ഇന്ത്യയുടെ കൽവാരി ക്ലാസ് അന്തർവാഹിനികളിൽ അഞ്ചാമത്തേതായ ഐഎൻഎസ് വാഗിർ മുംബൈയിൽ കമ്മീഷൻ ചെയ്തു. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മുംബൈ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ആണ് കൽവാരി ക്ലാസ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്.
ശത്രുക്കളുടെ റഡാറിന് കീഴിൽ വരില്ല എന്നതാണ് ഐഎൻഎസ് വാഗിറിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വയം ഓക്സിജൻ ഉണ്ടാക്കാനുള്ള കഴിവ് ഉള്ളതുകൊണ്ടു തന്നെ അന്തർവാഹിനിയ്ക്ക് 50 ദിവസത്തോളം വെള്ളത്തിൽ നിലനിൽക്കാനാകും. 2022 ഫെബ്രുവരിയിൽ തന്നെ വാഗിർ, ആദ്യ കടൽ യാത്ര പൂർത്തിയാക്കിയിരുന്നു. കടലിനുള്ളിൽ 350 മീറ്റർ വരെ താഴ്ചയിൽ കുഴിബോംബുകൾ സ്ഥാപിക്കാൻ കഴിവുള്ളവയാണ് ഈ മുങ്ങിക്കപ്പലുകൾ. 1973ലാണ് വാഗിർ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്, ഇത് 2001ൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. 24 മാസത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയിൽ ചേരുന്ന മൂന്നാമത്തെ അന്തർവാഹിനിയാണിത്.
വാഗിറിലുണ്ട് ടോപ്പ് സെൻസറുകൾ
ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ആക്രമണകാരിയായ വാഗിർ എന്ന മത്സ്യത്തിന്റെ പേരാണ് അന്തർവാഹിനികൾക്ക് നൽകിയിരിക്കുന്നത്. ഏറ്റവും മികച്ച സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്ന വാഗിറിന്റെ ആയുധ പാക്കേജിൽ മതിയായ വയർ ഗൈഡഡ് ടോർപ്പിഡോകളും, ശത്രുക്കളുടെ വലിയ കപ്പലുകളെപ്പോലും നിർവീര്യമാക്കാൻ ശേഷിയുള്ള ഉപരിതല മിസൈലുകളും ഉൾപ്പെടുന്നുവെന്ന് നാവികസേന അറിയിച്ചു. സ്വയം പ്രതിരോധത്തിനായി, ഇതിന് അത്യാധുനിക ടോർപ്പിഡോ ഡിക്കോയ് സംവിധാനമുണ്ടെന്ന് നാവികസേന വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിലാണ് ഐഎൻഎസ് വാഗിർ കമ്മീഷൻ ചെയ്യുന്നത്. നിരീക്ഷണം, വിവരശേഖരണം തുടങ്ങിയ ദൗത്യങ്ങളെല്ലാം ഈ അന്തർവാഹിനി നിർവ്വഹിക്കും.
India’s fifth Kalvari class submarine INS Vagir has been commissioned.The event took place on January 23, 2023. The submarine was built by the Mazagon Dock Shipbuilders Limited (MDL), Mumbai. It was done in collaboration with Naval Group, France.