എറണാകുളം ജില്ലയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ കർശനമായി നടപ്പാക്കാൻ തദ്ദേശ വകുപ്പ്.
സുപ്രധാന തീരുമാനം എറണാകുളം ജില്ലയിലെ മാലിന്യ സംസ്കരണം സുഗമമാക്കാന്‍ ആവിഷ്കരിച്ച കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ച യോഗത്തിൽ. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവിന്റെയും നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നാണ് എറണാകുളത്തെ മാലിന്യമുക്തമാക്കാൻ ഉറച്ച തീരുമാനമെടുത്തത്.
- ഏപ്രിൽ 10നകം ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കും.
- ഫ്ലാറ്റുകൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ, ഹോട്ടൽ, റെസ്റ്റാറന്റ് എന്നിവക്ക് ചട്ടപ്രകാരമുള്ള മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്താൻ നോട്ടീസ്.
- പിന്നാലെ വീടുകളിലും സ്ഥാപനങ്ങളിലും ജനപ്രതിനിധികൾ നേരിട്ടെത്തി ബോധവത്കരണം.
- മാലിന്യ സംസ്കരണ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി.
- മടി കാട്ടുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമം.
- ബ്രഹ്മപുരത്തെ വിൻഡ്രോം കമ്പോസ്റ്റ് പ്ലാന്റ് പുനർനിർമിക്കാൻ നടപടികൾ ആരംഭിച്ചു.
- തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് മാലിന്യമുക്തമായി പ്രഖ്യാപിക്കും.
മാര്‍ച്ച് 25, 26 തീയതികളില്‍ കൊച്ചി കോര്‍പറേഷനിലും ഇതര നഗരസഭകളിലും എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ സാങ്കേതിക പിന്തുണയും ഉപദേശവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കും. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസും നൽകും.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവരുടെ സംഘമാണ് ബോധവൽകരണ പ്രവര്‍ത്തനം നടത്തുന്നത്.
ഇതിനു ശേഷവും മാലിന്യ സംസ്കരണ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങള്‍ വീടുകളിലുണ്ടോ, ഉണ്ടെങ്കില്‍ അവ കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ അപര്യാപ്തമായ തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ ആ കുറവ് നികത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളുടെ (എം.സി.എഫ്) എണ്ണം കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.
ഇനി പിടി വീഴും , എല്ലാവർക്കും നോട്ടീസ്.
തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടി.
ഫ്ലാറ്റുകൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ, ഹോട്ടൽ, റെസ്റ്റാറന്റ് എന്നിവക്ക് ചട്ടപ്രകാരമുള്ള മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്താനുള്ള നോട്ടീസ് നൽകിത്തുടങ്ങി. ചട്ടം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മന്ത്രിമാർ കർശന നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ യഥാസമയം തീരുമാനമെടുക്കാതിരുന്നാൽ കാലതാമസം ഒഴിവാക്കാനായി ദുരന്തനിവാരണ നിയമം അനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എംപവേഡ് കമ്മിറ്റിയോട് നിർദേശിച്ചു.
ബ്രഹ്മപുരത്തെ വിൻഡ്രോം കമ്പോസ്റ്റ് പ്ലാന്റ് പുനർനിർമിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കോർപറേഷൻ അറിയിച്ചു. എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കാനും തീരുമാനിച്ചു.
ഏപ്രിൽ 10നകം സമ്പൂർണ ഉറവിട സംസ്കരണം യാഥാർഥ്യമാക്കും
ഏപ്രില്‍ പത്തിനകം മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മപദ്ധതി ആവിഷ്കരിച്ച് മുന്നോട്ട് പോകുന്നത്. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കും.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാരായ ടി ജെ വിനോദ്, മാത്യു കുഴൽനാടൻ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മേയർ എം അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Local Department to strictly implement waste management systems in all houses and establishments in Ernakulam district.