5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-V ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ആണവായുധം വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലാണ് അഗ്നി-V.


ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ 5500 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലിന് ബെയ്ജിങ്ങ് ഉൾപ്പെടെ ചൈന മുഴുവൻ ലക്ഷ്യമിടാനാകും. റഷ്യയിൽ മോസ്കോയും കെനിയയിൽ നെയ്റോബിയും മിസൈലിന്റെ പരിധിയിൽ വരും. ആവശ്യമെങ്കിൽ അഗ്നി-5 മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം. ചൈനയുമായുള്ള നീണ്ടുനിൽക്കുന്ന അതിർത്തി തർക്കത്തിനിടയിലാണ് ഒഡീഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയത്.
അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പരീക്ഷണമെന്നതാണ് ശ്രദ്ധേയം. ഇത് രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധത്തിന് ഗണ്യമായ ഉത്തേജനം നൽകുന്നതായാണ് പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യ അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം ചൈന ആശങ്ക ഉന്നയിച്ചിരുന്നു.
കലാമിന്റെ ആശയം
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന് (ഐജിഎംഡിപി) കീഴിൽ വികസിപ്പിച്ചെടുത്ത് നിർമ്മിച്ച നൂതന ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി-5. ഇന്റർസെപ്റ്റർ മിസൈലില്ലാതെ തടയാൻ കഴിയാത്ത ഫയർ ആൻഡ് ഫോർഗറ്റ് മിസൈലാണിത്. നീളം 17.5 മീറ്ററും ഭാരം 50,000 KGയുമാണ്. പരമാവധി വേഗത ശബ്ദത്തിന്റെ 24 മടങ്ങാണ്. 1500 കിലോ ആണവായുധ പ്രഹരശേഷിയാണുളളത്.

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാം (IGMDP) ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ആശയത്തിൽ വിരിഞ്ഞതാണ്. മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്നതായിരുന്നു അബ്ദുൾ കലാമിന്റെ ലക്ഷ്യം. പ്രോഗ്രാമിൽ P-A-T-N-A അതായത് പൃഥ്വി, അഗ്നി, ത്രിശൂൽ, നാഗ്, ആകാശ് എന്നീ അഞ്ച് മിസൈലുകൾ ഉണ്ടായിരുന്നു.
സൈനിക ശക്തി വർദ്ധിപ്പിക്കുന്നു
നിലവിലുള്ള വേരിയന്റായ അഗ്നി IV ന് 4,000 കി.മീ ദൂരപരിധിയിൽ ടാർഗെറ്റുകളെ ആക്രമിക്കാൻ കഴിയും. അഗ്നി-III ന് 3,000-കിലോമീറ്റർ ദൂരപരിധിയുണ്ട്. അഗ്നി II-ന് 2,000-കിലോമീറ്റർ വരെ പറക്കാൻ കഴിയും. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യ അതിന്റെ മൊത്തത്തിലുള്ള സൈനിക ശക്തി ക്രമാനുഗതമായി വർധിപ്പിക്കുകയാണ്. ഇക്കാലയളവിൽ നിരവധി മിസൈലുകളുടെ വിജയകരമായ പരീക്ഷണങ്ങളും നടത്തി.

ജൂണിൽ ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി-4 ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നടത്തിയിരുന്നു. മെയ് മാസത്തിൽ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ എക്സ്റ്റൻഡഡ് റേഞ്ച് വേർഷൻ സുഖോയ് യുദ്ധവിമാനത്തിൽ നിന്ന് പരീക്ഷിച്ചു. Su-30MKI വിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈലിന്റെ ആദ്യ വിക്ഷേപണമായിരുന്നു ഇത്. India successfully test-fires nuclear-capable Agni-V ballistic missile