സ്കൂൾ കുട്ടികൾക്കായി യുവിക’യംഗ് സയന്റിസ്റ്റ്’ പ്രോഗ്രാം സംഘടിപ്പിക്കാൻ ഇസ്രോ ഒരുങ്ങുന്നു,
ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ പുതിയ പ്രവണതകളിൽ യുവ വിദ്യാർത്ഥികൾക്ക് താല്പര്യം ഉണർത്തുവാനായി “catch them young” പരിശീലന പദ്ധതിയുമായി ഇസ്രോ രംഗത്ത്. വിദ്യാർത്ഥികളിൽ ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പ്രയോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നൽകുന്നതിനായി ‘യുവ വിജ്ഞാനി കാര്യക്രം-യുവിക എന്ന പേരിൽ വാർഷിക പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ ഇസ്‌റോ ഒരുങ്ങുന്നു.
രജിസ്ട്രേഷൻ മാർച്ച് 20 മുതൽ ആരംഭിക്കും കൂടുതൽ വിദ്യാർത്ഥികളെ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) അധിഷ്ഠിത ഗവേഷണം അല്ലെങ്കിൽ ശാസ്ത്ര സാങ്കേതിക കരിയർ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ഈ പരിപാടി . ഓരോ സംസ്ഥാനത്തിൽ നിന്നും പരിപാടിക്കായി സ്കൂളിൽ കുട്ടികളുടെ മിനിമം പങ്കാളിത്തം ഉറപ്പാക്കും.
യുവമനസ്സുകളിൽ ഗവേഷണ താൽപ്പര്യം വളർത്തിയെടുക്കുന്ന പരിപാടിയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കൽ മാനദണ്ഡത്തിൽ മുൻഗണന നൽകുമെന്ന് ഇസ്രോ ഉറപ്പു നൽകിയിട്ടുണ്ട് .
റോക്കറ്റുകളുടെയും റോക്കറ്റ് ഭാഗങ്ങളുടെയും നിർമ്മാണത്തിലും വികസനത്തിലും വൈദഗ്ദ്ധ്യം നേടിയ ഇസ്രോയുടെ ഏഴ് കേന്ദ്രങ്ങളിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപഗ്രഹങ്ങൾക്കുള്ള പേലോഡുകളുടെ വികസനം, റോക്കറ്റുകൾ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം, ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് – ഡെറാഡൂൺ, നോർത്ത്-ഈസ്റ്റ് സ്പേസ് ആപ്ലിക്കേഷൻ സെന്റർ (NE-SAC) ഷില്ലോങ് എന്നിവിടങ്ങളിലാണ് പരിശീലനം. വിദ്യാർത്ഥികളുടെ യാത്രാ ചെലവുകൾ, കോഴ്‌സ് മെറ്റീരിയലുകൾ, താമസം എന്നിവ ഇസ്രോ വഹിക്കും.
യുവിക പ്രോഗ്രാം 2019 ലാണ് ഇസ്രോ തുടങ്ങിയത്. മെയ് 15 മുതൽ 26 വരെ നടക്കുന്ന സ്റ്റുഡന്റ് പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ മാർച്ച് 20 മുതൽ ആരംഭിക്കും, പ്രോഗ്രാമിന് അർഹരായ വിദ്യാർത്ഥികൾക്ക് ഇസ്രോ പോർട്ടൽ (www.isro.gov.in/YUVIKA.html) വഴി അപേക്ഷിക്കാം.
YUVIKA-2023-ൽ പങ്കെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് ഇനിപ്പറയുന്ന പാരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്: 8-ാം ക്ലാസിലോ അവസാനം നടത്തിയ പരീക്ഷയിലോ നേടിയ മാർക്ക്, ഓൺലൈൻ ക്വിസിലെ പ്രകടനം; ശാസ്ത്രമേളകളിൽ പങ്കാളിത്തം; ഒളിമ്പ്യാഡിലോ തത്തുല്യ പരീക്ഷകളിലോ റാങ്ക്; കായിക മത്സരങ്ങളിലെ വിജയികൾ; സ്കൗട്ട്, ഗൈഡ്സ്, കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ എൻസിസി, എൻഎസ്എസ് അംഗങ്ങൾ, ഗ്രാമങ്ങളിലോ ഗ്രാമീണ സ്കൂളുകളിലോ പഠിക്കുന്ന കുട്ടികൾ എന്നീ നിലകളിൽ അർഹതയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.