രാഷ്ട്രപതി ദ്രൗപതി മുർമുവിന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ സമ്മാനിച്ച ദ്രോണാചാര്യരുടെ സ്വർണം പൂശിയ പ്രതിമ തയാറാക്കിയത് കൊച്ചിയിലെ ഒരു സംരഭകയാണ്. അതും ഓർഡർ ലഭിച്ചു റെക്കോർഡ് സമയത്തിനുള്ളിൽ. വൺ ഗ്രാം സ്വർണാഭരണങ്ങളുടെയും സ്വർണ വിഗ്രഹങ്ങളുടെയും നിർമാണത്തിലൂടെ പേരെടുത്ത പറക്കാട്ട് ജ്യൂവെൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ കാലടി സ്വദേശിയായ പ്രീതി പ്രകാശ് പറക്കാട്ട് .
ദ്രോണാചാര്യരുടെ വെറുമൊരു വിഗ്രഹമല്ല നാവിക സേനക്ക് പ്രീതി നിർമിച്ചു കൈമാറിയത്. അതിൽ റെസിനുണ്ട്,കോപ്പർ ഉണ്ട് , സ്വർണം പൂശിയിട്ടുണ്ട്, പിന്നെ ടെറാക്കോട്ട കൊണ്ട് മോടി പിടിപ്പിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെയാണ് രാഷ്ട്രപതിയുടെ കൈകളിലിരുന്ന ആ ദ്രോണാചാര്യ വിഗ്രഹത്തിനിത്ര ശോഭ തോന്നിയതും.
15 ദിവസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് പ്രീതി വിഗ്രഹം നിർമിച്ചു നാവിക സേനക്ക് കൈമാറിയത്. നേരത്തെ ചലച്ചിത്ര നടൻ മോഹൻലാൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ച സ്വർണം പൂശിയ ഗുരുവായൂരപ്പന്റെ മരപ്രഭു വിഗ്രഹവും പ്രീതിയുടെ മേൽനോട്ടത്തിൽ നിർമിച്ചതാണ്. അങ്ങനെയാണ് ആ വിഗ്രഹം ശ്രദ്ധയിൽ പെട്ട നാവിക സേനാ ഉദ്യോഗസ്ഥർ ഇങ്ങനൊരു അഭിമാനകരമായ ഓർഡറുമായി പ്രീതിയെ സമീപിച്ചത്.
INS ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളർ സമ്മാനിക്കാനെത്തുന്ന രാഷ്ട്രപതിക്ക് ദ്രോണാചാര്യരുടെ ഒരു വിശേഷപ്പെട്ട പ്രതിമ തന്നെ നൽകണമെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും അന്തിമ അംഗീകാരവും എത്തിയതോടെ പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. 15 ദിവസം കൊണ്ട് വിഗ്രഹത്തിന്റെ നിർമാണം പൂർത്തിയാക്കുകയെന്ന ശ്രമകരമായ ദൗത്യം പക്ഷെ കൃത്യതയോടെ പ്രീതിയും ജീവനക്കാരും ചേർന്നു നിർവഹിച്ചു വിഗ്രഹം നാവിക സേനാ അധികൃതർക്ക് കൈമാറുകയായിരുന്നു.
റെസിൻ എന്ന മിശ്രിതത്തിലാണ് വിഗ്രഹം രൂപകല്പന ചെയ്യുക. പിന്നെയതിൽ കോപ്പർ കോട്ടിങ് നൽകി. എന്നിട്ടതിനു മുകളിലൂടെ മൊത്തത്തിൽ 24 ct സ്വർണം പൂശി. പിന്നെ അലങ്കാരങ്ങളും ആഭരണങ്ങളും ഒഴികെയുള്ള ശരീരഭാഗങ്ങൾ ടെറാക്കോട്ട കൊണ്ട് മോടി പിടിപ്പിച്ചു. അങ്ങനെ അത് ശോഭയാർന്ന ദ്രോണാചാര്യരുടെ വിഗ്രഹമായി. നാവിക സേന സമ്മാനിച്ച ആ വിഗ്രഹം ഇനി രാഷ്ട്രപതിയുടെ ഓഫീസിൽ ഇടം പിടിക്കും.
ഇതേ രീതിയിൽ പ്രീതി രൂപകൽപന ചെയ്യുന്ന ഗണപതി, ആന, മറ്റു വിഗ്രഹങ്ങൾ എന്നിവക്ക് നിരവധി ആവശ്യക്കാരുണ്ട്. രണ്ടുലക്ഷത്തിൽ പരം രൂപയാകും ഇങ്ങനെ സ്വർണം പൂശി തയാറാക്കുന്ന വിഗ്രഹങ്ങൾക്ക്. കാലടിയിലെ ഫാക്ടറിയിലാണ് പ്രീതി വിഗ്രഹങ്ങൾക്ക് മിഴിവേകുന്നത്. 100 ഓളം ജീവനക്കാരുണ്ട് ഇപ്പോൾ പ്രതിമാ നിർമാണത്തിലും, വൺ ഗ്രാം സ്വർണാഭരണ നിർമാണത്തിലും, വിൽപ്പനയിലും പ്രീതിക്കൊപ്പം. ഇവരിൽ ഭൂരിഭാഗവും വനിതാ ജീവനക്കാർ തന്നെയെന്ന് പ്രീതി അഭിമാനത്തോടെ പറയുന്നു.
“ആദ്യം സ്വർണ ജുവല്ലറി ആയിരുന്നു നടത്തിയിരുന്നത് . 2000 ൽ ഒരു എക്സിബിഷനിൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്തു സ്വർണം പൂശിയ ഒരു ഗണപതി വിഗ്രഹത്തിൽ കണ്ണും മനസ്സുമുടക്കി. അങ്ങനെ അതുപോലൊന്നു ചെയ്യുവാൻ തീരുമാനമെടുത്തു. 2001ൽ വൺ ഗ്രാം സ്വർണാഭരണങ്ങൾ വിപണിയിലിറക്കി. പിന്നെ വിഗ്രഹനിര്മാണത്തിൽ ഒരു കൈ പരീക്ഷിക്കാൻ തീരുമാനിച്ചു.
അതിനു ശേഷം റെസിനിൽ കോപ്പർ പാളി കൊണ്ട് പൊതിഞ്ഞു അതിൽ സ്വർണം പൂശുന്ന ടെക്നോളജി പഠിച്ചെടുത്തു വിഗ്രഹ നിർമാണം ആരംഭിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല” പ്രീതി പറയുന്നു .
പരമ്പരാഗത സ്വർണ പണിക്കാരാണ് മികച്ച ഡിസൈനുകളിൽ വിഗ്രഹം തയാറാക്കി നൽകുന്നത്. പിന്നീട് കാലടിയിലെ ഫാക്ടറിയിൽ സ്വർണം പൂശി മോടിപിടിപ്പിക്കുന്നതുൾപ്പെടെ എല്ലാ ജോലികളും സ്വന്തമായി ചെയ്യും.
“വൺ ഗ്രാം ആഭരണ, വിഗ്രഹ നിർമാണവുമായി മുന്നോട്ടു പോകും. ഇപ്പോൾ കേരളത്തിന്റെ മിക്കയിടങ്ങളിലും പറക്കാട്ട് വൺ ഗ്രാം ജുവല്ലറി ഷോറൂമുകളുണ്ട്. ഇനി വില്പന കേരളത്തിന് പുറത്തേക്കു വ്യാപിപ്പിക്കണം. തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിൽ വൺ ഗ്രാം ആഭരണങ്ങൾക്കു നല്ല സ്കോപ്പുണ്ട്. അവിടങ്ങളിലേക്കു ഫ്രാഞ്ചൈസികൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സംരംഭം ഇനിയും വ്യാപിപ്പിക്കണം” ആത്മവിശ്വാസത്തോടെ പ്രീതി പ്രകാശ് പറക്കാട്ട് പറയുന്നു.
The gold-plated statue of Dronacharya that Admiral R. Harikumar, Chief of the Navy, gave to President Draupadi Murmu was made by a local businesswoman in Kochi. That too received the order in record time. Preeti Prakash Palaghat made the statue. She is the owner of Palakkad Jewels, which is famous for manufacturing one gram gold ornaments and gold idols.