വിയറ്റ്‌നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബ്രഹ്മോസ് മിസൈൽ കരാറുകൾ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിർമിച്ചത്. ഇരുരാജ്യങ്ങൾക്കും മിസൈൽ കൈമാറാൻ ഇന്ത്യ–റഷ്യ സർക്കാരുകളുടെ അനുമതി നടപടികൾ പുരോഗമിച്ചതോടെയാണ് കരാർ യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്. 4000 കോടി രൂപയുടെ കരാറാണിതെന്നാണ് റിപ്പോർട്ട്. ഡിസംബർ ആദ്യവാരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയിൽ റഷ്യ ഇക്കാര്യത്തിൽ ഉറപ്പു നൽകിയിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അനുമതി ഉടനടി ലഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

ദക്ഷിണ ചൈനാ കടലിൽ സാമ്പത്തികവും സൈനികവുമായ പ്രതിസന്ധികൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിയറ്റ്നാമും ഇൻഡോനേഷ്യയും ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനൊരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്. തർക്കം തുടരുന്നതിനിടെ തീര സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്നതെന്നാണ് വിലയിരുത്തൽ. ആസിയാൻ രാജ്യങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലയ്ക്ക് ഇന്ത്യയുടെ വളർച്ചയ്ക്ക് ബ്രഹ്മോസ് ഇടപാട് സഹായിക്കും.
ശബ്‌ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മികച്ച സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ബ്രഹ്മോസിന്റെ 290 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള പതിപ്പുകളാകും വിയറ്റ്നാമിനും ഇൻഡോനേഷ്യയ്ക്കും നൽകുക. നേരത്തെ, ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീൻസ് മാറിയിരുന്നു. തുടർന്ന് ഓപ്പറേഷൻ സിന്ദൂറിലും ബ്രഹ്മോസ് ഉപയോഗിച്ചു. ഇതിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങളും മിസൈൽ വാങ്ങാനെത്തുന്നത്.