ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 128.5 കോടി രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാർക്ക് ബഹു. മുഖ്യമന്ത്രി  പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായവകുപ്പ് മന്ത്രി  പശുപതി കുമാർ പരസും സംയുക്തമായി നാടിന് സമർപ്പിച്ചു. ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ പുതിയൊരു കുതിപ്പിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന പാർക്കിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

3000 പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനോടകം തന്നെ നിരവധി കമ്പനികൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയാണ് പാർക്ക് നാടിന് സമർപ്പിക്കുന്നത്.

കടൽ ഭക്ഷ്യ സംസ്കരണ മേഖലയുടെ വികസനം ലക്ഷ്യമിട്ട്, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ (എം.ഒ.എഫ്.പി.ഐ.) ധന സഹായത്തോടെ, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിർമിച്ച മെഗാ ഫുഡ് പാർക്കിന്റെ 1-ാം ഘട്ടം ചേർത്തല പള്ളിപ്പുറത്താണ്  പ്രവർത്തന സജ്ജമായത് .

84.05 ഏക്കറിൽ ₹ 128.49 കോടി ചെലവഴിച്ചാണ് പാർക്ക് സ്ഥാപിച്ചത്. ₹ 72.49 കോടി സംസ്ഥാന സർക്കാർ വിഹിതവും ₹ 50 കോടി യൂണിയൻ സർക്കാർ വിഹിതവും ബാക്കി തുക ബാങ്ക് വായ്പയുമാണ്.

പാർക്കിന്റെ 1-ാം ഘട്ടമായ 68 ഏക്കറിൽ റോഡ്, വൈദ്യുതി, മഴവെള്ള നിർമാർജന ഓടകൾ, ജലവിതരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, കോമൺ ഫെസിലിറ്റി സെന്റർ, വെയർ ഹൗസ് ഉൾപ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 31 ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചതിൽ 12 യൂണിറ്റുകൾ പ്രവർത്തനക്ഷമമായി. സംരംഭകർക്ക് പാർക്കിൽ 30 വർഷത്തെ പാട്ടവ്യവസ്ഥയിലാണ് ഭൂമി നൽകുന്നത്.

ഭക്ഷ്യ സംസ്‌കരണ പ്രവർത്തനങ്ങൾ, മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമാണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പാർക്കിലുള്ളത്. സമുദ്രോത്പ്പന്നങ്ങൾ ശേഖരിക്കൽ, ഗ്രേഡ് തിരിക്കൽ, ഗുണനിലവാരം പരിശോധിക്കൽ, ഫ്രീസിങ് യൂണിറ്റ്, കോൾഡ് സ്റ്റോർ തുടങ്ങിയവ ഉൾപ്പെടുന്ന മുഖ്യ സംസ്‌കരണ കേന്ദ്രം ഹാർബറുകളിൽ നിന്നുള്ള സമുദ്രോത്പ്പന്നങ്ങളുടെ പീലിങ്, വൃത്തിയാക്കൽ, തരംതിരിക്കൽ, ഐസ്പ്ലാന്റ് എന്നിവക്കുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രം എന്നിവയാണ് ഫുഡ്പാർക്കിലുള്ളത്. മലിനജല സംസ്‌കരണശാല, ഗോഡൗൺ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികൾക്ക് വാടകക്ക് എടുക്കാവുന്ന കെട്ടിടങ്ങൾ, ഭക്ഷ്യസംസ്‌കരണത്തിന് സംരംഭകർക്ക് സഹായകരമായ അത്യാധുനിക സൗകര്യങ്ങൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. തോപ്പുംപടിയിലും വൈപ്പിനിലും മുനമ്പത്തുമുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങളെക്കൂടി മെഗാ ഫുഡ് പാർക്കുമായി ബന്ധിപ്പിക്കും.

3000 മെട്രിക് ടൺ കോൾഡ് സ്റ്റോറേജ്, ദിവസം 10 മെട്രിക് ടൺ ശേഷിയുള്ള ഡീപ്പ് ഫ്രീസർ, മത്സ്യത്തിന്റെ മുള്ള് നീക്കം ചെയ്യുന്നതിന് 10 മെട്രിക് ടൺ ദിവസ കപ്പാസിറ്റിയുള്ള ഡിബോണിങ് സെന്റർ എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ദിവസവും 20 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള ഇഫ്ളുവെന്റ് പ്ലാന്റിന്റെ നിർമാണവും ഉടൻ പൂർത്തിയാകും.സമുദ്ര വിഭവ വ്യവസായത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്ന അരൂർ, ചേർത്തല മേഖലയിൽ പാർക്ക് പ്രവർത്തന സജ്ജമാകുന്നതോടെ മേഖലയുടെയാകെ വികസനത്തിന് വഴിതെളിയും. 40 അടി കണ്ടെയ്‌നർ ട്രക്കിനു കടന്നു പോകാവുന്ന റോഡുമായി പാർക്കിനെ ബന്ധിപ്പിച്ചിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവയുമായി 50 കിലോമീറ്ററിനുള്ളിലാണ് ദൂരം. ചേർത്തല റെയിൽവേ സ്റ്റേഷന്റെ സമീപത്താണ് പാർക്ക്. ഇത് വിപണന സാധ്യതകൾക്ക് മുതൽക്കൂട്ടാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version