കാര്യം ഇത്രയേ ഉള്ളൂ. ഇന്ത്യയിലെ തിരെഞ്ഞെടുത്ത നഗരങ്ങളിൽ കൊക്കോകോള ഉൽപന്നങ്ങളുടെ ഉപയോഗം വർധിപ്പിക്കണം. അതിനു ബിവറേജസ് ഭീമനായ കൊക്കകോള തിരഞ്ഞെടുത്തത് ഒരു നിസ്സാരമായ, എന്നാൽ എതിരാളികൾക്ക് ഭീഷണിയാകുന്ന, ഒരു നീക്കമാണ്.
ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ തങ്ങളുടെ ആദ്യ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് കൊക്കോകോള. ഫുഡ് ഓർഡറിംഗ് പ്ലാറ്റ്ഫോമായ ത്രൈവിന്റെ-Thrive – ന്യൂനപക്ഷ ഓഹരികൾ കൊക്കോകോള വാങ്ങുന്നതായി റിപ്പോർട്ട് പുറത്തു വന്നു . 5,500-ലധികം റെസ്റ്റോറന്റുകളുമായി പങ്കാളിത്തമുള്ള ഒരു സെർച്ച് ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് ത്രൈവ്.സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുമായി ഫുഡ് ഡെലിവെറിയിൽ നേരിട്ടു മത്സരിക്കുന്ന ത്രൈവിൽ കൊക്കോകോള നിക്ഷേപം നടത്തുന്നത് വലിയൊരു നീക്കമായാണ് കരുതുന്നത്.
കൊക്കോകോളയുടെ തന്ത്രം ഇത്രമാത്രം.
കൊക്കകോളയ്ക്ക് അതിന്റെ എതിരാളികളെക്കാൾ നേരിട്ട് മുൻതൂക്കം വേണം. ത്രൈവിനു ലഭിക്കുന്ന ഭക്ഷണ ഓർഡറുകൾക്കൊപ്പം കൊക്കകോള പാനീയങ്ങൾ മാത്രം ഓർഡർ ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഓർഡറുകൾ ഇഷ്ടാനുസൃതമാക്കാനും പാക്കേജ് ഡീലുകൾ വാങ്ങാനും ഭക്ഷണ കോമ്പിനേഷനുകളും ലോയൽറ്റി കോഡുകളും ഉപഭോക്താക്കളെ കോക്കോകോളയും സഹായിക്കും.
ഇടത്തരം റസ്റ്റോറന്റ് പങ്കാളികളുടെ വലിയൊരു അടിത്തറ ത്രൈവിന് ഉള്ളതിനാൽ, ഉപഭോക്തൃ ഇടപഴകലിന് കൊക്കകോളയെ ഈ കരാർ സഹായിക്കും.
മിനിറ്റ് മൈഡ് ജ്യൂസുകൾ, കിൻലി വാട്ടർ, ജോർജിയ കോഫി എന്നിവയ്ക്കൊപ്പം കോക്ക് , തംസ് അപ്പ് എയറേറ്റഡ് പാനീയങ്ങൾ എന്നിവ കൊക്കകോള ഇങ്ങനെ ഉപഭോക്താക്കളിലേക്ക് കൂടുതലായി എത്തിക്കും.
ത്രൈവ്
ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ 2020-ൽ മൂന്ന് സംരംഭകരായ ധ്രുവ് ദിവാൻ, കരൺ ചേച്ചാനി, കൃഷി ഫഗ്വാനി എന്നിവർ ചേർന്ന് ത്രൈവ് ഫുഡ് ഡെലിവറി സ്റ്റാർട്ടപ് ആരംഭിച്ചു. റെസ്റ്റോറന്റുകൾക്ക് സ്വന്തമായി സബ് പോർട്ടലുകൾ നിർമ്മിക്കാനുള്ള ഓപ്ഷനും ഉണ്ട്.കോവിഡിന് മുമ്പ് ഓഫ്ലൈൻ ഭക്ഷണ റീട്ടെയിൽ ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യയിലെ ഡൊമിനോസിന്റെ മാസ്റ്റർ ഫ്രാഞ്ചൈസി കൈവശമുള്ള ജൂബിലന്റ് ഫുഡ് വർക്ക്സും- Jubilant Foodworks-, പേയ്മെന്റ് കമ്പനിയായ റാസർപേയും-Razorpay ത്രൈവിന്റെ നിക്ഷേപകരുടെ പട്ടികയിലുണ്ട്.