മൂവാറ്റുപുഴയിൽ നിന്നുള്ള നീതു സുനീഷിനെ ഒന്ന് പരിചയപ്പെട്ടിരിക്കണം. മുൻ അദ്ധ്യാപിക. ഇപ്പോൾ ആമ്പൽ-താമര കാർഷിക സംരംഭകയെന്നു പേരെടുത്തു കഴിഞ്ഞു ഈ വീട്ടമ്മ.
ഇൻസ്റ്റാഗ്രാമിൽ LOTS_aquafloralover എന്ന പേജ് നീതുവിന്റെ സ്വന്തം. കഴിഞ്ഞ 12 വർഷമായി ഓമജ-OMAJA – എന്നൊരു ഓൺലൈൻ റീറ്റെയ്ൽ വസ്ത്ര വില്പന പോർട്ടൽ വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ട് നീതു. അതിനിടയിലാണ് താമരപൂക്കളോടും ആമ്പൽ പൂക്കളോടുമുള്ള കമ്പം കയറിയത്. ഇപ്പോൾ വീട്ടിലെ ചെറു ടാങ്കുകളിൽ ആനത്താമരയും ഓസ്ട്രേലിയൻ ആമ്പലുമൊക്കെ തലയുയർത്തി അതിഥികളെ നോക്കി നിൽക്കുന്നുണ്ട്.
ഫേസ് ബുക്കിലൂടെയാണ് നീതു തന്റെ ഹാൻഡ്വർക്കേഡ് തുണിത്തരങ്ങൾ വിറ്റഴിക്കുന്നതെങ്കിൽ, താമര- ആമ്പൽ ചെടികളുടെ വില്പന ഇൻസ്റ്റഗ്രാമിലൂടെയാണ്.
മൂവാറ്റുപുഴയിലെ ഒരു കുന്നിൻ ചെരുവിലെ നീതുവിന്റെ വീട്ടിലേക്കു വന്നാൽ കാണാം താമര ഉദ്യാനം ടെറസിനു മുകളിലും വീടിനോരത്തുമുള്ള ചെറു ടാങ്കുകളിലും വലിയ പ്ലാസ്റ്റിക്, വാർക്കച്ചട്ടികളിലും പച്ച പിടിച്ചു നിൽക്കുന്നത്.
രണ്ടുവർഷം മുമ്പ് പാടത്തെയും കായലിലേയും താമരയും ആമ്പലും വീട്ടിൽ വളർത്താൻ ശ്രമിച്ചു പരാജയപ്പെട്ടിടത്തു നിന്നാണ് വീട്ടുപറമ്പിലെ താമര കൃഷിയുടെ ആരംഭം. അങ്ങനെയാണ് വീട്ടിടങ്ങളിൽ ഒതുങ്ങുന്ന ഹൈബ്രിഡ് ഇനം താമരകളിലേക്കു തിരിഞ്ഞത്. ഹൈബ്രിഡ് ഇനങ്ങളുടെ കിഴങ്ങുകൾ വിദേശ രാജ്യങ്ങളിൽ നിന്നു വരുത്തിച്ചു. അവയ്ക്കുള്ള പരിചരണമുറകൾ മനസിലാക്കി. താമരയുടെ ട്യൂബുകൾ നട്ടു പരിചരിച്ചു . അങ്ങനെ അവ വിവിധ വർണങ്ങളിലും ഭാവങ്ങളിലും വിരിഞ്ഞു തുടങ്ങി.
ഇൻസ്റ്റഗ്രാമിൽ പൂക്കൾ കാണുന്നവർ വിത്തിനും കിഴങ്ങിനുമായി ബന്ധപ്പെട്ടു തുടങ്ങി. അങ്ങനെയാണ് നീതു ഒരു ഹോബിയായി ആരംഭിച്ച താമര കൃഷി ഒരു വരുമാനമാർഗമാണെന്നു തിരിച്ചറിഞ്ഞത്. കിഴങ്ങ് മാത്രമല്ല കാർഷിക ചിട്ടകൾ സംബന്ധിച്ച ഉപദേശങ്ങളും നീതു നൽകും. ഒരു ഹോബിയായി തുടങ്ങിയത് ക്രമേണ ഒരു സംരംഭമായി വികസിപ്പിച്ചു.
ക്രമേണ ശേഖരം 100 ഇനം താമരകളും 60 ഇനം ആമ്പലുകളുമായി വളർന്നു. കൊറിയറിലാണ് ആവശ്യക്കാർക്ക് അയച്ചുകൊടുക്കുക. 100 രൂപ മുതൽ 18,000 രൂപ വരെയുള്ള ഇനങ്ങൾ ഉണ്ട്.
https://www.instagram.com/aquafloralover/
മാസങ്ങൾക്കു മുമ്പായിരുന്നു നീതുവിന്റെ അച്ഛൻ ആകസ്മികമായി വിടപറഞ്ഞത്. 40 ദിവസങ്ങൾക്കു ശേഷം പ്രതീക്ഷിക്കാതെ അമ്മയും. അതിന്റെ ആഘാതത്തിൽ നിന്നും മോചിതയായ നീതു ഇപ്പോൾ ആശ്വാസം കണ്ടെത്തുന്നത് തന്റെ താമര കാർഷിക സംരംഭത്തിലൂടെയാണ്.
നീതു 12 വർഷം മുമ്പ് തുടങ്ങിയ ഓമജ വസ്ത്ര വില്പന പോർട്ടൽ-OMAJA, Kochi – അത്ര നിസാരമൊന്നുമല്ല. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ കലാകാരന്മാരുടെ കരകൗശല ചാരുത കൊണ്ട് തയാറാക്കിയ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾക്ക് ഇപ്പോളും ഓൺലൈനിൽ നല്ല ഡിമാൻഡാണ്. മികച്ച വർക്കും, താങ്ങാവുന്ന വിലയുമെന്നു ഉപഭോക്താക്കൾ അഭിപ്രായം കുറിക്കുമ്പോൾ നീതു പറയുന്നു ആവശ്യക്കാരുടെ അഭിരുചിക്ക് അനുസരിച്ച ഉത്പന്നങ്ങളാണ് നൽകേണ്ടത് എന്ന്.
https://www.facebook.com/omajacult
നാടൻ താമരയ്ക്കും ആമ്പലിനും മാത്രമേ വിത്ത് ഉണ്ടാകൂ. ഹൈബ്രിഡ് ഇനങ്ങൾ കിഴങ്ങുകളിൽ നിന്നാണ് വളർത്തിയെടുക്കുക. പതിനായിരത്തിന്റെയും പതിനയ്യായിരത്തിന്റെയും ആമ്പൽ ചെടികൾ വരെ നീതുവിന്റെ പക്കലുണ്ട്.
കോവിഡ്സമയത്ത് താമര ആമ്പൽ വിപണി തഴച്ചു വളർന്നിരുന്നു. അതിന്റെ പിന്നാലെ ഈ മേഖലയിലെ പൊട്ടൻഷ്യൽ മനസിലാക്കി നിരവധി പേരാണ് ഈ മേഖലയിലേക്ക് കൂണ് പോലെ മുളച്ചു പൊന്തിയത്. അതാണിപ്പോളീ മേഖലയിലെ പ്രശ്നവുമെന്നു നീതു പറയുന്നു. “മേഖലയിൽ ഇപ്പോൾ വ്യാജന്മാർ ഏറെയുണ്ട് . ഉപഭോക്താവിനെ ഏതെങ്കിലും നാടൻ വിത്തുകൾ നൽകി കബളിപ്പിക്കുന്നവരുണ്ട്. അവർക്കിടയിൽ നിന്ന് വേണം പൊരുതി സ്വന്തം ബിസിനസ് മുന്നോട്ടു കൊണ്ട് പോകാൻ. ഉപഭോക്താവിന് കബളിപ്പിക്കപ്പെട്ടു എന്ന തോന്നൽ ഒരിക്കൽ പോലും ഉണ്ടാവരുത്. 10 -15 ദിവസം വരെ കൊറിയറിനുള്ളിൽ
കേടുകൂടാതെയിരിക്കും തന്റെ ആമ്പൽ താമര കിഴങ്ങുകൾ ” നീതു ഉറപ്പിച്ചു പറയുന്നു
“എങ്കിലും വാണിജ്യാടിസ്ഥാനത്തിൽ തന്റെ സംരംഭം വിജയകരമാണ്. അതിലുപരം മനസിന് ഇണങ്ങിയ ഒരു ഹോബിയും” നീതു കൂട്ടിച്ചേർക്കുന്നു.
പുതിയ ഇനങ്ങളുടെ കിഴങ്ങുകൾ മുഖ്യമായും തായ്ലാന്റിൽ നിന്നാണ് വാങ്ങുന്നത്. മൊത്തമായി വിൽക്കുന്നവരിൽ നിന്നും അതാവശ്യം വേണ്ട ഇനങ്ങൾ തിരയാറുണ്ട്. തന്റെ താമര കിഴങ്ങുകൾക്കു കേരളത്തിൽ നിന്നും മാത്രമല്ല, ഉത്തരേന്ത്യയിൽ നിന്നു പോലും ആവശ്യക്കാരുണ്ടെന്നു നീതു പറയുന്നു. “വലിയ മിനക്കേടൊന്നുമില്ലാത്ത, വീട്ടമ്മമാർക്ക് ചെയ്യാവുന്ന ഒരു സംരംഭമാണിത്. പക്ഷെ ചെളിയിലും വെള്ളത്തിലും ഒക്കെ ജോലിചെയ്യാനുള്ള മനസ്സ് വേണം. അതുണ്ടെങ്കിൽ ഏതു സംരംഭവും ഒരു ഹോബി പോലെ സുന്ദരമാകും” നീതു പറഞ്ഞു നിർത്തുന്നു.
Must have met Neetu Suneesh from Muvattupuzha. Former teacher. Now this housewife is known as Ambal-Tamara agricultural entrepreneur. Neetu owns the page LOTS_aquafloralover on Instagram. Neetu has been successfully running an online retail clothing portal called OMAJA for the last 12 years.