കേരളത്തിൽ സുസ്ഥിര വ്യവസായ സൗഹൃദാന്തരീക്ഷം ലക്ഷ്യമിട്ട് ‘സംരംഭകവർഷം 2.0’-സംരംഭകവർഷം പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി. ഒപ്പം സംരംഭങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്ന മിഷൻ 1000 പദ്ധതിക്കും തുടക്കമിട്ടു. കൊച്ചിയിൽ 500 പുതിയ സംരംഭകരെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സംരംഭക പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തു.
എറണാകുളത്ത് ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. മിഷൻ 1000 പോർട്ടലിന്റെ ഉദ്‌ഘാടനം മന്ത്രി കെ എൻ ബാലഗോപാലും സെൽഫി പോയിന്റ് യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷും നിർവഹിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ–-വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ പങ്കെടുത്തു.
സംരംഭകവർഷം 2.0
സംരംഭകവർഷം 2.0ലൂടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനൊപ്പം, നിലവിലുള്ളവയ്‌ക്ക് തുടർസഹായം നൽകി ഗുണനിലവാരം വർധിപ്പിക്കും. മിഷൻ 1000ലൂടെ തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ നാലുവർഷത്തിനകം ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള വ്യവസായമാക്കും. ‘ഒരുവർഷം ഒരുലക്ഷം സംരംഭം’ പദ്ധതിയിൽ 1,39,840 സംരംഭങ്ങൾ ആരംഭിച്ചു. 8422 കോടി രൂപയുടെ വ്യവസായനിക്ഷേപമുണ്ടായി. മൂന്നുലക്ഷത്തിലധികം തൊഴിൽ സൃഷ്‌ടിച്ചു.
മിഷൻ 1000
മിഷൻ 1000 പദ്ധതിയിലൂടെ മികച്ച 1000 എം.എസ്.എം.ഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുകയാണ് ലക്‌ഷ്യം. സ്റ്റാർട്ടപ്പുകൾക്കുള്ള സ്കൈലിംഗ് ആനുകൂല്യമായി കെ എസ് ഐ ഡി സി വഴി പരമാവധി ഒരു കോടി രൂപ വരെ സ്കെയിലിംഗ് ഇൻസെന്റീവ് നൽകും. സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് നേടിയെടുക്കാൻ വേണ്ട സാമ്പത്തിക സഹായം നൽകും. സ്റ്റാർട്ടപ്പുകൾക്കു നിലവിൽ ലഭിക്കുന്ന കേന്ദ്രസർക്കാർ സഹായമായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് PLI യുടെ ഒപ്പം സ്റ്റേറ്റ് സ്കൈലിംഗ് ആയി പരമാവധി ഒരു കോടി രൂപ വരെ സബ്‌സിഡി ഉറപ്പാക്കും. സ്റ്റാർട്ടപ്പുകൾക്കുള്ള മുഖ്യമന്ത്രിയുടെ വായ്‌പാ സ്കീം പരിധി നിലവിലെ രണ്ടു കോടിയിൽ നിന്ന് അഞ്ചു കോടിയായി ഉയർത്തും. ഇതിന്റെ പലിശ 5 % ആയി നിജപ്പെടുത്തും.
സ്റ്റാർട്ടപ്പുകളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് സബ്‌സിഡി അടക്കം പ്രത്യേക ശ്രദ്ധ നൽകും.
തെരഞ്ഞെടുത്ത രാജ്യങ്ങളിൽ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ സ്ഥാപിക്കും.
സംസ്ഥാനത്തു നിക്ഷേപങ്ങൾ ആകര്ഷിക്കുവാനായി ഇയർ ഓഫ് ഇൻവെസ്റ്റ്മെന്റ് നടപ്പാക്കും. സംരംഭകത്വ പ്രോത്സാഹനം, അടിസ്ഥാന സാഹചര്യമൊരുക്കൽ, ഹൈ ടെക്ക് സാങ്കേതിക വിദ്യ തുടങ്ങിയ 7 സുപ്രധാന നയമേഖലകളെ കേന്ദ്രീകരിച്ചാകും ഇയർ ഓഫ് ഇൻവെസ്റ്റ്മെന്റിൽ ഊന്നിയ വ്യവസായ നയം പ്രവർത്തിക്കുക.
22 മുൻഗണനാമേഖലകളിൽ വ്യവസായവളർച്ച സാധ്യമാക്കും. എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്, നിർമിതബുദ്ധി, റോബോട്ടിക്‌സ്, ബയോടെക്‌നോളജി ആൻഡ് ലൈഫ് സയൻസ്, ഇലക്ട്രിക് വാഹനങ്ങൾ, വിവരസാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾ, ഗ്രഫീൻ, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ആതിഥേയത്വ ടൂറിസം, റീറ്റെയ്ൽ കോമേഴ്‌സ് സെക്ടർ, റീസൈസൈക്ലിങ് ആൻഡ് മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ നവീന വ്യവസായങ്ങൾക്ക് മുൻഗണന നൽകും. പരമ്പരാഗതവ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കും. ഉൽപ്പന്നങ്ങൾ കേരള ബ്രാൻഡിൽ വിതരണം ചെയ്യാൻ സൗകര്യമൊരുക്കും. യുവാക്കൾക്കായി സ്റ്റാർട്ടപ് സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തും.
സംസ്ഥാനത്തു നിക്ഷേപിക്കുന്ന വൻകിട സംരംഭങ്ങൾക്ക് പ്രവർത്തനത്തിനായി വേണ്ടി വരുന്ന മൂലധന നിക്ഷേപത്തിന്റെ 9 % SGST ചിലവ് പൂർണമായും സർക്കാർ തിരികെ നൽകും. MSME കൾക്ക് മൈക്രോ, മാക്രോ, മീഡിയം തരത്തിനനുസരിച്ചു 4 % പലിശക്ക് വായ്‌പയും അതിനു സബ്സിഡിയും നൽകും.
സംരംഭങ്ങൾക്ക് IPO വഴി ധനസമാഹരണം നടത്തുന്നതിന് NSE BSE മുഖേനെ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനത്തിന്റെ പിന്തുണയുണ്ടാകും. ഇത്തരം നീക്കങ്ങൾക്കു പരമാവധി ഒരു കോടി വരെ സബ്സിഡി നൽകും.
നിക്ഷേപങ്ങൾക്ക് മൂലധനത്തിന്റെ 10 % വരെ പരമാവധി 10 കോടി വരെ സബ്സിഡി നൽകും.
കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ ആരംഭിച്ചത് 1,39815 സംരംഭങ്ങൾ. ഉറപ്പാക്കിയത് 8417 കോടിയുടെ നിക്ഷേപം, ഉറപ്പാക്കിയ തൊഴിൽ 2,99,943 പേർക്ക്. 35% വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്.