പാക്കേജ്ഡ് ഫുഡ്സ് കമ്പനിയായ ബ്രാഹ്മിൻസ് ഫുഡ്സിനെ വിപ്രോ ഏറ്റെടുക്കുന്നു.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാക്കേജ്ഡ് ഫുഡ്സ് കമ്പനിയായ ബ്രാഹ്മിൻസ് ഫുഡ്സിനെ വിപ്രോ ഏറ്റെടുക്കുന്നു. 1987-ൽ സ്ഥാപിതമായ ബ്രാഹ്മിൻസ് കേരളത്തിലെ ഒരു ജനപ്രിയ ബ്രാൻഡായി പേരെടുത്തിരുന്നു. എത്നിക് ബ്രേക്ക്ഫാസ്റ്റ് പ്രീ-മിക്സ് പൗഡറുകൾ, മസാല പൗഡറുകൾ, ഗോതമ്പ് ഉൽപന്നങ്ങൾ, അച്ചാറുകൾ, ഡെസേർട്ട് മിക്സുകൾ, മറ്റ് ഇനങ്ങൾ എന്നിവ ബ്രാഹ്മിൻസ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പ്രീമിയം ഉൽപ്പന്നങ്ങളായ സാമ്പാർ പൊടിയും പുട്ടുപൊടിയും ഈ മേഖലയിലെ വിപണിയിൽ മുൻനിരയിലാണ്
“ബ്രാഹ്മിൻസ് ഇപ്പോൾ വിപ്രോ കൺസ്യൂമർ കെയർ ഫുഡ്സ് ബിസിനസിന്റെ ഭാഗമാണെന്നതിൽ സന്തോഷമുണ്ട്. ഇത് ബ്രാൻഡിനെ അതിവേഗം വളരാൻ സഹായിക്കുന്ന ഇടങ്ങളിലേക്കുളള പ്രവേശനം സാധ്യമാക്കും. വിപ്രോയുടെ വിതരണ ശക്തിയും ശൃംഖലയും വിപണന വൈദഗ്ധ്യവും ഉപയോഗിച്ച് കമ്പനിയുടെ ആഗോള സാന്നിധ്യം വർദ്ധിപ്പിക്കാനാകുമെന്നും ഇത് ബ്രാഹ്മിൻസിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്,”
ബ്രാഹ്മിൻസ് എംഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു.
കമ്പനിയുടെ നടപ്പുവർഷത്തെയും അടുത്ത വർഷത്തെയും പ്രകടനവുമായി ബന്ധപ്പെടുത്തിയുള്ള പണമിടപാടാണ് ഇതെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് വൈസ് പ്രസിഡന്റും ബിസിനസ് ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ സച്ചിൻ ബൻസാൽ പറഞ്ഞു. എന്നാൽ ഏറ്റെടുക്കലിന്റെ സാമ്പത്തിക വിശദാംശങ്ങൾ സച്ചിൻ ബൻസാൽ വെളിപ്പെടുത്തിയില്ല.
വിപ്രോയുടെ കീഴിൽ ബ്രാഹ്മിൻസ് ബ്രാൻഡ് വരുന്നത് കേരളത്തിലും GCC രാജ്യങ്ങൾ, യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് വിപണികളിലും പാക്കേജ്ഡ് ഫുഡ് വിപണിയിലും പ്രത്യേകിച്ചും സ്പൈസസ് മിക്സുകളിലും പ്രഭാതഭക്ഷണ മിക്സുകളിലും കമ്പനിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിപ്രോ കൺസ്യൂമർ കെയർ ഫുഡ്സ് ബിസിനസ് പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു.
കഴിഞ്ഞ വർഷം മറ്റൊരു കേരള ഫുഡ്ബ്രാൻഡായ നിറപറയും വിപ്രോ ഏറ്റെടുത്തിരുന്നു. പാക്കേജ്ഡ് ഫുഡ്സ് ബിസിനസ്സിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് Wipro Consumer Care and Lighting ഈ ഏറ്റെടുക്കലുകൾ നടത്തുന്നത്. നേരത്തെ എനർജി ഡ്രിങ്ക് ബ്രാൻഡായ ഗ്ലൂക്കോവിറ്റയും പേഴ്സണൽ കെയർ ബ്രാൻഡായ യാർഡ്ലിയും സ്വന്തമാക്കിയ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ 14-ാമത്തെ ഏറ്റെടുക്കലാണിത്. ഫുഡ് ലൈനിൽ അടുത്തിടെ നടന്ന രണ്ട് ഏറ്റെടുക്കലുകൾ ഉൾപ്പെടെ കമ്പനി ഇതുവരെ ഒരു ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. സ്വന്തമായി റെഡി-ടു-കുക്ക്, പാക്കേജ്ഡ് ഫുഡ്സ് ബ്രാൻഡ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമായും “മലയാളി ഉപയോക്താക്കളെയും ദക്ഷിണേന്ത്യൻ ഉപയോക്താക്കളെയും” ലക്ഷ്യമിടുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ വിപണി 72,000 കോടി രൂപയാണെന്ന് അഗർവാൾ ചൂണ്ടിക്കാട്ടി. 12 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കുളള സുഗന്ധവ്യഞ്ജന വിപണിയുടെ 35 ശതമാനത്തിലധികം വരുമാനം ദക്ഷിണ മേഖലയിൽ നിന്നാണ്.
2023 സാമ്പത്തിക വർഷത്തിൽ, വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് 10,000 കോടി രൂപയുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. വരുമാനത്തിന്റെ 51 ശതമാനവും വിദേശ ബിസിനസുകളിൽ നിന്നാണ്.
ഇടത്തരം കുടുംബങ്ങൾ ബ്രാൻഡഡ് ഭക്ഷ്യ വസ്തുക്കളിലേക്ക് മാറുന്നതിനാൽ ഏകദേശം 5 ട്രില്യൺ രൂപ മൂല്യമുള്ള ഇന്ത്യൻ പാക്കേജ്ഡ് ഫുഡ് മാർക്കറ്റ് ഒരു മാറ്റത്തിന്റെ പാതയിലാണ്. ഈ പ്രവണത നിരവധി വൻകിട കമ്പനികളെ അവരുടെ ഉൽപ്പന്ന ലൈനുകൾ വൈവിധ്യവത്കരിക്കാനും പാക്കേജുചെയ്ത ഭക്ഷണമേഖലയിൽ അവരുടെ ഓഫറുകൾ വിപുലീകരിക്കാനും പ്രേരിപ്പിച്ചിരുന്നു.
In a recent financial transaction, WIPRO CONSUMER CARE and Lighting purchased the Kerala-based food company Brahmins. Sales of Rs 120 crore were made by Brahmins, a company that specializes in traditional vegetarian, spice mix, and ready-to-cook items. With a total investment of little over $1 billion, Wipro Consumer Care and Lighting has undertaken 14 acquisitions in the past 20 years, including this one.