പുതിയ ഐ ടി ഭേദഗതി നിയമത്തെ വ്യാജവാർത്ത ചമയ്ക്കുന്നവർ ഇനി നന്നായൊന്നു ഭയക്കേണ്ടി വരും. മുഖം നോക്കാതെ നടപടിയുണ്ടാകും, ഇത്തരക്കാർ ഒരു പരിരക്ഷയും പ്രതീക്ഷിക്കേണ്ടതില്ല എന്ന വ്യക്തമായ മുന്നറിയിപ്പ് നൽകുന്ന ഭേദഗതികളാണ് കേന്ദ്രം കൊണ്ട് വന്നിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ PIB ക്കാകും കേന്ദ്ര സർക്കാരിനെതിരായ വ്യാജമോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ വാർത്ത കണ്ടെത്താൻ അധികാരം. പി ഐ ബി യുടെ വസ്തുത പരിശോധക സംഘം ( fact checking team) ഇനി മുതൽ ഇത്തരം വാർത്തകൾ പരിശോധിച്ചു വിലയിരുത്തും.
എന്നാൽ വസ്തുതാ പരിശോധന PIB ക്കു നൽകിയതിനെതിരെ പത്രാധിപ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡും സി പി എമ്മും രംഗത്ത് വന്നിട്ടുണ്ട്.
നിയമ പരിരക്ഷ ഉണ്ടാകില്ല
ഇടനില പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെ കുറിച്ച പരാതിയുയർന്നാൽ നിലവിൽ 2000 ലെ ഐ ടി ആക്ടിലെ 79 ആം വകുപ്പായ സേഫ് ഹാർബറിലൂടെ ലഭിക്കുന്ന പരിരക്ഷ ഇനി പുതിയ ഭേദഗതികൾ പ്രകാരം ഉണ്ടാകില്ല. പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണോ അല്ലയോ എന്ന് ഉറപ്പാക്കുന്നതിന് ഫാക്ട് ചെക്കിങ് ടീം ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും രേഖകൾ പരിശോധിച്ചു ഉറപ്പു വാങ്ങണം. തങ്ങളുടെ ഉള്ളടക്കം ശരിയെന്നു വാദിക്കുന്ന ഇടനില പ്ലാറ്റ്ഫോമുകൾക്ക് വാർത്ത പിൻവലിക്കാതിരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആ വാർത്ത വ്യാജമോ വസ്തുതാ വിരുദ്ധമോ ആണെന്ന് വ്യക്തമായാൽ, അതിനു ഒപ്പം ബന്ധപ്പെട്ട വകുപ്പ് നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചാൽ, ഇടനില പ്ലാറ്റുഫോമുകൾ കോടതി നടപടികൾ നേരിടേണ്ടി വരും.
മാധ്യമ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഐ ടി ഭേദഗതി എന്നാണ് എഡിറ്റർസ് ഗിൽഡിന്റെ നിലപാട്. ഫാക്റ്റ് ചെക്കിങ് യൂണിറ്റ് തുടങ്ങുന്നതോടെ സ്വന്തം പ്രവർത്തനം സംബന്ധിച്ച വാർത്തകളിൽ ഏതാണ് ശരിയെന്നു സ്വയം തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വിചിത്രമായ നീക്കമാണിതെന്നു ഗിൽഡ് ചൂണ്ടിക്കാട്ടുന്നു.