ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജ്യത്തെ കോടിപതിയല്ലാത്ത ഏക മുഖ്യമന്ത്രി. തൊട്ടു പിന്നാലെ ഏറ്റവും കുറഞ്ഞ സ്വത്ത് സമ്പാദ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. മമതാ ബാനര്‍ജിയുടെ ആസ്തി 15.38 ലക്ഷം രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കലുള്ളത് 1.18 കോടി രൂപയുടെ ആസ്തിയാണ്. ഏറ്റവും കുറവ് സ്വത്തുള്ള മൂന്നാമത്തെ മുഖ്യമന്ത്രി ഹരിയാനയുടെ മനോഹർ ലാൽ.
പശ്ചിമബംഗാളിന്റെ ഭരണം മുന്നോട്ടു നയിക്കുന്നതിനിടയിൽ കോടിപതിയാകാൻ മറന്നുപോയ മമതാ ബാനർജി രാഷ്ട്രീയക്കാർക്ക് ഒരു മാതൃക തന്നെയാണ് . രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ മമതയൊഴികെ 29 പേരും കോടിപതികള്‍ തന്നെ.
മമതക്കൊപ്പം ഏറ്റവും കുറഞ്ഞ ആസ്തിയുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഹരിയാനയുടെ മനോഹർ ലാൽ എന്നിവർ കൂടിയുണ്ട് മാതൃകയായി തൊട്ടു പിന്നാലെ.
28 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അപഗ്രഥിച്ച് സന്നദ്ധസംഘടനയായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കോടീശ്വരന്മാരായ മുഖ്യമന്ത്രിമാരിൽ മുന്നിൽ നിൽക്കുന്നത് ആന്ധ്രാപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡിയാണ്. 510 കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ട് റെഡ്ഢിക്ക്. , അരുണാഞ്ചൽ പ്രദേശിലെ മുഖ്യമന്ത്രി പേമ ഖണ്ഡു -163 കോടി രൂപ, ഒഡീഷയുടെ നവീൻ പട്നായിക് 63 കോടി രൂപ എന്നിവരാണ് ആസ്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രണ്ട് കോടീശ്വര മുഖ്യമന്ത്രിമാർ.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡൽഹിയിലെ അരവിന്ദ് കെജ്രിവാളിനും മൂന്ന് കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
- മുഖ്യമന്ത്രിമാരിൽ കോടികളുടെ സാമ്പത്തിക ബാധ്യതയുള്ളവരുമുണ്ട്.
- കെ. ചന്ദ്രശേഖര്‍ റാവു, മുഖ്യമന്ത്രി, തെലങ്കാന, ബി.ആര്.എസ്.- എട്ടുകോടി രൂപ ബാധ്യത.
- ബസവരാജ് ബൊമ്മെ, മുഖ്യമന്ത്രി, കര്‍ണാടക, ബി.ജെ.പി.- 4.99 കോടി രൂപ
ഏക്നാഥ് ഷിന്ദേ, മുഖ്യമന്ത്രി, മഹാരാഷ്ട്ര, ശിവസേന-ഷിന്ദേ- 3.74 കോടി രൂപ
മൂന്നിലൊന്നുപേര്‍ക്കും ബിരുദ വിദ്യാഭ്യാസ യോഗ്യതയുണ്ട്. ബിരുദാനന്തര ബിരുദമുള്ള ഒമ്പത് മുഖ്യമന്ത്രിമാരുമുണ്ട്. പ്ലസ്ടു യോഗ്യതയുള്ള മൂന്നുപേരാണുള്ളത്. 50-നും 70-നുമിടയില്‍ പ്രായമുള്ളവരാണ് 18 മുഖ്യമന്ത്രിമാരും. 50-ൽ താഴെ പ്രായമുള്ള എട്ടുപേരും 70-നുമുകളില്‍ പ്രായമുള്ള നാലു മുഖ്യമന്ത്രിമാരുമുണ്ട്.
മുന്നിൽ ഇവർ
- വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി- ആന്ധ്രപ്രദേശ്- വൈ.എസ്.ആര്. കോണ്‍ഗ്രസ് – 510 കോടി രൂപ
- പെമ ഖണ്ഡു- അരുണാചല്‍പ്രദേശ്, ബി.ജെ.പി. – 163 കോടി രൂപ
- നവീന്‍ പട്നായിക്- ഒഡിഷ, ബി.ജെ.ഡി. – 63 കോടി രൂപ
പിന്നിൽ ഇവർ
- മമതാ ബാനര്‍ജി -ബംഗാൾ, തൃണമൂൽ – 15.38 ലക്ഷം രൂപ
- പിണറായി വിജയന്- കേരളം, സി.പി.എം. – 1.18 കോടി രൂപ
- മനോഹര്‍ ലാല്‍ ഘട്ടര്‍- ഹരിയാണ, ബി.ജെ.പി. – 1.27 കോടി രൂപ