ഇന്ത്യ ഒരു വലിയ എക്സ്പോർട്ട് ഇക്കോണമിയായി മാറുമെന്ന് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഈ സ്റ്റാർട്ടപ്പുകളിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്നും പിച്ചൈ പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള ഗൂഗിളിന്രെ നിക്ഷേപമായ 300 മില്യൺ ഡോളറിൽ നാലിലൊന്ന് സ്ത്രീകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിനിടയിൽ രാജ്യം ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഊന്നിപ്പറഞ്ഞ പിച്ചൈ, ഓപ്പണും കണക്ടഡുമായ ഇന്റർനെറ്റ് ഇക്കോസിസ്റ്റം ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് പറഞ്ഞു. ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുകയും പുതിയ ഇന്റർനെറ്റ് സമ്പദ്വ്യവസ്ഥയ്ക്ക് ചുറ്റും ശക്തമായ നിയമ നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാങ്കേതികവിദ്യ വലിയ തോതിൽ ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നുണ്ടെന്നും അതിനാൽ ഉത്തരവാദിത്തമുളളതും സന്തുലിതവുമായ നിയന്ത്രണം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സാങ്കേതിക പുരോഗതിയുടെ വേഗത അസാധാരണമാണെന്ന് പിച്ചൈ അഭിപ്രായപ്പെട്ടു. ഗൂഗിൾ, സ്റ്റാർട്ടപ്പുകളേയും ചെറുകിട ബിസിനസ്സുകളേയും സഹായിക്കുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വലിയ തോതിൽ മെച്ചപ്പെടുകയാണെന്നും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സൈബർ സുരക്ഷയിൽ ഗൂഗിൾ നിക്ഷേപം നടത്തുന്നു, വിദ്യാഭ്യാസവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നു, ആരോഗ്യ സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നടപ്പിലാക്കുന്നു. നൂറിലധികം ഇന്ത്യൻ ഭാഷകളിൽ ടെക്സ്റ്റ്, വോയ്സ് ഇന്റർനെറ്റ് തിരയൽ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും പിച്ചൈ വ്യക്തമാക്കി.