24 സംസ്ഥാനങ്ങളിൽ നിന്നും എട്ട് മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്നുമായി രാജ്യത്തെ ഇന്നത്തെ ഏറ്റവും വിലപ്പെട്ട മുതലുകൾ കൊള്ളയടിച്ച ഒരു വമ്പൻ ഗാങിനെ സൈബരാബാദ് പോലീസ് പിടികൂടി. കൊള്ളമുതലാകട്ടെ അത്ര കണ്ടു വിലപ്പെട്ടതാണ്. 669 മില്യൺ യൂസർ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഡാറ്റയായിരുന്നു കൊള്ളയടിച്ചത്. ഇനി ഡാറ്റാ നഷ്ടപെട്ടവരോ ചില്ലറക്കാരുമല്ല.

BYJU’S, Vedantu, Paytm, PhonePe, Zomato, PolicyBazaar, CRED, BigBasket, Upstox തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ വിവരങ്ങൾ ഈ സംഘത്തിൽ നിന്നും കണ്ടെടുത്തതായി തെലങ്കാനയിലെ സൈബരാബാദ് പോലീസ് അവകാശപ്പെട്ടു.
ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇൻസ്പൈർ വെബ്സ്’ എന്ന വെബ്സൈറ്റ് വഴി പ്രവർത്തിക്കുന്ന സംഘം തട്ടിയെടുത്ത ഡാറ്റാബേസ് വിൽക്കുകയായിരുന്നു.

സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിനിടെ രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, ഡസൻ കണക്കിന് ഹാർഡ് ഡ്രൈവുകളിലെയും സോളിഡ്-സ്റ്റേറ്റ് ഡ്രൈവുകളിലെയും ഡാറ്റ എന്നിവ പോലീസ് പിടിച്ചെടുത്തു.
കണ്ടെടുത്ത ഡാറ്റയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ നിന്നുള്ള ഉപയോക്തൃ അക്കൗണ്ടുകളും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. വീണ്ടെടുത്ത ഡാറ്റയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഡീമാറ്റ് അക്കൗണ്ടുകൾ, പാൻ കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട ബാങ്കിംഗ്, സാമ്പത്തിക വിവരങ്ങളും അടങ്ങിയിരിക്കുന്നു.

രഹസ്യമായ ബാങ്ക് ഡാറ്റ മോഷ്ടിക്കുകയും ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ കബളിപ്പിക്കുകയും ചെയ്തതിന് 10 സൈബർ കുറ്റവാളികളുടെ സംഘത്തെ സൈബരാബാദ് സൈബർ ക്രൈം വിംഗ് അറസ്റ്റ് ചെയ്ത മറ്റൊരു ഡാറ്റ മോഷണകേസ് റിപ്പോർട്ട് ചെയ്തു 10 ദിവസത്തിന് ശേഷമാണ് ഈ സംഭവം .
ഈ വർഷം ആദ്യം Inc42, Yes Madam, Slick, RailYaari എന്നിവിടങ്ങളിൽ ഡാറ്റ ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. സൈബർ ആക്രമണങ്ങളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

2022-ൽ CERT-In ട്രാക്ക് ചെയ്തത് വെറും 13.91 ലക്ഷം സൈബർ സുരക്ഷാ സംഭവങ്ങളാണെന്ന് സർക്കാർ പറയുമ്പോൾ, ഇന്ത്യയിൽ പ്രതിവർഷം 6.57 ബില്യൺ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.