
എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ്സ് അതിന്റെ 99.5 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ വിസിപിഎല്ലിന് നൽകി. ഇതോടെ അദാനി ഗ്രൂപ്പ് ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ (NDTV) ഏകദേശം 29.18 ശതമാനം ഓഹരികൾ ഔദ്യോഗികമായി ഏറ്റെടുത്തു.

VCPL, അദാനിഗ്രൂപ്പിന് കീഴിലുളള AMG മീഡിയ നെറ്റ്വർക്ക്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയാണ്. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഏർപ്പെടുത്തിയ 2 വർഷത്തെ നിയന്ത്രണം നവംബർ 26-ന് അവസാനിച്ചിരുന്നു. ഇതോടെ 2022 ഓഗസ്റ്റ് 23-ലെ കൺവേർഷൻ നോട്ടീസ് അനുസരിച്ചാണ് ഓഹരികൾ കൈമാറിയിരിക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ എൻഡിടിവി വ്യക്തമാക്കി.

മറ്റൊരു 26 ശതമാനം ഓഹരികൾക്കായി ഒരു ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്. നവംബർ 22 ന് ആരംഭിച്ച ഓപ്പൺ ഓഫറിൽ ഇതുവരെ 5.3 ദശലക്ഷം ഓഹരികൾ, ഓഹരി ഉടമകൾ ടെൻഡർ ചെയ്തു കഴിഞ്ഞതായി എക്സ്ചേഞ്ച് ഫയലിംഗ് ഡാറ്റ വ്യക്തമാക്കുന്നു.