6 ഡിജിറ്റ് ഹാൾമാർക്കില്ലാതെ സ്വർണം വിൽക്കുന്നതിനുള്ള ഇന്ത്യയിലെ നിരോധനം യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവരെ ബാധിക്കുമോ?
ആറക്ക കോഡ് ഇല്ലാതെ ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും വിൽപന അടുത്ത മാസം മുതൽ ഇന്ത്യയിൽ നിരോധിക്കപ്പെടും. രാജ്യത്തെ സ്വർണ്ണ ചില്ലറ വ്യാപാരികൾ ഏപ്രിൽ 1 എന്ന സമയപരിധി പാലിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനം ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങുന്നവരെ ബാധിക്കുമോ?. ബാധിക്കില്ല എന്നാണ് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഉയർന്ന നിലവാരമുള്ള സാക്ഷ്യപ്പെടുത്തിയ സ്വർണ്ണത്തിന്റെ ആവശ്യം വർധിക്കുന്നത് ദുബായ് സ്വർണ്ണ, ആഭരണ വിപണിക്ക് പരോക്ഷമായി നേട്ടമാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണം ഉപഭോക്താക്കൾക്ക് എമിറേറ്റ്സിലെ സ്വർണ്ണ വില താരതമ്യേന കൂടുതൽ ആകർഷകമാക്കുമെന്ന് കരുതപ്പെടുന്നു.
ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ഹാൾമാർക്കിംഗ് ദുബായ് സ്വർണ്ണ, ആഭരണ വിപണിയെ നേരിട്ട് സ്വാധീനിച്ചേക്കില്ല, കാരണം ഇത് പ്രത്യേകമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഉള്ള ഒരു വിപണിയാണ്. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. അവിടുത്തെ നിയന്ത്രണങ്ങളിലോ ഡിമാൻഡിലോ ഉണ്ടാകുന്ന ഏതൊരു മാറ്റവും ദുബായ് ഉൾപ്പെടെയുള്ള ആഗോള സ്വർണ്ണ വിപണിയെ പരോക്ഷമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സ്വർണവ്യാപാരത്തിന്റെയും ആഭരണ നിർമാണത്തിന്റെയും പ്രധാന കേന്ദ്രമാണ് ദുബായ്, ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ഈ വിപണിയെ ആശ്രയിക്കുന്നുണ്ട്. ഉയർന്ന നിലവാരമുള്ള സ്വർണ്ണത്തിന്റെ ആവശ്യകതയ്ക്ക് പേരുകേട്ടതാണ് ഇന്ത്യൻ വിപണി. പുതിയ ഹാൾമാർക്കിംഗ് നിയമങ്ങൾ പരിശുദ്ധിയ്ക്കും ആധികാരികതയ്ക്കും സർട്ടിഫൈ ചെയ്ത സ്വർണ്ണത്തിലേക്കു ഡിമാൻഡ് മാറുന്നതിന് കാരണമായേക്കാം. അന്താരാഷ്ട്ര നിലവാരത്തിൽ സാക്ഷ്യപ്പെടുത്തിയ ഉയർന്ന ഗുണമേന്മയുള്ള സ്വർണം വാഗ്ദാനം ചെയ്യുന്നദുബായ് സ്വർണ്ണ വിപണിക്ക് ഇത് ഗുണം ചെയ്യും, Bafleh Jewellers ഡയറക്ടർ ചിരാഗ് വോറ പറഞ്ഞു.
കൂടാതെ, ഇന്ത്യയിലെ പുതിയ ഹാൾമാർക്കിംഗ് നിയമങ്ങൾ സ്വർണ്ണത്തിന്റെ വിലയിൽ വർദ്ധനവിന് കാരണമായേക്കാം. കാരണം ജ്വല്ലറികൾക്ക് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പുതിയ യന്ത്രസാമഗ്രികളിലും പ്രക്രിയകളിലും പണമിറക്കേണ്ടതായി വന്നേക്കാം. ഇത് ഇന്ത്യയിലെ സ്വർണ്ണ ഉൽപ്പന്നങ്ങളുടെ വിലയിൽ നേരിയ വർദ്ധനവിന് കാരണമാകും. ഇത് ദുബായ് സ്വർണ്ണ വിപണിയെ ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമാക്കും. എന്നിരുന്നാലും, മൊത്തത്തിലുള്ള ആഘാതം ആഗോള സ്വർണ വില, വിനിമയ നിരക്കുകൾ, ഉപഭോക്തൃ മുൻഗണനകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും, ചിരാഗ് വോറ പറഞ്ഞു.
ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രാലയം അടുത്തിടെ നടത്തിയ പ്രസ്താവനയിൽ, 2023 ഏപ്രിൽ 1 മുതൽ 6 അക്ക Hallmark Unique Identification Number ( HUID) ഉപയോഗിച്ച് ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളും സ്വർണ്ണത്തിൽ തീർത്ത വസ്തുക്കളും മാത്രമേ വിൽക്കാൻ അനുവദിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു. ഇതുവരെ, HUID ഇല്ലാതെ നാല് മാർക്കുള്ള പഴയ ഹാൾമാർക്ക് ആഭരണങ്ങൾ ആറക്ക HUID മാർക്കുളള ആഭരണങ്ങൾക്ക് ഒപ്പം തന്നെ ജ്വല്ലറികൾക്ക് വിൽക്കാൻ അനുവാദമുണ്ടായിരുന്നു. നാല് മാർക്കുള്ള ആഭരണങ്ങളുടെ സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ജ്വല്ലറികൾക്ക് ഒരു വർഷവും ഒമ്പത് മാസവും അനുവദിച്ചിരുന്നു. എന്നാൽ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ജ്വല്ലറികൾ ഒരേസമയം രണ്ട് തരം ഹാൾമാർക്ക് ആഭരണങ്ങൾ വിൽക്കുന്നത് സാധാരണ ഉപഭോക്താവിന്റെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കും എന്നതിനാലാണ് പുതിയ തീരുമാനമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്ര കാബിനറ്റ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ 2023 മാർച്ച് 3 ന് നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) അവലോകന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് പറയപ്പെടുന്നു.
The sale of gold jewellery and artefacts without a six-digit number, which will be prohibited in India with effect from the next month, may indirectly boost the Dubai gold and jewellery industry by raising demand for high-quality certified gold.