തദ്ദേശ വകുപ്പിന് ഏറ്റവും നല്ല ബജറ്റ് വിഹിതം നേടികൊടുത്തതിലല്ല മറിച്ചു സംസ്ഥാനത്തെ എങ്ങിനെ മാലിന്യവിമുക്തമാക്കാം എന്ന് കാട്ടികൊടുക്കുന്ന എക്സ്പോ സംഘടിപ്പിച്ചതിനാണു പ്രതിപക്ഷനേതാവ് മന്ത്രിയെ തുറന്നു അഭിനന്ദിച്ചത്.
എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്സ് കേരള 23-ന്റെ ഉദ്ഘാടനചടങ്ങായിരുന്നു വേദി.
കേരളത്തില്‍ ആദ്യമായാണ് മാലിന്യ സംസ്ക്കരണ രംഗത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് അന്തര്‍ദേശീയ എക്സിബിഷനും കോണ്‍ക്ലേവും സംഘടിപ്പിക്കുന്നത്
മാലിന്യ സംസ്കരണ രംഗത്തെ ആധുനികമായ സാങ്കേതികവിദ്യകളെക്കുറിച്ച് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ മനസിലാക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ശുചിത്വ എക്സ്പോ അതിന് സഹായിക്കും. പരിപാടി സംഘടിപ്പിച്ച തദ്ദേശ സ്വയം ഭരണ വകുപ്പിനെയും മന്ത്രി എം ബി രാജേഷിനെയും അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പഞ്ചായത്ത്-മുൻസിപ്പൽ- കോർപറേഷൻ തലത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് നല്ല മാതൃകകൾ സർക്കാർ സൃഷ്ടിക്കണം.
ഈ മാതൃകകൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾക്കും കാണാനും മനസിലാക്കാനും, അവരവരുടെ പ്രദേശത്തെ പ്രത്യേകതകൾക്ക് അനുസരിച്ചുള്ള മാറ്റങ്ങളോടെ നടപ്പിലാക്കാനും കഴിയണം. മാലിന്യം സൃഷ്ടിക്കുന്നത് പരമാവധി കുറയ്ക്കാനും, പുനരുപയോഗ സാധ്യത തേടാനും ശീലിക്കണമെന്നും , മാലിന്യസംസ്ക്കരണത്തില്‍ കക്ഷി രാഷ്ട്രീയമില്ലാതെ നാട് ഒന്നിച്ചു നില്‍ക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടായാല്‍ കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്ന് പ്രതിപക്ഷനേതാവിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു . ഖരമാലിന്യ സംസ്ക്കരണത്തില്‍ നമുക്ക് പുരോഗതിയുണ്ട്. എന്നാല്‍ ശുചിമുറി മാലിന്യം ഉള്‍പ്പെടെയുള്ളവയുടെ സംസ്ക്കരണത്തില്‍ ഏറെ മുന്നോട്ടു പോകാനുണ്ടെന്നും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സമ്പൂര്‍ണ മാലിന്യവിമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, വിജയ മാതൃകകള്‍, പുതിയ ആശയങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനാണ് എക്സിബിഷന് സംഘടിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കോണ്‍ക്ലേവും സംഘടിപ്പിച്ചിരിക്കുന്നത്.