ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിൻ വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ റേഞ്ചാണ് പലപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ മാനദണ്ഡമാകുന്നത്. ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ റേഞ്ച് നേടാൻ സഹായിക്കുന്ന 5.2 Ah ലിഥിയം-അയൺ സെല്ലുകൾ നിർമിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയായ Godi India. ലിഥിയം-അയൺ സെല്ലുകൾ തദ്ദേശീയമായി വികസിപ്പിച്ച് വിൽക്കാൻ BIS സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ കമ്പനിയെന്നാണ് ഗോഡി ഇന്ത്യ അവകാശപ്പെടുന്നത്. സിലിക്കൺ ആനോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 275 Wh/kg ഊർജ്ജ സാന്ദ്രതയുള്ള രാജ്യത്തെ ആദ്യത്തെ 5.2 Ah 21700 സിലിണ്ടർ ലിഥിയം-അയൺ സെല്ലുകൾ നിർമ്മിച്ചതായി ഗോഡി ഇന്ത്യ അറിയിച്ചു. വിപണി ആവശ്യകത അനുസരിച്ച് ഇലക്ട്രോഡ് ഘടന തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഗ്രാഫൈറ്റിനെ അപേക്ഷിച്ച് ആനോഡിലെ സിലിക്കൺ ഉപയോഗിച്ച് ഒരു ഇലക്ട്രിക് വാഹനത്തിന് 15-20 ശതമാനം വരെ ഉയർന്ന റേഞ്ച് കൈവരിക്കാൻ കഴിയും. ഇന്ത്യയിലെ മികച്ച ആറ് ഇവി നിർമാണ കമ്പനികൾക്ക് കമ്പനി ഉതിനകം 5.0Ah സെല്ലുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ സമീപഭാവിയിൽ 5.2Ah സെല്ലുകൾ വിതരണം ചെയ്യാൻ പദ്ധതിയിടുന്നു. ഇൻ-ഹൗസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ ഉയർന്ന ഊർജ്ജ സാന്ദ്രത സെല്ലുകൾ ആഭ്യന്തര, അന്തർദേശീയ വിപണിയിൽ ‘മേക്ക് ഇൻ ഇന്ത്യ’ എന്ന നിലയിൽ ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ മഹേഷ് ഗോഡി പറഞ്ഞു.
സെല്ലുകൾ നിർമ്മിക്കുന്നതിനായി ഒരു തദ്ദേശീയ ഗിഗാ ഫാക്ടറി സ്ഥാപിക്കുന്നതിന് തെലങ്കാന, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ അനുയോജ്യമായ സ്ഥലം കമ്പനി അന്വേഷിക്കുന്നുണ്ട്. ചെന്നൈയിലെ തരമണിയിൽ അഡ്വാൻസ്ഡ് സെൽ നിർമ്മാണ കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അടുത്തിടെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്- സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണയിലെത്തിയിരുന്നു. 5.0 – 5.2Ah സെല്ലുകൾക്കായി 100 മെഗാവാട്ട് പൈലറ്റ് നിർമാണ സൗകര്യവും തുടർന്ന് ഉയർന്ന ഡിമാൻഡുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഒരു GWh പ്ലാന്റും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഗോഡി പറഞ്ഞു. നോർവേ, ജർമ്മനി, കാനഡ, യുകെ, യുഎസ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളിലേക്ക് ഇൻഹൗസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിഥിയം അയൺ സെല്ലുകൾ കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു.
Cell manufacturer GODI India begins the production of India’s first 5.2Ah 21700 cylindrical lithium-ion cells. The silicone-based cells have an energy density of 275 Wh/kg. It can store about ten times of energy when compared to the graphite anode.