ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അനുദിനം അഭിവൃദ്ധി പ്രാപിക്കുകയാണ്. കിംഗ് ഖാൻ മുതൽ പ്രിയങ്ക ചോപ്ര വരെ… ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ഈ വളർച്ച തിരിച്ചറിഞ്ഞ് അവയിൽ നിക്ഷേപം നടത്തുന്ന സെലിബ്രിറ്റികളും അനവധിയാണ്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായ ദീപിക പദുക്കോണിന് ഇന്ത്യയിലെ എത്ര സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ഉണ്ടെന്നറിയാമോ?
ഫർണിച്ചർ കമ്പനിയായ ഫർലെൻകോ (Furlenco), D2C കോസ്മെറ്റിക് ബ്രാൻഡായ പർപ്പിൾ, ഇലക്ട്രിക് ക്യാബ് ബ്ലൂസ്മാർട്ട്, പ്രമുഖ തൈര് ബ്രാൻഡ് എപ്പിഗാമിയ, ക്രിയേറ്റീവ് ആർട്സ് പ്ലാറ്റ്ഫോം ഫ്രണ്ട് റോ, എയ്റോസ്പേസ് സ്ഥാപനമായ ബെലാട്രിക്സ് എയ്റോസ്പേസ് തുടങ്ങി നിരവധി സംരംഭങ്ങളിൽ ദീപിക നിക്ഷേപം നടത്തിയിട്ടുണ്ട്. സ്കിൻകെയർ ബ്രാൻഡായ 82 ഈസ്റ്റിന്റെ (Eighty-two East) കോ-ഫൗണ്ടർ കൂടിയാണ് ദീപിക. ഇതിന് പുറമേ കെഎ എന്ന പേരിൽ ഒരു നിക്ഷേപ സ്ഥാപനവും ദീപികയ്ക്കുണ്ട്. ക്രിയേറ്റീവ് വസ്ത്രധാരണത്തിന്റെ പേരിൽ അറിയപ്പെടുന്ന ബോളിവുഡ് താരം
രൺവീർസിങ്ങിന് D2C കോസ്മെറ്റിക് ബ്രാൻഡായ ഷുഗർ കോസ്മെറ്റിക്സിൽ നിക്ഷേപമുണ്ട്. 2022ൽ L Catterton’s Asia Fund നേതൃത്വം നൽകിയ ഫണ്ടിംഗ് റൗണ്ടിൽ താരം പങ്കെടുത്തിരുന്നു.
ഡേറ്റിംഗ് ആപ്പായ ബംബിൾ, സോഫ്റ്റ് സ്കില്ലുകൾ പഠിപ്പിക്കുന്ന ഹോൾബർട്ടൺ സ്കൂൾ (Holberton School), യുഎസ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനി അപ്പാർട്ട്മെന്റ് ലിസ്റ്റ് എന്നിവയിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് നിക്ഷേപമുണ്ട്. ഇതിന് പുറമേ, ഹെയർകെയർ ബ്രാൻഡായ അനോമലി (Anomaly), റെസ്റ്റോറന്റ്, ഹോം ഡെക്കർ ശൃംഖലയായ ‘സോന’, പ്രൊഡക്ഷൻ കമ്പനിയായ പർപ്പിൾ പെബിൾ പിക്ച്ചേഴ്സ് എന്നിവയിലും താരത്തിന് നിക്ഷേപമുണ്ട്. ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പായ പോസിബിളിലും, എൻവയോൺമെന്റ് ഇന്റലിജൻസ് കമ്പനി അംബിയിലും ഐശ്വര്യറായ് ബച്ചന് ഓഹരിയുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള അംബിയ്ക്കായി 50 ലക്ഷം രൂപയാണ് ഐശ്വര്യറായ് നിക്ഷേപിച്ചത്. ഫിറ്റ്നസ് ഫ്രീക്ക് ശിൽപ ഷെട്ടി 2018 മുതൽ ബ്യൂട്ടി ബ്രാൻഡായ മമ എർത്തിലെ നിക്ഷേപകയാണ്. 2022 ഡിസംബറിൽ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി മമ എർത്തിലേയ്ക്ക് താരം 6.7 കോടി രൂപ നിക്ഷേപിച്ചിരുന്നു.
2022ലെ മാത്രം കണക്കെടുത്തു നോക്കിയാൽ, 17 ലധികം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലാണ് ബോളിവുഡ് സെലിബ്രിറ്റികൾ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് കാണാം. പിന്നീട് ഈ അഭിനേതാക്കളിൽ പലരും തങ്ങൾ നിക്ഷേപം നടത്തിയ സ്റ്റാർട്ടപ്പുകളുടെ ബ്രാൻഡ് അംബാസഡർമാരായി മാറുകയും ചെയ്തു. ഇത്തരം നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ഡയറക്ട്-ടു-കൺസ്യൂമർ മേഖലയിലും, എഡ്ടെക്, ഇ-കൊമേഴ്സ്, ഫുഡ്ടെക്, ഹെൽത്ത് ആൻഡ് ഫിറ്റ്നസ്, അഗ്രിടെക് മേഖലകളിലുമായിരുന്നു.