മുറ്റത്ത് കുറച്ച് കാറ്റുണ്ടെങ്കിൽ കറണ്ട് തരാം എന്നാണ് തൃശൂര്കാരനായ ഐപി പോൾ പറയുന്നത്.
പകൽ മാത്രം വൈദ്യുതി ഉൽപാദിപ്പിക്കുന്ന സൗരോർജ്ജത്തേക്കാൾ നമ്മുടെ നാടിന് ഇണങ്ങുന്നത് രാവും പകലും വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടി യന്ത്രമാണെന്ന തിരിച്ചറിവിൽ നിന്നാണ് ആക്സിൽ ഫ്ളക്സ് ടർബൈൻ കാറ്റാടി യന്ത്രത്തിൻറെ നിർമ്മാണത്തിലേക്ക് പോൾ എത്തുന്നത്.
എന്നാൽ നമുക്ക് പരിചയമുള്ള കാറ്റാടിപാടങ്ങളിലെ വലിയ കാറ്റാടി യന്ത്രങ്ങൾക്കും, പോളിന്റെ കാറ്റാടി യന്ത്രത്തിനും ചിലവിലും ടെക്നോളജിയിലും വലിയ വ്യത്യാസങ്ങളുണ്ട്. റേഡിയൽ ഫ്ളക്സ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന വലിയ കാറ്റാടി യന്ത്രങ്ങളുടെ കൂടിയ നിർമ്മാണ ചിലവും, ശക്തമായ കാറ്റുണ്ടെങ്കിലെ ടർബൈൻ കറങ്ങൂ എന്ന വെല്ലുവിളിയുമെല്ലാം മറികടന്നാണ് ഓരോ വീടിന്റെയും മുന്നിൽ വെയ്ക്കാവുന്ന നൂതന കാറ്റാടിയന്ത്രം പോൾ നിർമ്മിച്ചത്. 35കിലോ ഭാരമുള്ള കാറ്റാടിയന്ത്രത്തിന് 25 വർഷം ആയുസ്സുണ്ടാകുമെന്ന് പോൾ പറയുന്നു.
ആക്സിൽ ഫ്ളക്സ് ഉപയോഗിച്ചുള്ള കാറ്റാടി യന്ത്ര നിർമ്മാണം സജീവമല്ലാത്തതിനാൽ യന്ത്രഭാഗങ്ങളെല്ലാം തനിയെ നിർമ്മിക്കേണ്ടി വന്നു. നിർമ്മാണത്തിനായുള്ള സാധനങ്ങൾ കണ്ടെത്താനും, നിർമ്മാണത്തിനുമെല്ലാം വളരെയേറെ വർഷങ്ങളെടുത്തു. പത്തൊൻപത് വർഷമെടുത്തു പോളിന് സ്വയം ഡിസൈൻ ചെയ്ത ഈ കാറ്റാടി യന്ത്രം നിർമ്മിക്കാൻ. കാറ്റാടി യന്ത്രത്തിന്റെ പങ്ക നിർമ്മാണമായിരുന്നു വലിയ വെല്ലുവിളി. ചെറിയ കാറ്റിൽ പോലും അനായാസം തിരിയുന്നതിനായി ഫൈബർ ഉപയോഗിച്ചാണ് പങ്കകൾ നിർമ്മിച്ചത്. ഇതിനെ ജനറേറ്ററുമായി ബന്ധിപ്പിക്കാനും, ഇരുമ്പ് പൈപ്പ് നാട്ടാനുമെല്ലാമായി വെൽഡിംഗ് ഉൾപ്പെടെ പഠിച്ചു. ത്രീ ഫേസ് ആണ് കാറ്റാടി യന്ത്രം ഉൽപാദിപ്പിക്കുന്നത്. റെക്ടിഫയർ ഉപയോഗിച്ച് അത് സിംഗിൾ ഫേസാക്കി ബാറ്ററികളിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്.
മണിക്കൂറിൽ പതിനെട്ട് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയാൽ 500 വാട്സ് വൈദ്യുതിയും, കാറ്റിന്റെ വേഗം 32 കിലോമീറ്ററായാൽ 800 മുതൽ 1000 വാട്സ് വരെ വൈദ്യുതിയും ഉൽപാദിപ്പിക്കാൻ ഈ കാറ്റാടിയന്ത്രത്തിന് സാധിക്കും. വ്യാവസായികാടിസ്ഥാനത്തിൽ കാറ്റാടി യന്ത്രം നിർമ്മിക്കുന്നതിനുള്ള കമ്പനി തുടങ്ങാനുള്ള തയാറെടുപ്പിലാണ് പോൾ. കാറ്റാടി യന്ത്രം വിപണിയിലെത്തുമ്പോൾ ഏകദേശം ഒന്നേകാൽ ലക്ഷം രൂപ വില വരുമെന്ന് പോൾ കണക്കുകൂട്ടുന്നു
ഒരു വീടിനാവശ്യമുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഈ കാറ്റാടി യന്ത്രത്തെക്കുറിച്ചറിഞ്ഞ് ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രതിനിധി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടുണ്ട്. വീടുകളിലേക്ക് കാറ്റാടി യന്ത്രം നിർമ്മിച്ചു നൽകാനുള്ള കരാർ ഏറ്റെടുക്കാനാകുമോ എന്നാണ് അവർ പോളിനോട് അന്വേഷിക്കുന്നത്. സാങ്കേതിക വിദ്യ കൈമാറുമോ എന്ന് മറ്റ് പല വിദേശ ഏജൻസികളും പോളിനോട് ചോദിക്കുന്നുണ്ട്.
തൃശ്ശൂർ ഒല്ലൂർ താലോരിലെ ഇല്ലിക്കൽ വീട്ടുമുറ്റത്ത് കറങ്ങുന്ന കാറ്റാടി യന്ത്രം സുസഥിര ഊർജ്ജ മാർഗ്ഗങ്ങളെക്കുറിച്ചും ബദൽ ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചുമുള്ള ലോകത്തിന്റെ ആകെ അന്വേഷണത്തിന് ഒരു എളിയ മാതൃക കൂടിയാണ്.
IP Paul, a man from Kerala designed homemade wind turbine that can meet household energy needs