പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെന്റ് (PM E-DRIVE) പദ്ധതി പ്രകാരം 10,900 ഇലക്ട്രിക് ബസുകൾ നിർമിക്കാനുള്ള ടെൻഡറിൽ ഏറ്റവുമധികം കരാർ സ്വന്തമാക്കി ഹരിയാന ആസ്ഥാനമായുള്ള പിഎംഐ ഇലക്ട്രോ മൊബിലിറ്റി (PMI Electro). വൻകിട നഗരങ്ങളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരാറിലാണ് കമ്പനിയുടെ നേട്ടം. ലേലത്തിനായി സമർപ്പിച്ച 10,900 ഇലക്ട്രിക് ബസുകളിൽ 5,210 ബസുകൾക്കുള്ള ഓർഡറുകളാണ് പിഎംഐ നേടിയത്.

പിന്നക്കിൾ ഇൻഡസ്ട്രീസിന്റെ (Pinnacle Industries) അനുബന്ധ സ്ഥാപനമായ ഇകെഎ മൊബിലിറ്റിയാണ് (EKA Mobility) ഏറ്റവും കൂടുതൽ ബസ്സുകൾക്കുള്ള ഓർഡർ നേടിയ രണ്ടാമത്തെ കമ്പനി. 3,485 ബസ്സുകൾക്കുള്ള ഓർഡറാണ് ഇകെഎ നേടിയത്. ഒലെക്ട്ര 1,785 ഓർഡറുകൾ സ്വന്തമാക്കിയപ്പോൾ, ബാക്കി 420 ബസ്സുകളുടെ ഓർഡർ ആന്റണി ട്രാവൽസ് കൺസോർഷ്യമാണ് നേടിയത്. ബസ് നിർമാണ രംഗത്തെ അതികായരായ ടാറ്റ മോട്ടോഴ്സ് അടക്കമുള്ള കമ്പനികൾ നേരത്തെ കരാറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ടാറ്റ മോട്ടോഴ്‌സ്, വിഇ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, ജെബിഎം ഓട്ടോ തുടങ്ങിയ പ്രമുഖ ബസ് നിർമാതാക്കൾക്ക് ടെൻഡറിൽ ഒരു ഓർഡറും നേടാനായില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, അശോക് ലെയ്‌ലാൻഡ് വിജയകരമായി ബിഡ് സമർപ്പിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റി വഴി, കമ്പനി ഈ തീരുമാനത്തെ ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാറിന്റെ കൺവേർജൻസ് എനർജി സർവീസസ് ലിമിറ്റഡിനായിരുന്നു ഡൽഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് വാങ്ങുന്ന ഇലക്ട്രിക് ബസ്സുകളുടെ ടെൻഡർ ചുമതല. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ബസ്സുകൾ നിർമിച്ചുനൽകാൻ തയാറുള്ളവർക്കാണ് സർക്കാർ കരാർ നൽകുകയെന്ന് വ്യക്തമാക്കിയിരുന്നു. ബസ്സുകളുടെ എണ്ണം കൂടുതലായതിനാൽ ഒന്നിലധികം കമ്പനികൾക്ക് കരാർ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തേ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. 2070 ഓടെ കാർബൺ മലിനീകരണ രഹിത രാജ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുഗതാഗത സംവിധാനം പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്. ടെൻഡർ പ്രകാരമുള്ള ബസുകളുടെ വിതരണം പൂർത്തിയാകാൻ മൂന്ന് വർഷത്തോളമെടുക്കും.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version