ആരോപണം. അതേസമയം, ട്വിറ്റർ പ്രീമിയം സർവ്വീസ് അടുത്തയാഴ്ചയോടെ പുനരാരംഭിക്കാൻ പദ്ധതിയിടുന്നുവെന്ന് മസ്ക് വ്യക്തമാക്കി. അക്കൗണ്ടുകൾക്ക് വ്യത്യസ്ത നിറത്തിലുള്ള ചെക്ക് മാർക്കുകൾ നൽകിയാകും പുതിയ സേവനമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.