അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ  ഇനി സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടി കളിക്കും. 

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ കരാര്‍. 

പ്രതിവർഷം 1,770 കോടി രൂപ പ്രതിഫലം നൽകിയാണ് അല്‍ നസർ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ അൽ നാസറിൽ 

ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി റൊണാൾഡോ മാറും. 37-കാരനായ താരം 2025 വരെ ടീമില്‍ തുടരുമെന്ന് ക്ലബ്ബ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു. അല്‍ നസറുമായി  രണ്ടര വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ ഒപ്പുവെച്ചത്.
സൗദിയുടെ ഫുട്ബോൾ അംബാസഡറായും അദ്ദേഹം പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2030ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ക്രിസ്റ്റ്യാനോയുടെ വരവ് ഊർജ്ജമേകുമെന്ന് പ്രതീക്ഷിക്കുന്നു.

പടിയിറക്കത്തിന് ശേഷം

ക്ലബ്ബിനും കോച്ചിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിന്റെ പേരിൽ 2022 നവംബറിലാണ് ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡ് വിട്ടത്. പടിയിറക്കത്തിന് ശേഷം, ഫ്രീ ഏജന്റായിട്ടായിരുന്നു അദ്ദേഹം 2022 ഖത്തർ ലോകകപ്പിൽ കളിച്ചത്.
അല്‍ നാസര്‍ ഒമ്പത് സൗദി അറേബ്യന്‍ ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അവസാനത്തേത് 2019ലായിരുന്നു. ക്രിസ്റ്റ്യാനോയുടെ വരവ് വലിയ ആഘോഷമായാണ് ക്ലബ്ബ് ഏറ്റെടുത്തത്. 
ലോകകപ്പില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനൊപ്പമുള്ള സമയത്താണ് യുണൈറ്റഡ് കരാര്‍ അവസാനിപ്പിച്ചത്. ലോകകപ്പില്‍ മോശം പ്രകടനമായിരുന്നു ക്രിസ്റ്റ്യാനോയുടേത്. ഇതേതുടര്‍ന്ന് പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും താരത്തെ പകരക്കാരനാക്കി. ഇത് വലിയ വിവാദത്തിനും വഴിവെച്ചു. ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിായ തോല്‍വിക്കുശേഷം കരഞ്ഞുകൊണ്ടാണ് ക്രിസ്റ്റ്യാനോ കളംവിട്ടത്.

പ്രതിഫലമൊട്ടും കുറവല്ല മുൻപും

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. യുവന്റസില്‍ അദ്ദേഹത്തിന്റെ പ്രതിഫലം 31 മില്യണ്‍ യൂറോ ആയിരുന്നു. യുണൈറ്റഡില്‍ വീണ്ടും ചേരാന്‍ അദ്ദേഹം ശമ്പളം വെട്ടിക്കുറച്ചപ്പോള്‍, അദ്ദേഹത്തിന്റെ അടിസ്ഥാന വാര്‍ഷിക ശമ്പളം 15 ദശലക്ഷത്തിനും 28 മില്യണ്‍ യൂറോയ്ക്കും ഇടയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, അത് അദ്ദേഹത്തെ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാളാക്കിയിരുന്നു.

Share.

Comments are closed.

Exit mobile version