ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് 20,000 മെട്രിക് ടൺ ഗോതമ്പ് അയയ്ക്കും

അഫ്ഗാനിസ്ഥാന് പുതിയ സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.  20,000 മെട്രിക് ടൺ ഗോതമ്പ് ഇറാനിലെ ചബഹാർ തുറമുഖം വഴി അയയ്ക്കും.

ഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഇന്ത്യ-മധ്യേഷ്യ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണ് യുദ്ധത്തിൽ തകർന്ന രാജ്യത്തെ സ്ഥിതിഗതികൾ വിപുലമായ ചർച്ചയ്ക്ക് വിധേയമാക്കിയത്.

അഫ്ഗാനിസ്ഥാന്റെ മണ്ണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളെ മാനിക്കുന്ന യഥാർത്ഥ രാഷ്ട്രീയ ഘടന കാബൂളിൽ രൂപീകരിക്കാനും യോഗം ആഹ്വാനം ചെയ്തു.

സ്ത്രീകൾക്ക് തുല്യഅവകാശം ഉറപ്പാക്കണം
എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളെ മാനിക്കുകയും സ്ത്രീകൾ, പെൺകുട്ടികൾ, ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവർക്ക് വിദ്യാഭ്യാസ പ്രവേശനം ഉൾപ്പെടെയുള്ള തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന  രാഷ്ട്രീയ ഘടന രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് യോഗം ഊന്നൽ നൽകിയതായി സംയുക്ത പ്രസ്താവന പറയുന്നു.

  • ഡിസംബറിൽ, അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്റെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ രംഗത്തു വന്നിരുന്നു.
  • തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയുടെ പ്രാദേശിക ഭീഷണികളും ഈ ഭീഷണികളെ നേരിടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.
  • തീവ്രവാദത്തിന് സഹായം നൽകരുത്
  • അഫ്ഗാനിസ്ഥാന്റെ പ്രദേശം ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഭയം നൽകുന്നതിനോ പരിശീലനത്തിനോ ആസൂത്രണം ചെയ്യുന്നതിനോ ധനസഹായം നൽകുന്നതിനോ ഉപയോഗിക്കരുതെന്ന് രാജ്യങ്ങൾ ഊന്നിപ്പറഞ്ഞു. ആതിഥേയരായ ഇന്ത്യയെ കൂടാതെ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈംസ് (UNODC), യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (UNWFP) എന്നിവയുടെ  പ്രതിനിധികളും പങ്കെടുത്തിരുന്നു.

2021 ഓഗസ്റ്റിൽ കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷം, കടുത്ത ഭക്ഷ്യപ്രതിസന്ധിയിൽ ഉഴലുന്ന അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യ 50,000 മെട്രിക് ടൺ ഗോതമ്പ് സഹായം പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, പാകിസ്ഥാൻ വഴിയുള്ള കരമാർഗം ഉപയോഗിച്ച് ചരക്കുകൾ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമായിരുന്നു ഇസ്‌ലാമാബാദ് ചരക്കുകൾക്ക് ഗതാഗത സൗകര്യം അനുവദിച്ചത്.

താലിബാനെ അംഗീകരിക്കില്ല, മനുഷ്യത്വം കാണിക്കും
ഇന്ത്യ ഇതുവരെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. കൂടാതെ കാബൂളിൽ യഥാർത്ഥത്തിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെന്റ് രൂപീകരിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം.  കൂടാതെ അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനും എതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഇന്ത്യ ശഠിക്കുന്നു.  കഴിഞ്ഞ വർഷം ജൂണിൽ, എംബസിയിൽ ഒരു “ടെക്നിക്കൽ ടീമിനെ” വിന്യസിച്ചുകൊണ്ട് ഇന്ത്യ കാബൂളിൽ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിച്ചിരുന്നു.  2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് എംബസിയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു.

Central Government has announced fresh aid to Afghanistan. 20,000 MT of wheat will be shipped through Iran’s Chabahar port.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version