ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യോമയാന മേഖലയിൽ അദാനി ഗ്രൂപ്പ് ക്രമേണ അതിന്റെ സാന്നിധ്യം വർധിപ്പിച്ചു വരികയാണ്. എയർപോർട്ട് സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ അദാനി ഗ്രൂപ്പ് ഒരു കൺസ്യൂമർ ആപ്പ് അവതരിപ്പിച്ചു.

Adani One കമ്പനിയുടെ ഡിജിറ്റൽ യാത്രയിലെ പുതിയൊരു ചുവട് വയ്പ്പാണ്. അദാനി സൂപ്പർ ആപ്പ് ആസൂത്രണം ചെയ്യുന്നുവെന്ന വാർത്തകൾക്കിടയിലാണ് അദാനി വൺ ആപ്പിന്റെ വരവ്. തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകളും ഫീഡ്ബാക്കും ശേഖരിക്കുകയാണ് അദാനി വൺ ലക്ഷ്യമിടുന്നതെന്ന് അദാനി ഗ്രൂപ്പിലെ കൺസ്യൂമർ ബിസിനസ്സ് സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഡിജിറ്റൽ ഓഫീസറുമായ നിതിൻ സേഥി പറഞ്ഞു.
ഇത് “ഒരു സംയോജിത യാത്രാ പ്ലാറ്റ്ഫോം” ആണ്.
അദാനി വൺ, എയർലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും സഹായിക്കും.
എയർപോർട്ടുകളിൽ ലോഞ്ചുകൾ ആക്സസ് ചെയ്യാനും ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾ വാങ്ങാനും ക്യാബുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ നേടാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഡിസ്കൗണ്ടുകളും ഓഫറുകളും ലോയൽറ്റി പ്രോഗ്രാമും ആപ്പ് നൽകും.

രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ എയർപോർട്ട് സേവനങ്ങൾ ബുക്ക് ചെയ്യാൻ കഴിയും. അഹമ്മദാബാദിലെ സർദാർ വല്ലഭായ് ഇന്റർനാഷണൽ എയർപോർട്ട്, ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളം, ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം, ജയ്പൂർ വിമാനത്താവളം, മംഗലാപുരം വിമാനത്താവളം കൂടാതെ തിരുവനന്തപുരം വിമാനത്താവളവും ആപ്പിലുണ്ട്. ഈ ആറ് എയർപോർട്ട് കൂടാതെ, മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളവും അദാനി ഗ്രൂപ്പാണ് പരിപാലിക്കുന്നത്.

നവംബറിൽ അദാനി ഗ്രൂപ്പ് അതിന്റെ എല്ലാ സേവനങ്ങളും സംയോജിപ്പിച്ച് ഒരു “സൂപ്പർ ആപ്പ്” പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു, 3-6 മാസത്തിനുള്ളിൽ ആപ്പ് പുറത്തിറക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി.