ഓസ്കറിൽ ചരിത്രം സൃഷ്ടിച്ച് SS രാജമൗലിയുടെ RRR-ലെ “നാട്ടു നാട്ടു” എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ പുരസ്കാരം നേടി.
ഒരു ഇന്ത്യൻ സിനിമയിൽ നിന്നും മികച്ച ഗാന വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഗാനമായി “നാട്ടു നാട്ടു” ചരിത്രം സൃഷ്ടിച്ചു. എം എം കീരവാണിയുടെ സംഗീതത്തിൽ ചന്ദ്രബോസിന്റെ രചനയിൽ ലോകത്തെ മുഴുവൻ ആറാടിച്ച “നാട്ടു നാട്ടു” വിനുള്ള മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര അംഗീകാരമാണിത്. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് നേടി. കൂടാതെ ക്രിട്ടിക്സ് ചോയ്സ് അവാർഡിന്റെ 28-ാം പതിപ്പിൽ മികച്ച ഗാനത്തിനുളള പുരസ്കാരവും നേടി.
Rahul Sipligunj, കീരവാണിയുടെ മകൻ Kala Bhairava എന്നിവരാണ് ഗാനം ആലപിച്ചത്. ദേവരാഗവും നീലഗിരിയുമടക്കം മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുളള കീരവാണിയുടെ മാസ്മരിക സംഗീതത്തിനാണ് 95-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ ഡോൾബി തിയേറ്റർ സാക്ഷ്യം വഹിച്ചത്.
2014-ൽ വിരമിക്കൽ പ്രഖ്യാപിച്ച കീരവാണിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചത് രാജമൗലിയുടെ തന്നെ ബാഹുബലിയായിരുന്നു. മഹിഷ്മതി സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ പാട്ടുകളും സിനിമ പോലെ തന്നെ ഇന്ത്യയാകെ തരംഗം തീർത്തിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കഥയായ “RRR” (Rise Roar Revolt), 1920-കളിലെ രണ്ട് ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കൊമരം ഭീം (ജൂനിയർ എൻടിആർ) എന്നിവരുടെ കഥ പറയുന്നു. രാം ചരണും ജൂനിയർ എൻടിആറും തകർത്താടിയ “നാട്ടു നാട്ടു” ചടുലമായ താളത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമായപ്പോൾ പിറന്നു വീണത് മറ്റൊരു ചരിത്രമായിരുന്നു.
ഉക്രെയ്നിലെ കീവിലെ പ്രസിഡൻഷ്യൽ പാലസിന്റെ പുൽത്തകിടിയിലാണ് “നാട്ടു നാട്ടു” ചിത്രീകരിച്ചത്. കോറിയോഗ്രാഫർ പ്രേം രക്ഷിത് പാട്ടിലെ പ്രശസ്തമായ ഹുക്ക് സ്റ്റെപ്പിന്റെ “100-ലധികം വേരിയേഷനുകൾ” കൊണ്ടുവന്നതായി രാജമൗലി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഡാനി ബോയിൽ സംവിധാനം ചെയ്ത 2008-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രമായ “സ്ലംഡോഗ് മില്യണയർ” എന്ന ചിത്രത്തിലെ “ജയ് ഹോ” ആയിരുന്നു മുൻപ് ഓസ്കറിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയത്. മികച്ച ഒറിജിനൽ സ്കോർ, ഒറിജിനൽ സോംഗ് വിഭാഗങ്ങളിൽ അക്കാദമി അവാർഡ് നേടിയ ആദ്യ ഹിന്ദി ഗാനത്തിന് ഈണമിട്ടത് സാക്ഷാൽ എ ആർ റഹ്മാനും വരികളെഴുതിയത് ഗുൽസാറുമായിരുന്നു.
The results are in, and Naatu Naatu has WON the 2023 Oscars! The song made history by becoming the first song from an Indian movie to take home the ‘Best Original Song’ Award.This is the third major international recognition for “Nattu Nattu” written by MM Keeravani and composed by Chandra Bose, the world hit. It won the Golden Globe for Best Original Song.