വൻകിട കോർപ്പറേറ്റ് മാനേജ്മെന്റുകളുടെ ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുവാനും നീക്കം. അമേരിക്കയിൽ സംഭവിച്ച വമ്പൻ തകർച്ച ഇന്ത്യയിൽ ഒരുകാരണവശാലും ഉണ്ടാകരുതെന്ന കർശന നിലപാടാണ് ധന മന്ത്രാലയത്തിന്റെയും RBI യുടേതും.
രാജ്യത്തെ മുൻനിര കോർപ്പറേറ്റ് വായ്‌പ്പാ അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കുവാനും ഇത്തരം അക്കൗണ്ടുകളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ പരിശോധിച്ചു പരിഹരിക്കാൻ പദ്ധതി തയാറാക്കുവാനും കേന്ദ്ര ധന മന്ത്രാലയം നിർദേശം നൽകി. ഇതിനു പിന്നാലെ രാജ്യത്തെ ബാങ്കുകളിൽ ഏറ്റവുമധികം വായ്പയുള്ള 20 വൻകിട ബിസിനസ് ഗ്രൂപ്പുകളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണെന്ന് റിസർവ് ബാങ്ക് സൂചന നൽകി. ഇവയുടെ കാര്യത്തിലുള്ള നഷ്ടസാധ്യത കുറയ്ക്കാൻ കൂടുതൽ തുക നീക്കിവെക്കേണ്ടത് ആവശ്യമാണെന്നും ബാങ്കുകൾക്ക് ആർ.ബി.ഐ. നിർദേശം നൽകി.
എന്നാൽ, ഇത് അപായ സൂചനയല്ലെന്നും ആർ.ബി.ഐ.യിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. യു.എസിലും യൂറോപ്പിലും ബാങ്കുകൾ തകരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഏതൊക്കെയാണ് മുൻകരുതൽ വേണ്ട ബിസിനസ് ഗ്രൂപ്പുകളെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ പല മുൻനിര കമ്പനികൾക്കും കടപത്രങ്ങളുടെ രൂപത്തിലും വായ്പയുടെ രൂപത്തിലും വൻതോതിൽ വിദേശ കടമുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ അത് ഇന്ത്യയിലെ ബാങ്കുകളെ ബാധിക്കാൻ പാടില്ലെന്ന് കണക്കിലെടുത്താണ് മുന്നറിയിപ്പ്.
ശനിയാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ചു ചേർത്ത രാജ്യത്തെ പൊതുമേഖലാ ബാങ്ക് മേധാവിമാരുടെ യോഗത്തിൽ ധനമന്ത്രാലയവും പിന്നാലെ RBI യുമാണ് ഈ കർശന നിർദേശങ്ങൾ നൽകിയത്
ധനമന്ത്രാലയത്തിന്റെ നിർദേശങ്ങൾ
വിപണിയിൽ നിന്നുള്ള വിവരങ്ങൾക്കനുസരിച്ച് ഓഹരി പണയപ്പെടുത്തിയ വായ്‌പയ്ക്കു കൃത്യമായ പ്രൊവിഷനിങ് നടത്തണം.
ഇത്തരം കമ്പനികളുടെ വായ്‌പ ഇടപാടുകളിൽ സംശയമോ അവ്യക്തതയോ ഉണ്ടെങ്കിൽ കൃത്യമായ നടപടി തക്ക സമയത്തു സ്വീകരിക്കണം.
വലിയ വായ്‌പകളുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്യുന്നതിന്റെ തവണകൾ വർധിപ്പിക്കണം.
ഏതെങ്കിലും കമ്പനികളിൽ വായ്‌പകൾ കൂടുതലായി കേന്ദ്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളിൽ 6 എണ്ണം മാത്രമാണ് വായ്‌പകളിലെ പ്രശ്നങ്ങൾ സ്ഥിരമായി നിരീക്ഷിച്ചു വരുന്നത്. ആ അവസ്ഥ മാറി എല്ലാ ബാങ്കുകളും ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.
പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകൾ ഉയർന്ന മൂല്യത്തിലുള്ള കറന്റ് സേവിങ്സ് അക്കൗണ്ട് കൂടുതലായി സമാഹരിക്കണം, അവ നിലനിർത്തണം.
പലിശ നിരക്കിലെ മാറ്റം വേഗത്തിൽ വിപണിയിലേക്ക് കൈമാറുന്നതിനായി എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിതമായ വായ്‌പകൾ കൂടുതൽ പ്രോത്സാഹിപ്പിക്കണം.
സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങളും ഊഹാപോഹങ്ങൾ ആസ്പദമാക്കിയുള്ള വാർത്തകളും പ്രചരിക്കുന്നത് തടയാൻ ക്രൈസിസ്‌മാനേജ്‌മന്റ് സംവിധാനം ബാങ്കുകൾ ഒരുക്കണം
ഇന്ത്യൻ ബാങ്കുകൾക്ക് പിഴയ്ക്കുന്നതെവിടെ ?
പഴയ വായ്‌പ്പാ നിക്ഷേപ വിവരങ്ങൾ ശേഖരിച്ചു സ്‌ട്രെസ് ടെസ്റ്റ് നടത്താൻ ഉചിതമായ മോഡൽ ഇന്ത്യൻ ബാങ്കുകൾക്കില്ല. ബാങ്കുകൾ ഈസ് 5.0 മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല.
എന്താണ് Enhanced Access and Service Excellence-EASE 5.0
പൊതുമേഖലാ ബാങ്കുകൾക്കായി EASENext പ്രോഗ്രാമിന്റെ ‘പൊതു പരിഷ്കരണ അജണ്ട’ വികസിപ്പിച്ചെടുത്തതാണ് EASE 5.0. പൊതുമേഖലാ ബാങ്കുകളിലെ വിവിധ മേഖലകളിലെ പരിഷ്‌കാരങ്ങൾ ഉത്തേജിപ്പിക്കുകയാണ് ലക്‌ഷ്യം.
EASE 5.0-ന് കീഴിൽ, PSB-കൾ പുതിയ കാലത്തെ നിക്ഷേപം തുടരുകയും, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ, മാറുന്ന മത്സരം, സാങ്കേതിക പരിതസ്ഥിതി എന്നിവയോട് പ്രതികരിക്കുന്നതിന് നിലവിലുള്ള പരിഷ്കാരങ്ങൾ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും. EASE 5.0 ഡിജിറ്റൽ ഉപഭോക്തൃ അനുഭവത്തിലും, ചെറുകിട ബിസിനസുകളെയും കൃഷിയെയും പിന്തുണയ്ക്കുന്നതിൽ ഊന്നൽ നൽകിക്കൊണ്ട് സംയോജിതവും ഉൾക്കൊള്ളുന്നതുമായ ബാങ്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കും.