നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, ഇക്വിറ്റി പരിവർത്തനത്തെ ചൊല്ലിയുള്ള വോഡഫോൺ ഐഡിയയും, കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് പര്യവസാനം.
സ്പെക്‌ട്രത്തിന്റെ പലിശയുമായി ബന്ധപ്പെട്ട ടെൽകോയുടെ കുടിശ്ശികയും, ക്രമീകരിച്ച മൊത്ത വരുമാനവും (AGR) 16,133 കോടി രൂപ ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കേന്ദ്രം അംഗീകാരം നൽകി.
ഇതോടെ, വോഡഫോണും, കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള ആദിത്യ ബിർള ഗ്രൂപ്പും തമ്മിലുള്ള ടെലികോം സംയുക്ത ഇടപാടിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രം മാറും.
- കേന്ദ്ര സർക്കാരിന് 33 ശതമാനം ഓഹരിയാണ് ഇനി സംയുക്ത പങ്കാളിത്തത്തിൽ ഉണ്ടാകുക.
- വോഡഫോൺ, ഐഡിയ ബോർഡ് ഇടപാടിലെ പലിശ പരിവർത്തനം അവസാനിപ്പിച്ച് 13 മാസങ്ങൾക്ക് ശേഷമാണ് നിലവിൽ സർക്കാരിന്റെ തീരുമാനം വരുന്നത്.
2021 ഒക്ടോബറിൽ കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള ഒരു ടെലികോം പാക്കേജിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയിരുന്നുവെങ്കിലും, ഏതെങ്കിലും ഇക്വിറ്റി പരിവർത്തനം നടക്കുന്നതിന് മുമ്പ് വോഡഫോൺ പ്രൊമോട്ടർമാർ ടെലികോമിലേക്ക് ഫണ്ട് നിക്ഷേപിക്കണമെന്ന് സർക്കാർ അടുത്തിടെ ഒരു നിബന്ധന വെച്ചിരുന്നു.
കുടിശ്ശികകളെല്ലാം വോഡഫോൺ ഐഡിയയുടെ മാറ്റിവെച്ച സ്പെക്‌ട്രം ലേല തവണകളുടെയും, മൊത്ത വരുമാന (AGR) കുടിശ്ശികകളുടെയും പലിശ പേയ്‌മെന്റുകളാണ്. വോഡഫോൺ ഐഡിയയെ പാപ്പരത്തത്തിൽ നിന്ന് രക്ഷിക്കാൻ 2021-ൽ ടെലികോം മേഖലയ്ക്കായി കേന്ദ്രം കൊണ്ടുവന്ന പരിഷ്കാരങ്ങൾക്കും, പിന്തുണാ പാക്കേജിനും അനുസൃതമായി കടം ഇക്വിറ്റിയിലേക്ക് മാറ്റാൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയം കമ്പനിയോട് അറിയിച്ചു.
കരകയറ്റി കേന്ദ്രസർക്കാർ
കഴിഞ്ഞ കുറച്ച് മാസങ്ങളായി മിനിമം പണത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കടം കൊടുക്കുന്നവർക്കുള്ള പലിശ അടവ് വരാനിരിക്കുന്നതും പ്രധാന ടവർ കമ്പനികളായ ഇൻഡസ്, എടിസി എന്നിവയ്ക്കുള്ള കുടിശ്ശികയും തീർപ്പുകൽപ്പിക്കാത്തതുമായ അവസ്ഥയിലാണ് ഓപ്പറേറ്റർ. ഡെറ്റ്-ടു-ഇക്വിറ്റി കൺവേർഷൻ ഓപ്ഷന്റെ സമയപരിധി മാർച്ച് 31-ന് അവസാനിരിക്കെ സർക്കാരിന്റെ തീരുമാനം വന്നത്.
സർക്കാർ ഉത്തരവിനെ പിന്തുടരുന്നതിനാൽ ഇഷ്യൂവിന് ഓഹരി ഉടമകളുടെ അനുമതി ആവശ്യമില്ല. 5G നെറ്റ്‌വർക്കിലെ തീർപ്പാക്കാത്ത കുടിശ്ശികയും, നിക്ഷേപവും തീർക്കാൻ പുതിയ ഫണ്ടിംഗ് സ്വീകരിക്കാനും നിലവിലെ സർക്കാർ തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. വോഡഫോൺ ഐഡിയയിൽ സർക്കാരിന് 33.14 ശതമാനം ഓഹരിയുണ്ടാകും. ഇതോടെ കേന്ദ്രസർക്കാർ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി മാറും.