- സോഹോ (ZOHO) പോലെ ഒരു SELF FUNDED യൂണികോണിന്റെ കോഫൗണ്ടർ!
- 50 കളിൽ ഒരു സന്യാസ തുല്യമായ ജീവിതമാണ് താങ്കൾ നയിക്കുന്നത്.
- ദശലക്ഷക്കണക്കിന് യുവാക്കൾക്ക് താങ്കളൊരു പ്രചോദനമാണ്.
എന്താണ് താങ്കളെ ഇത്രയും ലാളിത്യമുളളയാളാക്കുന്നത്?
ശ്രീധർ വെമ്പു: ഞാൻ എപ്പോഴും ജീവിക്കുന്നത് ഞാൻ വളർന്നുവന്ന രീതിയിൽ തന്നെയാണ്. എന്റെ മാതാപിതാക്കളും ജീവിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഇപ്പോൾ ഞാൻ സ്വയം ഒരു മാറ്റത്തിന് തയ്യാറായാൽ അതൊരു മാറ്റമായിരിക്കും. എന്നാൽ എന്റെ മാതാപിതാക്കൾ ജീവിക്കുന്ന അതേ ജീവിതരീതി തന്നെയാണ് ഞാനും പിന്തുടരുന്നത്. ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നത്. നിങ്ങൾ സൂചിപ്പിച്ചത് പോലെ സന്യാസി എന്നൊക്കെ പറയാനാകുമോ, അറിയില്ല. ഈ ജീവിതത്തിൽ ഞാൻ തൃപ്തനാണ്. എനിക്ക് ആവശ്യത്തിന് ഭക്ഷണം ഉണ്ട്, ആവശ്യത്തിന് വസ്ത്രം ഉണ്ട്, ഇഷ്ടമുളളിടത്തൊക്കെ പോകുന്നു, ഗ്രാമപ്രദേശങ്ങളിൽ പോകുന്നത് അതുകൊണ്ടാണ്, ആ യാത്രകളെ ഞാൻ ഇഷ്ടപ്പെടുന്നു. ചിന്തിക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനുമുളള സ്വാതന്ത്ര്യം ഞാൻ ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ച് മറ്റെന്തിനെക്കാളും വലുത് അത് തന്നെയാണ്. എനിക്ക് ലക്ഷ്വറി എന്നാൽ ചിന്തിക്കാനും കണ്ടെത്താനും ടെക്നോളജി ക്രിയേറ്റ് ചെയ്യാനുമുളള സ്വാതന്ത്ര്യം തന്നെയാണ്. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
താങ്കളുടെ ടെക്നോളജി കൂടുതൽ ഗ്രാമ കേന്ദ്രീകൃതമാണ്. തെങ്കാശി പോലെ തമിഴ്നാടിന്റെ ഗ്രാമമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റൂറൽ സെക്ടർ എംപവർമെന്റാണ് താങ്കൾ കൂടുതലായി ലക്ഷ്യമിടുന്നത്.
എന്താണ് അതിന് പിന്നിലുളള ലക്ഷ്യം?
ഗ്രാമീണ മേഖലയിൽ നിന്നും പ്രതിഭാശാലികളായ നിരവധി പേർ നഗരത്തിലേക്ക് പറിച്ചു നടുന്നത് ഒരു ട്രെൻഡായിരുന്നു. എന്തുകൊണ്ട് ഇത് തിരിച്ചായിക്കൂടാ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. ഗ്രാമീണ മേഖലയിൽ നഗര സൗകര്യങ്ങൾ ഒരുക്കുന്ന PURA പ്രോജക്ടിനെക്കുറിച്ച് മുൻ പ്രസിഡന്റ് ഡോ. എപിജെ അബ്ദുൾ കലാം സർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഗ്രാമീണ മേഖലയെക്കുറിച്ച് ഒരു വിഷൻ ഉണ്ടായിരുന്നു. ഇത് സാധ്യമാണെന്ന് എനിക്കും തോന്നി. ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് (research and development, R&D) നൂറുകണക്കിന് സ്ഥലവും വലിയ മനുഷ്യശേഷിയുമൊന്നും വേണ്ട.
ചെറിയ വിഭവശേഷിയിലും ചെയ്യാം. വെറും ഇരുപത് ആളുകൾക്ക് പോലും റിസർച്ച് ആന്റ് ഡെവലപ്മെന്റിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. നൈപുണി ഉറപ്പിച്ചും, ആവശ്യമുള്ള സാഹചര്യങ്ങൾ ഒരുക്കിയും ഗവേഷണ വികസന പ്രവർത്തനങ്ങൾ ചെയ്യാം. അതാണ് ഞങ്ങൾ തെങ്കാശിയിലെ ഗ്രാമങ്ങളിൽ ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഇന്ത്യ ബാഹ്യമായും ആന്തരികമായും മികച്ച വളർച്ച നേടി. താങ്കളുടെ കാഴ്ചപ്പാടിൽ അടുത്തതായി ടെക്നോളജിയിൽ ഇന്ത്യയെ കാത്തിരിക്കുന്ന വലിയ വികസനം എന്തായിരിക്കും?
ശ്രീധർ വെമ്പു: ഇന്ത്യയുടെ നിലവിലെ വെല്ലുവിളി എന്തെന്നാൽ, നാം നമ്മുടെ R&D ഇൻവെസ്റ്റ്മെന്റ് വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. നമുക്ക് ആശ്രയിക്കാൻ പറ്റുന്ന നിരവധി ടെക്നോളജി ഇപ്പോഴുണ്ട്. എന്നാൽ നമ്മൾ പ്രൊഡക്ഷൻ വാല്യു ചെയിന്റെ ഭാഗമാകണം. അത് അനിവാര്യമാണ്. കാരണം ടെക്നോളജിയുടെ ഉപയോക്താക്കളായി മാത്രം നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ആ വാല്യു സിസ്റ്റത്തിന്റെ ഭാഗമാകാൻ നമുക്ക് കഴിയണം. അത് വളരെ വ്യകതതയുള്ള ഒരു ലക്ഷ്യമാണ്.
ഇത് തീർച്ചയായും ദേശീയതലത്തിൽ നമ്മുടെ ലക്ഷ്യമായിരിക്കണം. ഗവൺമെന്റും ഇൻഡസ്ട്രിയും പൊതുസമൂഹവുമെല്ലാം ഇതിനെ കുറിച്ച് ബോധവാൻമാരായിരിക്കണം. ആരാണ് ടെക്നോളജിയെ നിയന്ത്രിക്കുന്നത്? ടെക്നോളജി എങ്ങനെയാണ് ലോകത്തെ നിയന്ത്രിക്കുന്നത്? ഇതെക്കുറിച്ച് നമ്മൾ മനസിലാക്കിയിരിക്കേണ്ടത് നിർണായകമാണ്. കാരണം അത് നമ്മുടെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും പൗരക്ഷേമത്തിനും എല്ലാം അത് അനിവാര്യമാണ്. അതുകൊണ്ട് ടെക്നോളജിയിൽ ഇൻവെസ്റ്റ്മെന്റ് കൂടിയേ തീരൂ. നമ്മുടെ അതിനുള്ള കഴിവും നൈപുണിയും ഉണ്ട്. ഇവിടെ കൊച്ചിയിൽ നമ്മുടെ സ്റ്റാർട്ടപ്പ് സെക്ടറുകളിലെ ടാലന്റ് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
തീർച്ചയായും, എനിക്കറിയാം കേരളത്തിൽ എത്രമാത്രം പ്രതിഭാശാലികളുണ്ടെന്ന്, എന്നിരുന്നാലും ആ ഹാർഡ് വർക്ക് കാണുന്നതും സന്തോഷം പകരുന്നു. കേരളത്തിന്റെ ടാലന്റ് പൂൾ വച്ച് നോക്കിയാൽ GDP പത്ത്മടങ്ങ് വലുതാകണം. അത് നമ്മുടെ രാജ്യത്തിനും അഭിമാനകരമാണ്. അതുകൊണ്ടു തന്നെ നമ്മുടെ സ്റ്റാർട്ടപ്പുകളും കമ്പനികളും നിർണായകമായ മുന്നേറ്റങ്ങളിലൂടെ നമ്മുടെ രാജ്യത്തെ കൂടുതൽ ഉയർത്തേണ്ടത് ആവശ്യമാണ്.
വരുമാനം കൊണ്ട് മാത്രം വൺ ബില്യൺ ഡോളർ എന്ന യൂണികോൺ പദിവിയിലേക്ക് എത്തുക അത്ര എളുപ്പമല്ല.
സുഖകരമായ യാത്രയല്ല അത് എന്ന് അറിയാം. യൂണികോൺ എന്ന നേട്ടത്തിലേക്ക് ZOHO എത്തിയപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
എങ്ങനെയാണ് അതിനെയല്ലാം മറികടന്നത്
പ്രൈമറി ചലഞ്ച് എന്ന് പറയുന്നത് ഈ മത്സരത്തിന്റെ അവസാനം വരെ തുടരുക എന്നതാണ്. ക്ഷമയോടെ ഇരിക്കുക. കാരണം ഈ ലോകം മുഴുവൻ ഒരു ദിശയിൽ ചലിക്കുകയാണ്. പലവഴിക്ക് നമ്മളെ പിടിച്ച് വലിക്കുന്ന സമ്മർദ്ദം ഉണ്ടാകും. ഇപ്പോ സ്റ്റാർട്ടപ്പുകളും ഈ വെല്ലുവിളി നേരിടുന്നവരാണ്. ദീർഘകാല പ്രവർത്തനം കൊണ്ടു മാത്രമേ വലിയ കമ്പനികളെ നിങ്ങൾക്ക് നിർമിക്കാനാകൂ. ZOHO എക്കോസിസ്റ്റത്തെ പരിപോഷിപ്പിക്കുന്ന കമ്പനിയായി മാറിയിട്ടുണ്ട്. കേരളത്തിലായാലും ഇന്ത്യയിൽ എവിടെയായാലും നമുക്ക് ആ പ്രദേശത്തെ മുഴുവൻ ഇക്കോസിസ്റ്റത്തെയും പരിപോഷിപ്പിക്കുന്ന കമ്പനികളാണ് വേണ്ടത്.
അത് നമുക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കോയമ്പത്തൂരും പൂനെയിലും അങ്ങനെ എവിടെയും വേണം. ആ കമ്പനികൾക്ക് ഉറച്ച അടിത്തറയുണ്ടാകണം. ആ പ്രദേശത്ത് ആഴത്തിലുളള വേരുകൾ ഉണ്ടാകണം. അത്തരം കമ്പനികളുടെ സാന്നിധ്യവും അവർ സൃഷ്ടിക്കുന്ന ടാലന്റും കൊണ്ട് അവിടുത്തെ ഇക്കോസിസ്റ്റം വികസിക്കും. ആ മോഡലാണ് ഞാൻ പിന്തുടർന്നത്. പക്ഷേ ഇതിലെ വെല്ലുവിളിയെന്നത് അവസാനം വരെ പ്രവർത്തനം തുടരുകയെന്നതാണ്. കാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ച് പോകാൻ പാടില്ല. സ്ഥായിയായി നിൽക്കുക എന്നതാണ് പ്രധാനം. വ്യതിചലിക്കാനുള്ള സമ്മർദ്ദമുണ്ടാകും. ചില സമയത്ത് കമ്പനി വിൽക്കണമെന്ന ചിന്ത പോലുമുണ്ടാകും.അവസാനം വരെ നിലനിൽക്കാൻ കഴിയുന്ന കമ്പനികൾക്ക് വ്യക്തവും ശക്തവുമായ പ്രതിഫലനം ഉണ്ടാക്കാനാകും.
പുതിയ സ്റ്റാർട്ടപ്പ് ഫൗണ്ടർമാർ ഏതെങ്കിലും പ്രത്യേകമായ ഏതെങ്കിലും സെക്ടറിൽ ഫോക്കസ് ചെയ്യേണ്ട ആവശ്യമുണ്ടോ?
ശ്രീധർ വെമ്പു: സെക്ടറിനെക്കാളും നമ്മൾ ഫോക്കസ് ചെയ്യേണ്ടത് ടെക്നോളജിയിലാണ്. നമ്മുടെ ദൈനംദിന ജീവിതത്തെ നയിക്കുന്നത് ടെക്നോളജിയാണ്. രാവിലെ എഴുന്നേറ്റ് പല്ലു തേയ്ക്കുമ്പോൾ ഉപയോഗിക്കുന്ന പേസ്റ്റ്, ഏത് തരം മെഷീനാണ് പേസ്റ്റ് പായ്ക്ക് ചെയ്യുന്നത്?
ഏത് തരം മെഷീനാണ് അത് ഫിൽ ചെയ്യുന്നത് ?
എല്ലാം തന്നെ ടെക്നോളജിയാണ്. ടെക്നോളജിയുടെ കണ്ണുകളിലൂടെ ലോകത്തെ നോക്കികാണുമ്പോൾ ദീർഘകാലത്തേക്കുള്ള ഗവേഷണ വികസന സാങ്കേതിക വിദ്യയിലാണ് നാം ഇൻവെസ്റ്റ് ചെയ്യേണ്ടത്. ഒരു ലോങ് ടേം ഔട്ട്ലുക്ക് ആവശ്യമാണ്. സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ തന്നെ നന്നായി ചെയ്യാൻ കഴിയണം. പ്രതിഭകളെ പരിപോഷിപ്പിക്കുക. പ്രത്യേകിച്ച് അവസരങ്ങൾ ലഭ്യമല്ലാത്ത നമ്മുടെ പൗരൻമാർക്ക് അവസരങ്ങൾ സൃഷ്ടിച്ച് നൽകുക. പലപ്പോഴും പലരും ചോദിക്കാറുണ്ട് എങ്ങനെയാണ് ആളുകൾ നിങ്ങൾക്കൊപ്പം തുടരുന്നതെന്ന്? അതിന് ഒരു മറുപടിയേയുളളൂ, പ്രതിഭകളിൽ നിക്ഷേപിക്കുക, അവരുടെ ടാലന്റ് പരിപോഷിപ്പിക്കുക. ഇന്ത്യയിൽ 833 ജില്ലകളുണ്ട്. എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ ടെക്നോളജി സംബന്ധമായ റിസർച്ച് & ഡവലപ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഇന്നത്തെ നമ്മുടെ ജീവിതത്തിന് ഈ ടെക്നോളജികളെല്ലാം വളരെ പ്രാധാന്യമുളളതാണ്.
സോഹോ ഇപ്പോൾ ഒരു യൂണികോൺ ആണ്? ഇനിയെന്താണ് അടുത്ത ലക്ഷ്യം?
ഞങ്ങളൊരിക്കലും സ്വയം ആ രീതിയിൽ വിശദീകരിക്കാറില്ല. വാല്യുവേഷനിൽ അത്ര പ്രാധാന്യം നോക്കുന്ന ആളുകളുമല്ല. ഞങ്ങൾ ബില്യൺ ഡോളർ സ്കെയിലിലാണ്.
പക്ഷെ ആഗോളതലത്തിൽ ഇൻഡസ്ട്രിയെ നോക്കൂ, മൈക്രോസോഫ്റ്റ് 200 ഡോളർ ബില്യൺ കമ്പനിയാണ്. സെയ്ൽസ്ഫോഴ്സ് 40-35 ബില്യൺ ഡോളറാണ്. അതുകൊണ്ട് ഞങ്ങൾക്കിനിയും ഏറെ ദൂരം പോകാനുണ്ട്. ഞങ്ങൾ വളരെയധികം പുരോഗമിക്കുന്നതായാണ് വിലയിരുത്തുന്നത്. ഇനിയും ഒരു 25 വർഷത്തെ പ്രയത്നം ആവശ്യമാണ്. ഞങ്ങളുടെ ശ്രദ്ധ അതിലാണ്.
“We never explain ourselves as a unicorn. Nor are the people who look so closely at the valuation. We operate on a billion-dollar scale. Nevertheless, if you look at the sector as a whole, Microsoft is a $200 billion firm. Salesforce has a $40–35 billion market value. Thus, there is still a long way to go. We are progressing quite well. It will take an additional 25 years of work. That is what we are concentrating on.” Sridhar Vembu,CEO, Zoho Corp, is talking to Channeliam.com.