‘എന്റെ കേരളം’ പ്രദർശന-വിപണന – സാംസ്കാരിക മേളക്ക് എറണാകുളം മറൈൻ ഡ്രൈവിൽ തുടക്കമായി. കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് മുൻഗണന നല്‍കുമെന്ന് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘എന്റെ കേരളം’ മേള ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
“ലോകരാഷ്ട്രങ്ങളിൽ മദ്ധ്യവരുമാന നിരയിലുള്ള രാജ്യങ്ങൾക്കൊപ്പം അടുത്ത 25 വർഷത്തിനകം കേരളത്തിന്റെ സാമ്പത്തിക, സാമൂഹികരംഗം ഉയർത്തുകയാണ് ലക്ഷ്യം. അതിനായി നിരവധി കർമ്മപദ്ധതികൾക്ക് തുടക്കം കുറിച്ചു. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, ബേപ്പൂർ, ബേക്കൽ തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.
വിനോദസഞ്ചാരികളുടെ ചാർട്ടർ വിമാനങ്ങൾ ഇറക്കാൻ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാൻ 125 കോടിരൂപ വകയിരുത്തി.
615 കിലോമീറ്റർ ദൈർഘ്യമുള്ള ബേക്കൽ- കോവളം വെസ്റ്റ് കോസ്റ്റ് കനാൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കനാലിന്റെ ഇരുകരകളിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കും. ഇതിനായി 300 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രാദേശികമായ ഭക്ഷ്യവിഭവങ്ങൾ കഴിക്കുന്നതിനും നാടൻ കലാരൂപങ്ങൾ ആസ്വദിക്കുന്നതിനും സൗകര്യമൊരുക്കും. കുമരകത്ത് നാടൻകലാമേളയുടെ പ്രദർശനത്തിനും വിനോദസഞ്ചാരവികസനത്തിനുമായി ഭൂമി ഏറ്റെടുക്കാൻ 300 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
ഈ സർക്കാർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 18000 കോടിരൂപയുടെ വികസനം കിഫ്ബി വഴി നടപ്പിലാക്കി. അതിൽ പലതിന്റെയും ഉദ്ഘാടനം നടക്കാൻ പോവുകയാണ്. പദ്ധതി നടത്തിപ്പിൽ യു.ഡി.എഫ് മണ്ഡലം എന്നോ എൽ.ഡി.എഫ് മണ്ഡലം എന്നോ വ്യത്യാസം ഉണ്ടായിട്ടില്ല. സാമൂഹ്യനീതിയാണ് സർക്കാർ നടപ്പിലാക്കിയത്
മുഖ്യമന്ത്രി പറഞ്ഞു
മന്ത്രിമാരായ പി. രാജീവ്, കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവരും എം.എൽ.എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.പി. ശ്രീനിജിൻ, കെ.ജെ. മാക്സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ,ചീഫ് സെക്രട്ടറി വി.പി. ജോയി,മേയർ അഡ്വ. എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
63680 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുങ്ങുന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍, കുടുംബശ്രീ, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് ക്ലിനിക്കുകള്‍, ടെക്നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷന് നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകള്‍ മേളയുടെ ആകര്‍ഷണമാകും. ഏപ്രില്‍ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ആധാര്‍ രജിസ്ട്രേഷന്, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവിലിയനില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാള്‍. മാലിന്യ സംസ്കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന് അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്, തൊഴില്‍ – എംപ്ലോയ്മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.
സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്സൈസ്, ഫയര്‍ ആന്റ് റെസ്ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്ട്രേഷന്, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോര്‍ ഡിസ്പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ ദിവസവും ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും.