ഹൈഡ്രജൻ എഞ്ചിനുകൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി റിലയൻസ് ഇൻഡസ്ട്രീസും, അശോക് ലെയ്ലാൻഡും.
ആദ്യ ഘട്ടമെന്ന നിലയിൽ, 45,000 ട്രക്കുകളിൽ അശോക് ലെയ്ലാൻഡ് ഫ്യുവൽ-സെൽ എഞ്ചിനുകൾ സ്ഥാപിക്കും. റിഫൈൻഡ് ഉൽപ്പന്നങ്ങളും, മറ്റ് വിപണന വസ്തുക്കളും കൊണ്ടുപോകുന്നതിന് RIL വാടകയ്ക്കെടുത്തവയാണ് ഈ ട്രക്കുകൾ.
വാഹനങ്ങൾക്കിനി ഹൈഡ്രജൻ എഞ്ചിനുകൾ
ഡീസലിനു പകരം ഗ്രീൻ ഹൈഡ്രജനിൽ ട്രക്കുകൾ ഓടിക്കുന്ന സംവിധാനം കൊണ്ടുവരുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
2025 മുതൽ, ഗുജറാത്ത് ജാംനഗറിലെ റിഫൈനറി പ്ലാന്റിൽ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കാൻ റിലയൻസ് പദ്ധതിയിടുന്നു.
ബസുകളും, ടാക്സികളുമടങ്ങുന്ന വിപുലമായ ഓട്ടോമൊബൈൽ വിപണിയിലെ ഹൈഡ്രജൻ ഇന്ധന ഉപഭോഗം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി, ഒലയോ, ഊബറോ പോലുള്ള ക്യാബ് അഗ്രഗേറ്ററുകളുമായി റിലയൻസ് പങ്കാളിത്തം പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് ഗ്രീൻ ഹൈഡ്രജൻ.
അംബാനിയുടെ ഹൈഡ്രജൻ സ്വപ്നങ്ങൾ
2025ഓടെ ഗ്രേ ഹൈഡ്രജൻ ഉൽപാദനത്തിൽ നിന്ന് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിലേക്ക് മാറുന്നതിനുള്ള പരിശ്രമങ്ങൾ മുൻപേ തന്നെ റിലയൻസ് നടത്തുന്നുണ്ട്. ആഗോളതലത്തിൽ ഗ്രേ ഹൈഡ്രജൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കമ്പനികളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്ത് കുറഞ്ഞ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇലക്ട്രോലൈസറുകൾ നിർമ്മിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ വിലയിരുത്തുകയാണെന്ന് 2022 ആഗസ്റ്റ് അവസാനത്തോടെ നടന്ന റിലയൻസ് വാർഷിക പൊതുയോഗത്തിൽ അംബാനി വ്യക്തമാക്കിയിരുന്നു. 2022 ആഗസ്റ്റ് 15 ന് ജാംനഗറിലെ ബയോ എനർജി ടെക്നോളജി (BET) കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം റിലയൻസ് ഉദ്ഘാടനം ചെയ്തിരുന്നു.
ഹൈഡ്രജനിലോടാൻ അശോക് ലെയ്ലാൻഡ്
ഇലക്ട്രിക് വാഹനങ്ങളിലും പ്രകൃതി വാതകത്തിലും ഫ്ലെക്സിബിൾ ഇന്ധന പ്ലാറ്റ്ഫോമുകളിലും നിക്ഷേപം നടത്താൻ വാണിജ്യ വാഹന നിർമ്മാതാക്കൾ തയ്യാറെടുക്കുന്ന ഈ സമയത്ത്, ഹൈഡ്രജൻ ഇന്ധനങ്ങളിൽ വിശ്വാസമർപ്പിക്കുകയാണ് അശോക് ലെയ്ലാൻഡ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാണിജ്യ ലാഭക്ഷമതയോടെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്കും, ബസുകളും സ്വയം പര്യാപ്തമായ ഹരിത പരിഹാരമായി ഉയർന്നുവരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
2030-ഓടെ 5 ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ഹൈഡ്രജൻ മിഷൻ ഇന്ത്യയെ ഗ്രീൻ ഹൈഡ്രജന്റെ ഉൽപാദനത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഡീകാർബണൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഊർജ്ജ ഇറക്കുമതി ബിൽ 160 ബില്യൺ ഡോളർ കുറയ്ക്കുന്നതിനും ഇന്ത്യയെ സഹായിക്കുന്നതിനാണ് നയം ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Reliance Industries and Ashok Leyland to collaborate. The two entities will work for the development and supply chain of Hydrogen-powered engines. Initially, Leyland will retrofit an existing fleet of 45,000 trucks. RIL use the trucks to ferry refined products and other goods.