വന്ദേയിൽ കുതിക്കുന്ന വിസ്മയങ്ങൾ അവതരിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ വന്ദേ മെട്രോ ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നു. വന്ദേ മെട്രോ ട്രെയിനുകളുടെ ശൃംഖല രാജ്യത്തു കൂട്ടിയിണക്കുകയാണ് റയിൽവെയുടെ ലക്ഷ്യം.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചതിന് പിന്നാലെയാണ് വന്ദേ മെട്രോ നെറ്റ്വർക്ക് പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. നഗരങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി പുതിയ മെട്രോ ട്രെയിനുകൾ ട്രാക്കിലെത്തിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
പുതിയ മെട്രോ നെറ്റ്വർക്ക് വരുന്നതോടെ ലോക്കൽ ട്രെയിനുകളിലെ തിരക്ക് കുറയും. യൂറോപ്പിലെ റീജിയണൽ ട്രെയിനുകൾ സമാനമാണ് ഈ പദ്ധതി. സഞ്ചാരികൾക്ക് ലോകോത്തര യാത്രാനുഭവം നൽകുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
വന്ദേ മെട്രോ ട്രെയിനുകൾ ദിവസേന നാലോ അഞ്ചോ തവണയായിരിക്കും സർവീസ് നടത്തുക. സുഖകരവും കുറഞ്ഞ ചെലവിലുള്ള യാത്രയുമാണ് ഈ ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്.
- 100 കിലോമീറ്ററിൽ താഴെ ദൂരത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളെ ഈ മെട്രോ റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കാൻ ആലോചിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
- ഈ വർഷം ഡിസംബറോടെ ഇത്തരം മെട്രോ ട്രെയിനുകൾ പൂർണമായും സജ്ജമാകുമെന്നും, വന്ദേ മെട്രോ ട്രെയിനുകൾ ഡിസംബറോടെ ഓടിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
- വന്ദേ മെട്രോ ട്രെയിനുകളിൽ എട്ട് കോച്ചുകൾ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
- രാജസ്ഥാനിലെ ജോധ്പൂർ ഡിവിഷനിലുള്ള ഗുധ, തതന മിത്ര എന്നീ സ്ഥലങ്ങൾക്കിടയിൽ വന്ദേ മെട്രോ ട്രെയിനുകൾക്കായി ഒരു ടെസ്റ്റ് ട്രാക്ക് വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
- steability പരിശോധന, കർവ് പരിശോധന, ആക്സിലറേറ്റഡ് പരിശോധന എന്നിവയെല്ലാം ഈ ട്രാക്കിൽ വച്ച് നടത്തും.
കയറ്റുമതിക്കൊരുങ്ങി വന്ദേഭാരത്
രാജ്യത്തിൻറെ വിവിധ ട്രാക്കുകളിൽ കുതിച്ചു പായാൻ തുടങ്ങിയ വന്ദേ ഭാരത് ട്രെയിനുകൾ ലോകത്തിന്റെ തന്നെ വിസ്മയമായി മാറിയിരിക്കുകയാണ്. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്നും ട്രെയിനിനായി ആവശ്യമുയരുന്നതായി റെയിൽവേ പറയുന്നു. ഇന്ത്യ ഉടൻതന്നെ വന്ദേഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.