ലോകബാങ്ക് വൈദഗ്ധ്യം ഉറപ്പാക്കി സംസ്ഥാനത്തു കർശന മാലിന്യ സംസ്കരണ യജ്ഞമെന്നു മു൮ഖ്യമന്ത്രി
“ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യ സംസ്കരണമെന്ന ലക്ഷ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം നമുക്ക് ആരംഭിക്കാം. ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി നമുക്ക് മാറ്റാം”
ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയാണിത്.
- മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത് രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതി. മാര്‍ച്ച് 13 മുതല്‍ മെയ് 31വരെയും സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുക.
- മാലിന്യ സംസ്കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ ഉറപ്പു നൽകി.
- ബ്രഹ്മപുരം തീപിടുത്തത്തിന്റെ പിന്നിലെ കാരണങ്ങളെ കുറിച്ച് പോലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ക്രിമിനൽ അന്വേഷണവും, പ്ലാന്റ് പ്രവർത്തനങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ വിദഗ്ധ സംഘം വിഷയം ശാസ്ത്രീയമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
- മാലിന്യ സംസ്കരണത്തിന് ലോക ബാങ്ക് അന്താരാഷ്ട്ര വൈദഗ്ധ്യം ഉറപ്പാക്കും
- ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്, മാര്‍ച്ച് 21- 23 തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.
അടിയന്തിര മാലിന്യ സംസ്കരണം: സംസ്ഥാനതല കര്‍മ്മപദ്ധതി അടിയന്തിരമായി നടപ്പാക്കും.
ബ്രഹ്മപുരം നൽകുന്ന പാഠം, കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്താകെ മാലിന്യ സംസ്കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ്.. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍ണയിച്ചും സമയബന്ധിതമായി സമഗ്രമായ കര്‍മപദ്ധതി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം കൊടുക്കും.
ഖരദ്രവമാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയമായ സംസ്കരണവും ഇതിന്റെ ഭാഗമായി ഒരുക്കും.
ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. മാലിന്യ സംസ്കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ സ്വീകരിക്കും. മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്കെതിരായി സങ്കുചിത താല്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തിന് ഇനിയും താങ്ങാനാവില്ല. അത്തരം പ്രതിഷേധങ്ങളെ ഇനിയും വകവെച്ചുകൊടുത്തുകൊണ്ട് മുന്നോട്ടു പോകാനാവില്ല.
മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. മാര്‍ച്ച് 13 മുതല്‍ മെയ് 31 വരെയും സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുക. ഉറവിട മാലിന്യസംസ്കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, ഹരിതകര്‍മ സേനയുടെ സമ്പൂര്‍ണ വിന്യാസം, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നിവ ഈ കര്‍മ്മപദ്ധതിയുടെ പ്രധാന ഉള്ളടക്കമാണ്.
ഗാര്‍ഹിക ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കും. തദ്ദേശ സ്ഥാപന , ജില്ലാ, സംസ്ഥാന തലങ്ങളില്‍ വാര് റൂമുകള്‍ സജ്ജീകരിക്കും, ജില്ലാതലത്തില്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളും വിജിലന്‍സ് സ്ക്വാഡുകളും രൂപീകരിക്കും. കര്‍മ്മ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ സോഷ്യല്‍ ഓഡിറ്റും നടത്തും. ഇനിയും മെല്ലെപ്പോക്ക് ഇക്കാര്യങ്ങളില്‍ തുടരനാവില്ല. ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും.
ബ്രഹ്മപുരത്തിൽ നടപടികള്‍
ബ്രഹ്മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും.
ബ്രഹ്മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതാണ്. ടേംസ് ഓഫ് റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ ഈ സംഘം അന്വേഷണം നടത്തും.
ദുരന്തനിവാരണ നിയമത്തിന്റെ പ്രയോഗം
ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ തീ അണയ്ക്കുവാനും നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ദുരന്ത നിവാരണ നിയമത്തിലെ 24 (ഇ) വകുപ്പ് പ്രകാരം എംപവേഡ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിനും അതിനായി തയാറാക്കിയിട്ടുള്ള സമഗ്ര കര്‍മ്മ പരിപാടി സമയബന്ധിതമായി നടപ്പിലാക്കാനും തടസങ്ങള്‍ നീക്കം ചെയ്യാനും ദുരന്തനിവാരണ നിയമത്തിലെ 24 (എല്‍) വകുപ്പ് പ്രകാരം സര്‍ക്കാര്‍ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതാണ്.
കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും. ഇതിനു പുറമെ തദ്ദേശസ്വയംഭരണ, വ്യവസായ മന്ത്രിമാര്‍ എല്ലാ ആഴ്ചയിലും അവലോകനം നടത്തും.
ബ്രഹ്മപുരത്ത് ആരോഗ്യ പഠനം നടത്തും; മുഖ്യമന്ത്രി
തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് സമഗ്രമായ ആരോഗ്യ സര്‍വേ ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും നടത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാന്‍ ശാസ്ത്രീയമായ പഠനവും വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തും.
The Chief Minister assured the expertise of the World Bank for strict waste management in the state