1515 കോടി, കേരളത്തിൽ 4 Digi – സയന്‍സ് പാര്‍ക്കുകള്‍
ശാസ്ത്ര സംരംഭകരുടെയും, സ്റ്റാർട്ടപ്പുകളുടെയും ശാസ്ത്രജ്ഞരുടെയും ശ്രദ്ധക്ക്. മൂന്നു വർഷം ഒന്ന് കാത്തിരിക്കണം. അതിനു ശേഷം തിരുവനന്തപുരത്തു വിമാനമിറങ്ങിയാൽ തൊട്ടടുത്ത് തന്നെ കണ്ണിലുടക്കും നിങ്ങൾ തേടിയ,ഹാർവാർഡ് സർവകലാശാല മാതൃകയിലുള്ള, സയൻസ് പാർക്ക്. അവിടെ നിന്നും ബൈപാസിലൂടെ യാത്ര ചെയ്തു ടെക്നോപാർക്കിനു മുന്നിലൂടെ ടെക്നോസിറ്റിയിലെത്തിയാൽ അവിടുണ്ടാകും AI സാധ്യതകളിൽ ഗവേഷണ, പഠന വൈദഗ്ധ്യം കൈമുതലായുള്ള ഡിജിറ്റൽ സയൻസ് പാർക്ക്. ഇനി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയാലോ, അല്ലെങ്കിൽ കണ്ണൂരിൽ വിമാനമിറങ്ങിയാലോ അതിനു തൊട്ടടുത്ത് തന്നെയുണ്ടാകും നിങ്ങൾക്കായി രണ്ടു സയൻസ് പാർക്കുകൾ. ഹാർവാർഡ് സർവകലാശാല മാതൃകയിൽ പഠന വിഷയങ്ങളിൽ വ്യാവസായിക മാറ്റത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സംവിധാനമാകും ഇവ രണ്ടും.
ഇതോടെ സംസ്ഥാനത്ത് മറ്റൊരു ഡിജിറ്റൽ- സയൻസ് അന്താരാഷ്ട്ര ഗവേഷണ- വികസന- വ്യാവസായിക സാധ്യതാ രീതി കൂടി നടപ്പാക്കുകയാണ്. 1515 കോടി രൂപയുടെ പദ്ധതിയാണീ 4 പാർക്കുകൾ.
തിരുവനന്തപുരത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റി കാമ്പസിനോട് ചേർന്നുള്ള ടെക്നോസിറ്റിയിലെ 14 ഏക്കർ പാർക്കിലാണ് ഡിജിറ്റൽ പാർക്ക് നിർമിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തന്നെ ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കാണ് ഡിജിറ്റൽ പാർക്കിന്റെ മേൽനോട്ട ചുമതല. മൂന്ന് വർഷത്തിനകം ഇത് പൂർത്തിയാകും. പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വിവിധ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുമുള്ള കൺസൾട്ടൻസി സഹായവും പാർക്ക് സ്ഥാപനങ്ങൾക്ക് നൽകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, മെഡിക്കൽ ഇലക്ട്രോണിക്സ്, മെഡിക്കൽ മെറ്റീരിയലുകൾ, ബയോടെക്നോളജി, ഇലക്ട്രോണിക്സ് ഹാർഡ്വെയർ അനുബന്ധ മേഖലകൾ തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ ഈ സംവിധാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ഡിജിറ്റൽ പാർക്കിൽ തുടക്കത്തിൽ ആകെ 1,50,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് കെട്ടിടങ്ങൾ ഉണ്ടാകും, അഞ്ച് നിലകളിലായി 1,00,000 sq.ft വിസ്തീർണ്ണമുള്ള ആദ്യ കെട്ടിടത്തിൽ ഗവേഷണ ലാബുകളും ഡിജിറ്റൽ ഇൻകുബേറ്ററും ഉൾപ്പെടെയുള്ള മികവിന്റെ കേന്ദ്രങ്ങളും, 50,000 sq.ft ന്റെ രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ്, ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ എന്നിവയും പ്രവർത്തിക്കും.
ഹാർവാർഡ് മാതൃകയിൽ 3 സയൻസ് പാർക്കുകൾ
കിഫ്ബി നൽകുന്ന 600 കോടി ചിലവിൽ സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് 200 കോടി വീതം ചിലവിട്ടു 3 സയൻസ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും.
കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക.
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ (KSCSTE) പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (SPV) തീരുമാനിച്ചു.
സയന്‍സ് പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ഐ.ടി.എല്‍ നെ ചുമതലപ്പെടുത്തി.
കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം സയന്‍സ് പാര്‍ക്കുകളുടെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്സിറ്റികള്‍ യഥാക്രമം കണ്ണൂര്‍, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, കേരള യൂണിവേഴ്സിറ്റികള്‍ ആയിരിക്കും.
ആശയങ്ങളെ ഉൽപന്നങ്ങളാക്കി മാറ്റുന്ന വിവർത്തന ഗവേഷണ കേന്ദ്രങ്ങളായി ഈ സയൻസ് പാർക്കുകൾ പ്രവർത്തിക്കും. അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. അക്കാദമിക് മികവും നിക്ഷേപ അവസരങ്ങളും ഇതിന്റെ സവിശേഷതയാണ്. കേരളത്തിൽ നിരവധി വിജ്ഞാന വ്യവസായങ്ങൾ ആരംഭിക്കുന്നതിനും പാർക്ക് സഹായിക്കും. വിദേശ സർവകലാശാലകളിൽ നിന്നുള്ളവരുൾപ്പെടെ സ്വദേശികളും വിദേശികളുമായ ഗവേഷകർക്ക് ഇവിടെയെത്തി സാങ്കേതിക വിദ്യ മികവുറ്റതാക്കാൻ കഴിയും. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞ ബജറ്റിൽ നാല് സയൻസ് പാർക്കുകൾ പ്രഖ്യാപിച്ചിരുന്നു.
1515 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ വിഹിതമാണ് 200 കോടി രൂപ. ബാക്കിയുള്ള ഫണ്ട് വ്യവസായ പങ്കാളികൾ ഉൾപ്പെടെയുള്ള ഉറവിടങ്ങളിൽ നിന്ന് സമാഹരിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്ര സർക്കാരും വ്യവസായവും സഹകരിക്കും.
ശാസ്ത്ര-സാങ്കേതിക മേഖലയിൽ പുതിയ വ്യാവസായിക അവസരങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളവയാകും തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപം ഡബിൾ ബ്ലോക്ക് സയൻസ് പാർക്കുകളും ഡിജിറ്റൽ സർവ്വകലാശാലയോട് ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കും.
ഓരോ സയൻസ് പാർക്കിനും രണ്ട് ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീർണവുമുണ്ടാകും. മൂന്നു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കും.
ബിസിനസ്, ഗവേഷണ, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള 100 ഉപഭോക്താക്കൾക്ക് പാർക്കുകളിൽ പ്രത്യേക താമസസൗകര്യം ഒരുക്കും .
പ്രായോഗിക ശാസ്ത്ര ഗവേഷണത്തിന്റെ വിവിധ മേഖലകൾക്കായി പാർക്കുകളിൽ വ്യത്യസ്ത കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
ഈ പാർക്കുകൾ സുഗമമാക്കുന്നതിന് 200 കോടി രൂപയുടെ ഉപകരണ സംഭരണ ഫണ്ട് രൂപീകരിക്കും. ഉപകരണങ്ങൾ വാങ്ങുന്നതിന് സ്വകാര്യ വ്യവസായ യൂണിറ്റുകളിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും നിക്ഷേപം തേടും. മൊത്തത്തിലുള്ള സൗകര്യങ്ങൾ സുഗമമാക്കുന്നതിന് ‘കേരള സയൻസ് പാർക്ക്സ് കമ്പനി ലിമിറ്റഡ്’ എന്ന പേരിൽ സിയാൽ മാതൃകയിൽ ഒരു ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയും സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
A plan to establish three science parks close to the airports in Thiruvananthapuram, Kochi, and Kannur has been approved by the State Government. The parks would be set up with an investment of Rs 200 crore each and all of them will have 10 lakh sq ft space.The main associate universities for the parks will be University of Kerala, Cochin University of Science and Technology, and Kannur University. Funds from the Kerala Infrastructure Investment Fund Board are being used to build the parks.