The Rise and Fall of Chanda Kochhar
- ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നേടിയ വനിത.
- തന്റെ താരസമ്പന്നമായ കരിയറിൽ ഫോർബ്സ്, ഫോർച്യൂൺ എന്നിവയുടെ കവറുകളിൽ സ്ഥിരമായി ഇടം നേടിയ പ്രമുഖ ബാങ്കർ.
- ഉന്നത ഉദ്യോഗം നേടാനും പഠിച്ചുയരാനും സ്ത്രീകളുടെ റോൾ മോഡലായി മാറിയ ചന്ദയുടെ പതനം ഒരുതരത്തിൽ അവിശ്വസനീയമായ വാർത്തയായിരുന്നു.
- അതിമോഹമാണോ സാഹചര്യങ്ങളുടെ സമ്മർദ്ദമാണോ ചന്ദയെ ചതിച്ചതെന്ന് ഭാവിയിൽ വിശദമായ വിചാരണ വെളിപ്പെടുത്തുമെന്ന് കരുതാം.
- എന്നിരുന്നാലും സങ്കീർണ്ണമായ സാമ്പത്തിക വിഷയങ്ങളിൽ ഒരു ബാങ്കർ പുലർത്തേണ്ട ജാഗ്രത എത്രത്തോളമാണെന്ന് ഈ കേസ് വെളിപ്പെടുത്തുന്നു.
കെ വി കാമത്തിന്റെ പ്രിയങ്കരി
അന്നത്തെ ഗ്രൂപ്പ് ചെയർമാനായിരുന്ന കെ വി കാമത്തിന്റെ പ്രിയങ്കരിയായ ചന്ദ കൊച്ചാർ 1984-ലാണ് ICICI ബാങ്കിൽ മാനേജ്മെന്റ് ട്രെയിനിയായി ചേർന്നത്. 1990കളിൽ റീട്ടെയിൽ ബാങ്കിങ് വിപ്ലവത്തിന് തുടക്കമിട്ട ICICI ബാങ്കിനെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായി മാറ്റുന്നതിൽ ചന്ദ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. 2009-ൽ, ശക്തമായ നേതൃത്വ നിര ഉണ്ടായിരുന്നിട്ടും കാമത്തിന്റെ പിൻഗാമിയായി മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവായും അവർ തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രൂപ്പിൽ തന്നേക്കാൾ സീനിയറായ മുൻ ആക്സിസ് ബാങ്ക് മേധാവി ശിഖ ശർമ്മയുടെ പുറത്താകലിനും ചന്ദയുടെ ഉയർച്ച കാരണമായി. ഉന്നത പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ്, അവർ ബാങ്കിന്റെ മാനേജ്മെന്റിലെ പ്രധാന മെമ്പറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും ആയിരുന്നു.
47-ആം വയസ്സിൽ, അവർ ഏറ്റവും പ്രായം കുറഞ്ഞ സിഇഒയും സെൻട്രൽ ഇന്ത്യൻ ബാങ്കിന്റെ മേധാവിയാകുന്ന ആദ്യ വനിതമേധാവിയുമായി. നിരവധി അവാർഡുകൾ അവർ നേടി.
ഫോർബ്സ് ഇന്റർനാഷണലിന്റെ ‘ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകൾ’ പട്ടികയിൽ തുടർച്ചയായി ഏഴ് വർഷവും ഇടം പിടിച്ചു. ഫോർച്യൂൺ ഇന്ത്യയുടെ ‘ബിസിനസിലെ ഏറ്റവും ശക്തരായ സ്ത്രീകൾ’ പട്ടികയിൽ തുടർച്ചയായി അഞ്ച് വർഷവും അവർ ഇടംനേടി.
ബിസിനസ് രംഗത്തെ നേട്ടങ്ങൾക്ക് യുപിഎ സർക്കാർ 2010ൽ ചന്ദ കൊച്ചാറിന് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു. 2015-ലെ ഒരു ആർബിഐ അവലോകനത്തിൽ, ബാങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു വലിയ ആസ്തി കണ്ടെത്തിയപ്പോൾ, നല്ല റേറ്റിംഗ് ഉള്ള വായ്പക്കാരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ തന്ത്രം ചന്ദ പ്രഖ്യാപിച്ചു. ഇക്കാലയളവിൽ ചന്ദയുടെ പ്രചോദനാത്മകമായ ഉയർച്ചയും നേതൃപാടവവും ഏറെ പ്രശംസിക്കപ്പെട്ടു.
വീഡിയോ കോണുമായി വഴിവിട്ട ബന്ധമോ?
പ്രതിസന്ധിയിലായ വീഡിയോകോൺ ഗ്രൂപ്പുമായുള്ള ചന്ദ കൊച്ചാറിന്റെയും ഭർത്താവ് ദീപക്ക് കൊച്ചാറിന്റെയും സംശയാസ്പദമായ ബന്ധമാണ് അഴിമതിയുടെ കാതലും ചന്ദനയുടെ പതനത്തിന് വഴിമരുന്നുമായത്.
ചന്ദ കൊച്ചാറിന്റെ ഭരണകാലത്ത് വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂതിന്റെ അനുബന്ധ കമ്പനി 2010-ൽ ഭർത്താവ് ദീപക്കിന്റെ NuPower-ൽ 64 കോടി രൂപ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കമ്പനിയുടെ ഉടമസ്ഥാവകാശം പിന്നീട് ദീപക് കൊച്ചാറിന് കൈമാറി. 9 ലക്ഷം രൂപയ്ക്ക് അത് അദ്ദേഹത്തിന്റെ ട്രസ്റ്റിലേക്ക് മാറ്റി. 2012ൽ ഐസിഐസിഐ ബാങ്കിൽ നിന്ന് വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ ലഭിക്കുന്നതിന് ചന്ദാ കൊച്ചാർ അനുമതി നൽകിയത് ഇതിന് പിന്നാലെയാണ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം പറയുന്നു. ബാങ്കിംഗ് നിയമങ്ങൾ, റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ, ഐസിഐസിഐയുടെ സ്വന്തം വായ്പാ നയം എന്നിവയുടെ ലംഘനം ഉൾപ്പെട്ട കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.
കരിയർ അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പടിയിറങ്ങേണ്ട ദുരവസ്ഥ ചന്ദയ്ക്കുണ്ടായത് ഈ പശ്ചാത്തലത്തിലാണ്.
വിസിൽബ്ലോവറുടെ കത്തിൽ തുടക്കം
2016-ലാണ് ഭർത്താവ് ദീപക്കിന്റെ റിന്യൂവബിൾ കമ്പനിയായ ന്യൂപവർ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡിന് ഫണ്ട് നൽകാൻ ചന്ദ കൊച്ചാർ അധികാരവും പണവും ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു അജ്ഞാത വിസിൽബ്ലോവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും കത്തയച്ചതോടെയാണ് തുടക്കം.
പിന്നീട് 2018 മാർച്ചിൽ കത്ത് ഒരു ബ്ലോഗിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും പൊതുജന ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഐസിഐസിഐ ബാങ്ക് തന്നെ വിസിൽ ബ്ലോവറുടെ അവകാശവാദങ്ങൾ നിഷേധിക്കുകയും ചന്ദ കൊച്ചാറിനെ പരസ്യമായി പ്രതിരോധിക്കുകയും ചെയ്തു. എന്നാൽ ബാങ്കിന്റെ പിന്തുണ ലഭിച്ചിട്ടും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. ബാങ്ക് ആദ്യം അവരെ കുറ്റവിമുക്തരാക്കിയെങ്കിലും പിന്നീട് ഒരു റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ബി.എൻ. ശ്രീകൃഷ്ണയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം ആരംഭിക്കുകയും ചന്ദ കൊച്ചാർ അനിശ്ചിതകാല അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സന്ദീപ് ബക്ഷിയെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു. സമിതിയുടെ അന്തിമ റിപ്പോർട്ട് വരും മുമ്പെ ചന്ദ രാജി സന്നദ്ധത പ്രകടിപ്പിച്ചു. 2018 ഒക്ടോബറിൽ അഴിമതി ആരോപണങ്ങളുടെ ചൂടിലും മാധ്യമങ്ങളുടെയും അന്വേഷണ നിരീക്ഷണങ്ങളുടെയും നടുവിലും ചന്ദ കൊച്ചാർ സ്ഥാനമൊഴിഞ്ഞു. കാലാവധി അവസാനിക്കുന്നതിന് ആറ് മാസങ്ങൾ ബാക്കിയുളളപ്പോഴായിരുന്നു പടിയിറക്കം. അവരുടെ രാജി ബാങ്ക് ഉടൻ തന്നെ അംഗീകരിച്ചു.
2019 ജനുവരിയിൽ പുറത്തിറക്കിയ സിബിഐ കുറ്റപത്രത്തിൽ 2009 ജൂൺ മുതൽ 2011 ഒക്ടോബർ വരെയുളള കാലയളവിൽ ചന്ദ കൊച്ചാറിന്റെ കീഴിൽ ബാങ്കിൽ ക്രമക്കേടുകളും തട്ടിപ്പുകളും നടന്നതായി പറയുന്നു. ബാങ്ക് വീഡിയോകോണിന് ഉയർന്ന മൂല്യമുള്ള ആറ് വായ്പകൾ അനുവദിച്ചു. പിന്നീട് അവ നിഷ്ക്രിയ ആസ്തികളാക്കി (NPA) ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രം പറയുന്നു. 2020- ൽ വിഷയം തള്ളിക്കളയണമെന്ന ബോംബെ ഹൈക്കോടതിയിലെ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. 2022 ഡിസംബർ 23 -ന് വീഡിയോകോണുമായി ബന്ധപ്പെട്ട 3,250 കോടി രൂപയുടെ അഴിമതി കേസിൽ ചന്ദയെയും ഭർത്താവ് ദീപക്കിനെയും അറസ്റ്റ് ചെയ്തു.
വിട്ടൊഴിയാതെ വിവാദം
ഐസിഐസിഐ സിഇഒ സ്ഥാനത്ത് നിന്ന് ഒഴിവായിട്ടും ബാങ്കിൽ നിന്നും പ്രാഥമിക പിന്തുണ ഉണ്ടായിരുന്നിട്ടും, ചന്ദ കൊച്ചാറിന് ഒരിക്കലും വീഡിയോകോൺ ഉയർത്തിവിട്ട വിവാദത്തിൽ നിന്ന് സ്വയം മാറാൻ കഴിഞ്ഞിരുന്നില്ല. ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ദീപക് കൊച്ചാർ ആദ്യം പറഞ്ഞത്.
“താത്പര്യ വൈരുദ്ധ്യം എവിടെയാണ്?
ഇന്ത്യയിലെ എല്ലാ മുൻനിര കോർപ്പറേറ്റുകളുമായും ഐസിഐസിഐ ബാങ്കിന് ബന്ധമുണ്ടാകും.
ഐസിഐസിഐയുമായി ഇടപാട് നടത്തുന്ന ഏതെങ്കിലും കോർപ്പറേറ്റുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ അതെങ്ങനെ വിവാദമാകും?
ഞാൻ വിദ്യാസമ്പന്നനായ ഒരു പ്രൊഫഷണലാണ്. എന്റെ ഭാര്യ ഐസിഐസിഐയുടെ സിഇഒ ആയതുകൊണ്ട് മാത്രം ഞാൻ വീട്ടിൽ ഇരിക്കണോ?”, ദീപക് കൊച്ചാർ ഒരു മാധ്യമത്തോട് പ്രതികരിച്ചതിങ്ങനെയാണ്. മുൻ ഐസിഐസിഐ സിഇഒയെയും അവരുടെ ഭർത്താവിനെയും സിബിഐ ഡിസംബർ 24 ന് മുംബൈ പ്രത്യേക കോടതി മുമ്പാകെ വിളിപ്പിച്ചു. വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത്തിനെയും CBI ഡിസംബർ 26ന് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഗൂഢാലോചന, 2019 ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരെയും സിബിഐ പ്രതികളാക്കിയിരുന്നു.
Chanda Kochhar was a familiar face who frequently appeared on the covers of Forbes and Fortune. She is a Padma Bhushan recipient, a pioneer of the nation’s retail banking revolution, a celebrity CEO, and an icon for women. She played a key role in turning ICICI Bank into the largest private sector lender in the nation.