ടെക്നോപാര്‍ക്ക് നാലാംഘട്ട ക്യാമ്പസിലെ മൂന്നേക്കര്‍ സ്ഥലം എമര്‍ജിംഗ് ടെക്നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൈമാറാന്‍ തീരുമാനിച്ചു. 30 വര്‍ഷത്തെ പാട്ടത്തിനാണ് കൈമാറുക. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണ് എമർജിങ് ടെക്നോളോജിസ് സ്റ്റാർട്ടപ് എന്ന ആശയം. ഇതിന്റെ ചുവടു പിടിച്ചാണ് കേരളം എമര്‍ജിംഗ് ടെക്നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് ആരംഭിക്കുക.
സയൻസ് പാർക്ക് ഏലൂർ ഫാക്ടിൽ
കളമശ്ശേരിയിൽ ആരംഭിക്കുന്ന 200 കോടിയുടെ സയൻസ് പാർക്ക് ഏലൂർ ഫാക്ടിന് കീഴിലുള്ള 15 ഏക്കറിൽ സ്ഥാപിക്കാനാണ് നിലവിൽ ആലോചിക്കുന്നത്. സ്ഥലപരിശോധന നടത്തുകയും ഈ സ്ഥലം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഫാക്ടിന് അപേക്ഷ സമർപിക്കുകയും ചെയ്തു. ഫാക്ട്, കേന്ദ്രസർക്കാർ അംഗീകാരം ലഭിക്കുന്നതോടെ എത്രയും വേഗം നിർമാണം ആരംഭിക്കും. മാർച്ചിൽ മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിക്ക് ഒരു മാസത്തിനകം ഭൂമി കണ്ടെത്തി അടുത്ത നടപടികളിലേക്ക് കടക്കാനായി അതിവേഗത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
കൊച്ചി സർവ്വകലാശാലയെ പ്രിൻസിപ്പൽ അസോസിയേറ്റ് യൂണിവേഴ്സിറ്റിയാക്കി ആരംഭിക്കുന്ന പദ്ധതിയിലൂടെ രണ്ട് ബ്ലോക്കുകളിലായി പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പാർക്കാണ് സ്ഥാപിക്കുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രക്ക് കൂടുതൽ വേഗവും കരുത്തും പകരും സയൻസ് പാർക്ക്.
കളമശേരിക്ക് പുറമെ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലും പുതുതായി സയൻസ് പാർക്ക് നിർമിക്കുന്നുണ്ട്.
പുതിയ മെറ്റീരിയലുകളുടെ വികസനം, ഘടനാപരമായ ജീവശാസ്ത്രം, മെഡിക്കൽ,ജീനോമിക് ഗവേഷണം, കൺസ്ട്രക്ഷൻ ടെക്നോളജി, ഗ്രീൻ മൊബിലിറ്റി സംരംഭങ്ങൾ തുടങ്ങിയ വിഷയമേഖകളെ അടിസ്ഥാനമാക്കിയാണ് പാർക്കുകൾ പ്രവർത്തിക്കുക. പുതിയ ആഗോള ഗവേഷണ പ്രവണതകൾ, ഭാവി സാങ്കേതിക-വ്യാവസായിക സാധ്യതകൾ എന്നിവയെ ആസ്പദമാക്കി നടന്ന വിദഗ്ധ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വിഷയമേഖലകൾ നിശ്ചയിച്ചത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആയിരിക്കും പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ. വിദഗ്ധർ ഉൾപ്പെട്ട കൺസൾട്ടേറ്റീവ് കമ്മിറ്റി മേൽനോട്ടം വഹിക്കും. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
NM-ICPS മുഖേന രാജ്യത്തുടനീളമുള്ള 25 ടെക്നോളജി ഇന്നൊവേഷൻ ഹബുകൾ
കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് എമർജിങ് ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ള ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകൾ (TIH)ക്കു തുടക്കമിട്ടിട്ടുണ്ട്.
നാഷണൽ മിഷൻ ഓൺ ഇന്റർഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് (NM-ICPS) മുഖേന രാജ്യത്തുടനീളം സ്ഥാപിച്ച 25 ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകൾ (TIH) പ്രധാന മേഖലകളിലെ ദേശീയ സംരംഭങ്ങൾക്ക് കരുത്ത് പകരാൻ എമർജിങ് ടെക്നോളജിയെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങൾക്ക് അവർ നിരവധി സാങ്കേതിക പരിഹാരങ്ങൾ കൊണ്ടുവരുന്നു. ദൗത്യത്തിന് കീഴിൽ സ്ഥാപിതമായ നിരവധി സാങ്കേതികവിദ്യകളും സാങ്കേതിക പ്ലാറ്റ്ഫോമുകളും ഒന്നിലധികം മേഖലകളിൽ സ്വാധീനം ചെലുത്താൻ സഹായിച്ചിട്ടുണ്ട്.
ഈ ടിഐഎച്ച് വഴി 46 പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെ 496 സാങ്കേതിക ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോവിഡ് -19, മരുന്നുകൾ, രക്ത സാമ്പിളുകൾ, ഭക്ഷണം, പാലുൽപ്പന്നങ്ങൾ, മാംസ ഉൽപന്നങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു.