- മാലിന്യത്തിൽ നിന്ന് ഊർജോൽപ്പാദനം
- കേരളത്തിൻ്റെ പ്ലാൻ്റിന് സാങ്കേതികവിദ്യ കൈമാറുമെന്ന് ജപ്പാൻ കമ്പനിയുടെ വാഗ്ദാനം
- കോഴിക്കോട് വരുന്നത് വേയ്സ്റ്റ് ടു എനർജി ട്രീറ്റ്മെന്റ് സംവിധാനം
- സാങ്കേതികസഹായം ഉറപ്പു നൽകി ജപ്പാൻ കമ്പനിയായ ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ്
- കമ്പനി എൻവയോൺമെൻ്റ് ഡയറക്ടർ പിഇ കീച്ചി നഗാത്ത മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
- മാലിന്യത്തിൽ നിന്നും സ്ലാഗ്, കോൺക്രീറ്റ് ബ്ലോക്കുകൾ, ഇന്റർലോക്ക് ടൈലുകൾ മുതലായവ നിർമ്മിക്കാം
മാലിന്യത്തിൽ നിന്ന് ഊർജ്ജം വേർതിരിച്ചെടുക്കാൻ കോഴിക്കോട് പുതുതായി സ്ഥാപിക്കാൻ പോകുന്ന വേയിസ്റ്റ് ടു എനർജി ട്രീറ്റ്മെൻറ് പ്ലാൻറിന് ജപ്പാൻ കമ്പനിയായ ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക സഹായം നൽകും. കമ്പനിയുടെ ഓവർസീസ് ബിസിനസ് ഹെഡും എൻവയോൺമെൻ്റ് ഡയറക്ടറുമായ പിഇ കീച്ചി നഗാത്തയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സഹകരണം വാഗ്ദാനം ചെയ്തത്.
വേയിസ്റ്റ് ടു എനർജി
ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിലായി 350ൽ അധികം മാലിന്യ നിർമ്മാർജ്ജന പാൻ്റുകൾ സ്ഥാപിച്ച പരിചയം ഉള്ള ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതികവിദ്യ, നിർമ്മാണം എന്നീ മേഖലയിലെ സഹകരണമാണ് പദ്ധതിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തിനകം പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരളത്തിലെ ആദ്യത്തെ വേയിസ്റ്റ് ടു എനർജി ട്രീറ്റ്മെൻറ് പ്ലാൻ്റ് ആണ് കോഴിക്കോട് സ്ഥാപിക്കപ്പെടാൻ പോകുന്നത്.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടികാഴ്ച്ചയിൽ ജെഎഫ്ഇ എഞ്ചീനിയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജി കുൽക്കർണ്ണി ,സോൺട്രാ ഇൻഫോടെക്ക് എംഡി രാജ് കുമാർ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ് കാർത്തികേയൻ എന്നിവർ സംബന്ധിച്ചു.
മാലിന്യം സംസ്ക്കരിക്കുന്ന രീതി
1600 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ഉയർന്ന താപനിലയുള്ള മേഖലകളിൽ, മെഡിക്കൽ മാലിന്യങ്ങൾ പോലുള്ള അപകടകരമായ മാലിന്യങ്ങൾ പോലും ജെഎഫ്ഇയുടെ ഗ്യാസിഫിക്കേഷനും, ഉരുകൽ സംവിധാനവും ഉപയോഗിച്ച് സുരക്ഷിതമായി സംസ്കരിക്കാനാകും.
മുനിസിപ്പൽ മാലിന്യങ്ങൾ, വ്യാവസായിക മാലിന്യങ്ങൾ, ചുട്ടുപഴുത്ത ചാരം, കുഴിച്ചെടുത്ത മാലിന്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ തരം മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ജെഎഫ്ഇയുടെ ഗ്യാസിഫിക്കേഷനും, ഉരുകൽ സംവിധാനവും ക്രമീകരിക്കും.
പരമ്പരാഗത ഇൻസിനറേറ്ററുകളിൽ, മാലിന്യത്തിലെ തീ പിടിക്കാത്ത വസ്തുക്കൾ ചുട്ടുപഴുത്ത ചാരത്തിന്റെ രൂപത്തിൽ സംസ്കരിക്കപ്പെടുന്നു.
ജെഎഫ്ഇയുടെ ഗ്യാസിഫിക്കേഷനും, മെൽറ്റിംഗ് ഫർണ്ണസ് സിസ്റ്റവും, ഉയർന്ന ഊഷ്മാവിൽ ജ്വലന വസ്തുക്കളെ ഗ്യാസിഫൈ ചെയ്യുകയും ഇൻകംബസ്റ്റിബിൾസ് ഉരുകുകയും ചെയ്യുന്നു, അങ്ങനെ വിവിധ എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകളിൽ സുരക്ഷിതമായി ഉപയോഗിക്കാവുന്ന സ്ലാഗ് ഉത്പാദിപ്പിക്കുന്നു.
പുനരുപയോഗ സാധ്യത
- നൂതനമായ തുടർച്ചയായ സ്ലാഗ് ടാപ്പിംഗ് സിസ്റ്റം
- സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തനം
- സ്ലാഗ്, ലോഹങ്ങൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗം
ഉയർന്ന നിലവാരമുള്ളതും, സുരക്ഷിതവുമായ, കുറഞ്ഞ ഘനലോഹത്തിന്റെ അംശമുള്ള, സ്ലാഗ് ഉൽപ്പാദിപ്പിക്കുന്നതിന് ഉയർന്ന ഊഷ്മാവിൽ മാലിന്യത്തെ ഉരുക്കുകയാണ് ചെയ്യുക. കോൺക്രീറ്റ് ബ്ലോക്കുകൾ, ഇന്റർലോക്ക് ടൈലുകൾ മുതലായവയ്ക്ക് സ്ലാഗ് ഫലപ്രദമായി ഉപയോഗിക്കാനാകും, കൂടാതെ മിക്കവാറും എല്ലാ ലോഹങ്ങളും ചെമ്പ് ഉൽപന്നങ്ങളായി പുനരുപയോഗിക്കാവുന്നതാണ്. ഇത്, അജൈവ മാലിന്യ ഡിസ്പോസൽ കേന്ദ്രങ്ങളുടെ ആവശ്യകത ഗണ്യമായി കുറയ്ക്കുന്നു.