ഇപ്പോളിതാ ബജറ്റിൽ ഉറപ്പു നൽകിയ ‘വർക്ക് നിയർ ഹോം’ നടപ്പാക്കാൻ സോഹോയുടെ തെങ്കാശി സംരംഭം മാതൃകയാക്കാനൊരുങ്ങുകയാണ് കേരളം. ഇതിനായി ആഗോള ടെക്നോളജി സംരംഭകരായ ‘സോഹോ കോർപ്പറേഷൻ’ സ്ഥാപകൻ ശ്രീധർ വെമ്പുവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചർച്ചനടത്തി.
തെങ്കാശി മാതളംപാറ ഗ്രാമത്തിൽ സോഹോ കോർപ്പറേഷൻ നടപ്പാക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രങ്ങളും പ്ലസ്ടു കഴിഞ്ഞവർക്ക് സോഫ്റ്റ്വേർ പ്രോഗ്രാമിങ്ങിൽ പരിശീലനം നൽകുന്ന സോഹോ സ്കൂളുകളും മന്ത്രി സന്ദർശിച്ചു.
സർക്കാർ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പദ്ധതിയിൽ സഹകരിക്കാമെന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ ശ്രീധർ വെമ്പു ഉറപ്പുനൽകി. സോഹോയുടെ തെങ്കാശിമാതൃകയിൽ ഐ.ടി., അനുബന്ധപദ്ധതികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ വർക്ക് നിയർ ഹോം സൗകര്യങ്ങൾ വഴി ഒരുലക്ഷം തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സന്ദർശനത്തിന് ശേഷം ധനമന്ത്രി കെ എൻ ബാലഗോപാൽ ഇങ്ങനെ പ്രതികരിച്ചു.
“സോഹോ കോർപ്പറേഷന്റെ തെങ്കാശി മാതളംപാറയിലുള്ള കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ സോഹോ കോർപറേഷൻ ഗ്രാമീണ മേഖലകളിൽ ഐ ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ മാതൃകകൾ വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. പത്താം ക്ലാസും പ്ലസ്ടുവും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പോലും ചെയ്യാൻ കഴിയുന്ന തൊഴിലുകൾ ഐ ടി മേഖലയിൽ സോഹോ കോർപ്പറേഷൻ സൃഷ്ടിക്കുന്നു.
സംസ്ഥാന സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച വർക്ക് നിയർ ഹോം പോലെയുള്ള പദ്ധതികളുടെ സാക്ഷാത്കാരത്തിന് സോഹോ കോർപ്പറേഷൻ പോലെയുള്ള പ്രസ്ഥാനങ്ങളുടെ സഹായവും പങ്കാളിത്തവും ഏറെ പ്രയോജനം ചെയ്യും.പദ്മശ്രീ ജേതാവും സോഹോ കോർപ്പറേഷൻ സ്ഥാപകനുമായ ശ്രീധർ വെമ്പുവുമായി വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിശദമായി സംസാരിച്ചു”
സോഹോയുടെ വിജയകരമായ വർക്ക് നിയർ
കോവിഡ്കാലത്ത് ‘വർക്ക് ഫ്രം ഹോം’ പദ്ധതി ആരംഭിക്കുന്നതിനുമുമ്പേ സോഹോ ‘വർക്ക് നിയർ ഹോം’ നടപ്പാക്കിയിരുന്നു. ഗ്രാമീണമേഖലയിൽ ഓഫീസുകൾ തുറന്ന് ജീവനക്കാരെ ആ കേന്ദ്രങ്ങളിൽ തൊഴിലെടുപ്പിക്കുന്നതാണ് സോഹോയുടെ സംരംഭം. അതതുപ്രദേശങ്ങളിൽ നിന്നുള്ളവരാണ് തൊഴിലെടുക്കുന്നവരിലേറെയും. പ്ലസ്ടു കഴിഞ്ഞ കുട്ടികളെ ഐ.ടി. മേഖലയിലേക്ക് ആകർഷിക്കാൻ രണ്ടുവർഷത്തെ പരിശീലനമാണ് തമിഴ്നാട്ടിലെ തെങ്കാശിയിൽ ഗ്രാമീണ വിദ്യാർത്ഥികൾക്കായുള്ള കലൈവാണി കൽവി മയ്യമടക്കമുള്ള ഗ്രാമീണ കേന്ദ്രങ്ങളിൽ സോഹോ നൽകുന്നത്.
സോഹോ കോർപ്പറേഷൻ’ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിൽ കൂടുതൽ ഓഫീസുകൾ തുറക്കുമെന്ന് അടുത്തിടെ ശ്രീധർവെമ്പു പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പുതിയ ഓഫീസ് തുടങ്ങുക. പത്തനംതിട്ടയിലെ നാരങ്ങാനത്തുള്ള കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും.
സോഹോയുടെ 55-ലേറെ സോഫ്റ്റ് വെയറുകൾക്ക് ലോകമെങ്ങുമായി എട്ടുകോടി ഉപഭോക്താക്കളുണ്ട്. വൈകാതെ അത് 10 കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് വെമ്പു ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രാമീണമേഖലയിലെ യുവാക്കളുടെ കഴിവുകൾ വളർത്തിയെടുത്ത് അവർക്ക് അതതു സ്ഥലങ്ങളിൽത്തന്നെ ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് സോഹോ ചെയ്യുന്നത്. ഗവേഷണത്തിലും പരിശീലനത്തിലും ആഗോളരംഗത്തെ വിപണനത്തിലുമുള്ള ഈ വികേന്ദ്രീകരണം, പ്രതിസന്ധിഘട്ടങ്ങളിൽ സ്ഥാപനത്തിന് മുതൽക്കൂട്ടാവുന്നുണ്ട്.
ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ വിവിധ രാജ്യങ്ങളിലെ ഓഫീസുകളിലായി നിലവിൽ 12,000-ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.