ഇനി കൊച്ചിക്കു മോഡലാകട്ടെ ഗുരുവായൂർ, സുന്ദരദേശമാകട്ടെ കൊച്ചി : Dr.TM Thomas Issac
ഒടുവിൽ ബ്രഹ്മപുരത്തിന്റെ തീയണഞ്ഞു. പക്ഷേ എത്ര ഭീകരമായൊരു ശ്മശാന ഭൂമി. ഈ മാലിന്യഭൂമിയെ ഗുരുവായൂരിലെ ശവക്കോട്ട പോലൊരു സുന്ദരദേശമാക്കി മാറ്റാനാകുമോ? ഇതായിരിക്കും മാലിന്യത്തിൽ നിന്നുള്ള കൊച്ചിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. മുൻധനമന്ത്രിയും മാലിന്യ സംസ്കരണത്തിന്റെ പ്രചാരകനുമായ Dr T M തോമസ് ഐസക് കുറിക്കുന്നു.
നമുക്ക് ആയിരക്കണക്കിനു സന്നദ്ധപ്രവർത്തകരെ ജീവനക്കാർക്കൊപ്പം വിന്യസിച്ച്, നിലവിലുള്ള കരിഞ്ഞതും അല്ലാത്തവയുമായ മാലിന്യങ്ങൾ തരം തിരിച്ച് നീക്കം ചെയ്യുകയോ ശാസ്ത്രീയമായി മൂടുകയോ ചെയ്യാം. കൊച്ചി ഉറവിടമാലിന്യ സംസ്കരണത്തിലേക്കു പോകുമ്പോൾ കേന്ദ്രീകൃത വിൻഡ്രോ, അജൈവമാലിന്യം തരംതിരിക്കൽ തുടങ്ങിയ സംവിധാനങ്ങൾക്ക് 115 ഏക്കറിന്റെ നാലിലൊന്നു വിസ്തൃതി മതി. ബാക്കി പ്രദേശത്തിൽ നല്ലൊരു ഭാഗം ജനങ്ങൾക്കു വിശ്രമത്തിനും വിനോദത്തിനുമുള്ള ഒരു ഉദ്യാനമാക്കാം. കടമ്പ്രയാർ തെളിനീരായി ഒഴുകുകയും ചെയ്യും.
ഇത് എങ്ങനെയെന്നു പഠിക്കണമെങ്കിൽ ഗുരുവായൂരിലെ പഴയ ശവക്കോട്ട സന്ദർശിക്കുക. മന്ത്രി എം.ബി. രാജേഷ് തന്നെ വിസ്മയത്തോടെ കണ്ടതാണല്ലോ ശവക്കോട്ടയ്ക്കുവന്ന രൂപാന്തരം. അദ്ദേഹത്തിന്റെ വാക്കുകളിൽ മാലിന്യമുക്ത ഗുരുവായൂർ ഇതാണ് :
ഗുരുവായൂരിലും മറ്റുമെത്തുന്ന തീർഥാടകർക്ക് ഇടത്താവളമായി ഉപയോഗിക്കാനുള്ള സൗകര്യങ്ങളോടുകൂടിയ മനോഹരമായ ഒരു ടേക്ക് എ ബ്രേക്ക് പണികഴിപ്പിച്ചു. അതിനോട് ചേർന്ന് ഹരിതകർമസേന ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ സംഭരിക്കാനും തരംതിരിക്കാനുമുള്ള, 4000 ചത്രുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും നിർമാണം പൂർത്തിയാക്കി. ഇവിടെ ആധുനിക സാങ്കേതിക സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ ആകർഷണം, അതിമനോഹരമായി നിർമിച്ചിട്ടുള്ള ചിൽഡ്രൻസ് പാർക്കാണ്. സായാഹ്നത്തിൽ വൈദ്യുത ദീപാലങ്കാരത്തോടുകൂടി ഈ പൂങ്കാവനം പ്രശോഭിക്കുന്നു. ഒരിക്കൽ പേടിപ്പെടുത്തുന്ന ശവക്കോട്ടയായി നിന്ന സ്ഥലം ഇപ്പോൾ ഗുരുവായൂരിലെത്തുന്ന എല്ലാവരെയും ആകർഷിക്കുന്ന സുന്ദരകേന്ദ്രമായി മാറിയിരിക്കുന്നു.
നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണിത്. വേണമെങ്കിൽ, ചക്ക വേരിലും കായ്ക്കുമെന്ന് ഗുരുവായൂരുകാർ തെളിയിച്ചിരിക്കുന്നു. ഈ ഗുരുവായൂർ മാതൃക കേരളത്തിനാകെ പ്രചോദനമാകണം. ഇതിനു പുറമെ ഒരു ദ്രവമാലിന്യ സംസ്കരണ പ്ലാന്റും ഗുരുവായൂർ നഗരസഭയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെ തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത എതിർപ്പുകൾ ചിലയിടത്തെങ്കിലും ഉണ്ടാകുമ്പോൾ, ഗുരുവായൂരിൽ ജനങ്ങളുടെ പൂർണ സഹകരണത്തോടെ നഗരസഭാ പരിധിയിൽ തന്നെ ഇങ്ങനെയൊരു പ്ലാന്റ് പ്രവർത്തിക്കുന്നു.”
എന്തൊക്കെയാണ് ശുചിത്വ ഗുരുവായൂരിന്റെ പാഠങ്ങൾ?
1) ഉറവിടത്തിൽത്തന്നെ മാലിന്യം വേർതിരിക്കണം. ഗുരുവായൂരിലെ ഏറ്റവും വലിയ മാലിന്യ സ്രോതസ്സ് കല്യാണമണ്ഡപങ്ങളാണ്. അവിടങ്ങളിലെ സദ്യയ്ക്കുള്ള ഇലകൾ ജൈവമാലിന്യത്തിൽ നിന്നും വേർതിരിച്ച് ശേഖരിക്കുന്നതിന് ഏർപ്പാടുണ്ട്. ഹരിതകർമ്മസേന അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്നു.
2) മാലിന്യം സൃഷ്ടിക്കുന്നവർക്ക് നഷ്ടോത്തരവാദിത്വമുണ്ട്. കല്യാണമണ്ഡപങ്ങളിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾക്ക് കിലോയ്ക്ക് 10 രൂപയും മറ്റ് ജൈവാവശിഷ്ടങ്ങൾക്ക് 5 രൂപയും നഗരസഭ യൂസർഫീയായി ഈടാക്കുന്നു. ഇതിൽ നിന്നു മാത്രം 1.8 കോടി രൂപ നഗരസഭയ്ക്ക് വരുമാനമായി ലഭിച്ചിട്ടുണ്ട്. ഹരിതകർമ്മസേനയ്ക്ക് വീടുകളിൽ നിന്നും മാസംതോറും യൂസർഫീയുണ്ട്.
3) അനുയോജ്യ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണം. കേന്ദ്രീകൃത വിൻഡ്രോ കമ്പോസ്റ്റിംഗിന് ലീച്ചറ്റ് ഒഴിവാക്കുന്നതിന് ചകിരിച്ചോറ് ഫലപ്രദമായി ഉപയോഗപ്പെടുത്തി. വാഴയില കമ്പോസ്റ്റ് ചെയ്യപ്പെടാൻ ദീർഘനാൾ എടുക്കുമെന്നുള്ളതുകൊണ്ട് അത് ഷ്രഡ്ഡ് ചെയ്യുന്നതിനു പ്രത്യേക ചോപ്പർ യന്ത്രം സംവിധാനം ചെയ്തു.
4) കമ്പോസ്റ്റിന്റെ ഗുണനിലവാരം തുടർച്ചയായി പരിശോധിക്കണം. ആവശ്യമായ മറ്റു പോഷകങ്ങൾകൂടി ചേർത്ത് ഫോട്ടിഫൈ ചെയ്യും. ഗുരുവായൂരിൽ ഇപ്പോൾ കിലോയ്ക്ക് 12 രൂപ നിരക്കിൽ വിൽക്കുന്നു.
5) ഗാർഹിക ജൈവമാലിന്യസംസ്കരണത്തിന് ഉറവിട സംസ്കരണം തന്നെയാണ് ഏറ്റവും നല്ലത്. കേന്ദ്രീകൃത വിൻഡ്രോ കമ്പോസ്റ്റിംഗിനോടൊപ്പം വീടുകളിലെ ജൈവമാലിന്യ സംസ്കരണത്തിനു ബയോഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്റർ, പോട്ട് / പൈപ്പ് കമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിക്കുന്നു. 50 ശതമാനം വീടുകൾ ഉറവിട മാലിന്യസംസ്കരണത്തിലേയ്ക്ക് വന്നുകഴിഞ്ഞു.
6) അജൈവമാലിന്യത്തിന് മെറ്റീരിയൽ കളക്ഷൻ / റിസോഴ്സ് സെന്ററുകൾ അനിവാര്യമാണ്. 500 ഉം 1250 ഉം ചതുരശ്രയടി വിസ്തീർണ്ണമുള്ള രണ്ട് മിനി എംസിഎഫുകളും 500 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു മിനി ആർആർഎഫും 1600 ചതുരശ്രയടി വിസ്തീർണ്ണമുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് എൻഡ് ബെയ്ലിംഗും സ്ഥാപിച്ചിട്ടുണ്ട്.
7) ഹരിതകർമ്മസേനയുടെ ആഭിമുഖ്യത്തിൽ അനുബന്ധ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കണം. ഇവർ അജൈമാലിന്യം യൂസർഫീക്ക് ശേഖരിക്കുക മാത്രമല്ല, ഇത്തരം അനുബന്ധ തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നുണ്ട്. 1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മഴമറയും പോളിഹൗസും ഉണ്ട്.
8) കല്യാണമണ്ഡപങ്ങളിലും മറ്റും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാക്കണം.
9) മാലിന്യസംസ്കരണം സംരംഭങ്ങളായി വളർത്തണം. പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സംരംഭാടിസ്ഥാനത്തിലാണ് നടക്കുന്നത്. സദ്യാലയങ്ങളിലെയും മറ്റും മാലിന്യം ശേഖരിക്കുന്നതിന് ചൈതന്യ, സുദർശന, ശ്രീപത്മ എന്നീ മൂന്ന് സംഘങ്ങളിലായി 19 കുടുംബശ്രീ പ്രവർത്തകരുണ്ട്. വിൻഡ്രോ സംവിധാനത്തിന്റെ മേൽനോട്ടം സേവനദാതാവായ ഐആർറ്റിസിക്കു തന്നെയാണ്. വളം നിർമ്മാണവും വിൽപ്പനയും ഹരിത എന്ന സംരംഭത്തിനാണ്. ഹരിതകർമ്മസേനയും വിവിധ സംരംഭങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുന്നു. 8 കുടുംബശ്രീ പ്രവർത്തകരുടെ ഉജ്ജ്വലയാണ് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന് ഉപകരണങ്ങളും മറ്റും വാടകയ്ക്ക് നൽകുന്നത്. ഇവയിൽ എല്ലാമായി 76 പേർ ഇന്ന് ജോലിയെടുക്കുന്നു.
10) മാലിന്യസംസ്കരണത്തെ ആദായകരമായ ഒരു സംരംഭമായി മാറ്റാനാവും. യൂസർഫീയും മറ്റും മാലിന്യസംസ്കരണച്ചെലവ് കഴിഞ്ഞാൽ നഗരസൗന്ദര്യവൽക്കരണത്തിന് ഉപയോഗപ്പെടുത്താം.
ഗുരുവായൂർ MLA അക്ബറും എം. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റിയും IRTCയിലെ എസ്. മനോജും സന്നദ്ധപ്രവർത്തകരും ഒരു ടീമായി പ്രവർത്തിക്കുന്നു. ശുചിത്വ പരിപാടിയിൽ നിന്നുള്ള ലാഭം മുനിസിപ്പൽ ഫണ്ടിലേക്കു ചേർക്കാതെ ക്ഷേത്രനഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് ഉപയോഗിക്കണമെന്ന നിർദ്ദേശം യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുരുവായൂർ. ഇതോടെ ഗുരുവായൂർ കേരളത്തിലെ ഏറ്റവും സുന്ദര നഗരമായി മാറും.
ഇനി നമുക്ക് വീണ്ടും കൊച്ചിയിലേക്ക് വരാം. മുൻപ് ഞാൻ പറഞ്ഞ ആലപ്പുഴ മോഡൽ ശുചിത്വ സമ്പ്രദായം അനുകരണീയമല്ലേ?
ആലപ്പുഴ ശുചിത്വ സമ്പ്രദായം വിജയമാണെങ്കിലും കൊച്ചി പോലുള്ള ഒരു വൻനഗരത്തിന് അനുയോജ്യമാണോയെന്നാണ് ചിലരുടെ സന്ദേഹം. ഈ സന്ദേഹത്തോട് എനിക്കും യോജിപ്പാണ്. ആലപ്പുഴയിൽപോലും തുമ്പൂർമുഴി എയ്റോബിക് ബിന്നുകളുടെ കപ്പാസിറ്റി അപര്യാപ്തമാണ്. അതുകൊണ്ട് അധികമാലിന്യം സംസ്കരിക്കുന്നതിന് ഒരു കേന്ദ്രീകൃത വിൻഡ്രോ കമ്പോസ്റ്റിംഗ് കേന്ദ്രവുംകൂടി നിർമ്മിക്കുന്നതിനു മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം വിൻഡ്രോ പ്ലാന്റുകളുടെ പ്രവർത്തനം പഠിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ചെയർപേഴ്സൺ സൗമ്യ രാജിന്റെയും വൈസ് ചെയർമാൻ പിഎസ്എം ഹുസൈന്റേയും നേതൃത്വത്തിൽ ആലപ്പുഴ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സന്നദ്ധപ്രവർത്തകരുടെയും രണ്ട് ദിവസത്തെ ശിൽപ്പശാല കിലയിൽ വച്ച് സംഘടിപ്പിച്ചത്. ഇതിന് ഏറ്റവും നല്ല പാഠശാലകൾ കുന്നംകുളം, ഗുരുവായൂർ മുനിസിപ്പാലിറ്റികളാണ്. ശില്പശാലയിലെ ഒരു ദിവസം പൂർണ്ണമായും ഇവിടേയ്ക്കുള്ള സന്ദർശനത്തിനായിരുന്നു.
കുന്നംകുളത്തിന്റെ മികവുകൾ ഇവയാണ്:
- ഏതാണ്ട് എല്ലാ വീടുകളും കടകളും മാലിന്യം വേർതിരിക്കുന്നു.
- ഹരിതകർമ്മസേനയുടെ സേവന ശ്രംഖലയിൽ ഏതാണ്ട് എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിതകർമ്മസേന സംരംഭാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഓരോ അംഗത്തിനും 15000 രൂപയും ആനുകൂല്യങ്ങളും ലഭ്യമാണ്.
- വീടുകളിൽ ജൈലമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുമ്പോൾ കടകളിലേത് സംസ്കരിക്കുന്നതിന് ഒരു ഇടത്തരം വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് ഉണ്ട്. എങ്ങനെ വിൻഡ്രോ പ്ലാന്റ് പ്രവർത്തിപ്പിക്കണം എന്നതിന് മാതൃകയാണിത്.
- ഐആർറ്റിസി വികസിപ്പിച്ച ഇനോക്കുലം ആണ് ഉപയോഗിക്കുന്നത്. മുടക്കമില്ലാതെ ചകിരിച്ചോർ ഇനോക്കുലത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി ഒരു ചകിരിമില്ല് ഹരിതകർമ്മസേന ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നു.
- ചകിരിച്ചോർ-മാലിന്യ കമ്പോസ്റ്റ് ആദായകരമായി വാണിജ്യാടിസ്ഥാനത്തിൽ വിപണം ചെയ്യുന്നു. വീടുകളിലെ കമ്പോസ്റ്റ് 5 രൂപയ്ക്ക് മുനിസിപ്പാലിറ്റി തിരിച്ചുവാങ്ങും എന്ന വാഗ്ദാനം ഉണ്ട്. പക്ഷേ, ആരും തന്നെ ഇപ്പോൾ അതിനു തയ്യാറല്ല. ഒന്നുകിൽ അവർ ഉപയോഗിക്കുന്നു. അല്ലെങ്കിൽ അവർ തന്നെ വിൽക്കുന്നു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഐആർറ്റിസിയാണ് സേവനദാതാവ്. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന മനോജ് ആണ് പരിപാടിയുടെ ജീവാത്മാവ്. ഒന്നാംതരം ശുചിത്വ അധ്യാപകനും കൂടിയാണ് മനോജ്.
കുന്നംകുളം ശുചിത്വ സമ്പ്രദായത്തിന്റെ വിജയത്തിന്റെ ശില്പികളിൽ മറ്റൊരു പ്രമുഖൻ മുൻ മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത്താണ്. അദ്ദേഹം എവിടെയെല്ലാം സെക്രട്ടറിയായിരുന്നിട്ടുണ്ടോ അവിടെയെല്ലാം മാറ്റം ഉണ്ടായിട്ടുണ്ട്. തുടക്കം കൊടുങ്ങല്ലൂരിൽ നിന്നായിരുന്നു. അവിടെ നിന്നാണ് കുന്നംകുളത്തു വന്നത്. ഇപ്പോൾ ചേർത്തലയിലെ ശുചിത്വ പരിപാടിക്കു നേതൃത്വം നൽകുന്നു.
കുന്നംകുളത്ത് എന്നെ ആകർഷിച്ച ഒരു കാര്യം അവിടുത്തെ സോഷ്യൽ എഞ്ചിനീയറിംഗാണ്. എൽഡിഎഫിനാണ് ഭൂരിപക്ഷം. രണ്ടാമത് തൊട്ടടുത്ത് ബിജെപിയും പിന്നെ യുഡിഎഫും. ഇത്തരമൊരു സാഹചര്യത്തിൽ കക്ഷിമത്സരം തീവ്രവായിരിക്കുമല്ലോ. എന്നാൽ ഇവിടെ ശുചിത്വ പരിപാടിയിൽ എല്ലാവരെയും യോജിപ്പിക്കാൻ മുനിസിപ്പൽ നേതൃത്വം പ്രദർശിപ്പിച്ച പാടവം അസൂയാവഹമാണ്.
സമ്പൂർണ്ണ ശുചിത്വ ക്യാമ്പയിന്റെ ആദ്യത്തെ വാർഡ്സഭയുടെ ഉദ്ഘാടനത്തിനു ഞാൻ പോയിരുന്നു. സ്കൂൾ വളപ്പു വിട്ട് പുറത്തിറങ്ങിയപ്പോൾ റോഡിൽ വലിയ പ്രതിഷേധകൂട്ടായ്മ. പരിപാടിയുടെ വിമർശകരായിരുന്നു അവർ. ക്യാമ്പയിൻ എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയോടെയാണ് ഞാൻ മടങ്ങിയത്. എന്നാൽ പ്രഖ്യാപിതലക്ഷ്യം സമയത്തുതന്നെ നേടി കുന്നംകുളം എന്നെ അമ്പരപ്പിച്ചു.
കുന്നംകുളത്തെപ്പോലെ കേന്ദ്രീകൃത വിൻഡ്രോ പ്ലാന്റുകൾ കൊച്ചിയിലും അനിവാര്യമാണ്. പിന്നെ എല്ലാവരെയും കൂട്ടിയോജിപ്പിക്കാനുള്ള സോഷ്യൽ എഞ്ചിനീയറിഗും. അത് ഏതായാലും ചർച്ച ചെയ്യുന്നില്ല. പക്ഷേ, ഒന്നു പറയാം. ഏതാനും വാർഡുകൾ ശുചിത്വം കൈവരിച്ചാൽ മറ്റുള്ളവർക്കു മാറി നിൽക്കാൻ കഴിയില്ല.
കുന്നംകുളത്തിന്റെ അനുഭവ പാഠങ്ങൾ വായിച്ചറിയാൻ താലപര്യമുള്ളവർക്ക് കുന്നംകുളം നഗരസഭ ഇറക്കിയിട്ടുള്ള ഒരു കൈപുസ്തകം ഉണ്ട് – “നല്ല വീട് നല്ല നഗരം”. വീഡിയോ വേണ്ടവർക്ക് ലൂക്കസയൻസ് പോർട്ടലിൽ ലഭ്യമാണ്.(https://luca.co.in/waste-management-kunnamkulam/?fbclid=IwAR1Epcw30HtEwZEZchSEq5L7L83kdWm-OwDDhbP2k2a5MrsvyRko3AXNxtk).
Former finance minister and waste management activist Dr. TM Thomas Isaac notes, ” The existing burnt and non-burnt garbage can be separated using thousands of volunteers and employees, or it can be covered scientifically. A quarter area of 115 acres is sufficient for systems like centralised windrow and sorting of inorganic waste in Kochi source waste management. The remaining space can be used to create a park where people can relax and have fun. Katambarayar will flow like clear water.”