ആമസോൺ ദേ ഈ സർവ്വീസും നിർത്തി !
എഡ് ടെക്, ഫുഡ് ഡെലിവറി ബിസിനസുകൾ അവസാനിപ്പിച്ചതിനു പിന്നാലെ, രാജ്യത്തെ ഹോൾസെയിൽ ഡിസ്ട്രിബ്യൂഷൻ സർവ്വീസും നിർത്താൻ ആമസോൺ. ബെംഗളൂരു, മൈസൂർ, ഹുബ്ലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോൾസെയിൽ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഡിസ്ട്രിബ്യൂഷൻ നിർത്തലാക്കുകയാണെന്ന് കമ്പനി അറിയിച്ചു.
രാജ്യത്തെ പ്രാദേശിക കിരാന സ്റ്റോറുകൾ, ഫാർമസികൾ തുടങ്ങിയവയെ സഹായിക്കാനാണ് ആമസോൺ ഡിസ്ട്രിബ്യൂഷന്‍ തുടക്കമിട്ടത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് ഇന്ത്യൻ ഹോൾസെയിൽ സെഗ്മെന്റിൽ 7 ബില്യൺ ഡോളറിലധികം നിക്ഷേപമുണ്ട്.
തുടരെ, തുടരെ അടച്ചുപൂട്ടലുകൾ
ആമസോണിന്റെ 2021ലെ മൊത്ത വ്യാപാരമൂല്യം 18 ബില്യൺ ഡോളറിനും, 20 ബില്യൺ ഡോളറിനും ഇടയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലകളിലൊന്നായ ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കാൻ ആമസോൺ ശ്രമം നടത്തിയിരുന്നു. റിലയൻസ് റീട്ടെയിൽ, സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പുകൾ, മീഷോ, ഡീൽഷെയർ തുടങ്ങിയവയാണ് റീട്ടെയിൽ രംഗത്തെ ആമസോണിന്റെ പ്രധാന എതിരാളികൾ.
ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി 2025ഓടെ 130 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെയാണ് 2023ഓടെ ഇന്ത്യയിലെ ആമസോൺ എഡ് ടെക് സർവ്വീസ് അക്കാദമി അടച്ചു പൂട്ടുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. 2022 അവസാനത്തോടെ രാജ്യത്തെ ഫുഡ് ഡെലിവറി ബിസിനസ്സും അവസാനിപ്പിക്കുകയാണെന്ന് ആമസോൺ അറിയിച്ചിരുന്നു.
Amazon closes ‘Amazon Distribution’. It’s a wholesale e-commerce website for small neighbourhood stores. It is operational in Bengaluru, Mysore, and Hubli.