കനാലുകളും തോടും ഒക്കെ കൊണ്ട് സമ്പന്നമായ വിശാല കൊച്ചിയിലെ ജനത്തിന്റെ യാത്രാ ദുരിതത്തിന് ഇനി ശമനമുണ്ടാകും.

കാക്കനാട് നിന്നും വൈറ്റില കുമ്പളം വഴി ഇടക്കൊച്ചിയിലെത്തി അവിടെനിന്നും തിരിഞ്ഞു ഹൈക്കോടതി വഴി നേരെ കടന്നുപോകുന്ന സകല പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു മുളവു കാട് പഞ്ചായത്തിലൂടെ ചേരനല്ലൂർ കടന്നു ഏലൂർ വരെ. കൃത്യമായി പറഞ്ഞാൽ 73 കിലോമീറ്റർ വരുന്ന ജലയാത്ര കണക്ടിവിറ്റി. കൊച്ചിയിലെ യാത്രാ ദുരിതം ഏറിയ 10 ദ്വീപുകളെ തമ്മിൽ വാട്ടർ മെട്രോ ബന്ധിപ്പിക്കുമ്പോൾ ഇതിന്റെ ഗുണം ലഭിക്കുക ഒരു ലക്ഷത്തിലേറെ ദ്വീപു നിവാസികൾക്ക്‌ കൂടിയാണ്.

ഇതു കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ഇൻഡ്യക്കല്ല ഈ ലോകത്തിനു തന്നെ നൽകുന്ന ജലയാത്രാ വിസ്മയം. അതും 1136.83 കോടി മതിപ്പു ചിലവിൽ.

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് കൊച്ചി മെട്രോ കമ്പനിയും കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമാണ്. പദ്ധതിക്കായി  ദീർഘ സാമ്പത്തിക സഹായം നൽകുന്നത് ഇൻഡോ ജർമൻ ഫിനാൻഷ്യൽ കോർപറേഷനും.

ഈ കണെക്ടിവിറ്റിയിൽ ഒരുങ്ങുന്നത് ആദ്യ ഘട്ടത്തിൽ 6 സ്റ്റേഷനുകൾ. ആകെ പണിതീർക്കുന്നതു  38  സ്റ്റേഷനുകൾ. അതും വെറും ബോട്ട് ജെട്ടി എന്ന് വിളിക്കുന്ന ഇടമല്ല വിമാനത്താവളത്തിലെ ലൗഞ്ച്‌  പോലും തൊട്ടു പോകുന്ന   അത്യാധുനിക സംവിധാനങ്ങളോടെ. സാധാരണ കൊച്ചിക്കായലിൽ കറങ്ങിത്തിരിയുന്ന ബോട്ടുകൾ അല്ല ഈ  ജലയാത്രാ വിസ്മയത്തിനായി കുത്തിക്കുക.

ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന മെട്രോയുടെ പച്ചയും വെള്ളയും നിറങ്ങൾ പേറുന്ന 23 എയർ കണ്ടിഷൻഡ് ഹൈബ്രിഡ് ബോട്ടുകൾ.  തികച്ചും ഹൈബ്രിഡ് ആയ കൊച്ചി കപ്പൽശാല നിർമിച്ചു നൽകിയ  ഇന്ത്യയിലെ ആദ്യ അലുമിനിയം യാത്രാ ബോട്ടുകൾ. വാട്ടർ മെട്രോ പൂർണതോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും സർവീസിന്.

കഴിഞ്ഞ ഒരു വർഷമായി സർവീസിന് സജ്ജമായി പച്ചക്കൊടി കാത്തിരിക്കുകയായിരുന്നു കൊച്ചി വാട്ടർ മെട്രോ. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്. പദ്ധതിയുടെ ആദ്യഘട്ടം 25ന് പ്രവർത്തനം തുടങ്ങും. രാവിലെ 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിമോട്ടിലെ ബട്ടൺ അമർത്തുമ്പോൾ, ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് ആദ്യ ഇലക്ട്രിക്ബോട്ട് വൈപ്പിനിലേക്ക് സർവീസ് ആരംഭിക്കും.1136.83കോടി മുതൽമുടക്കുള്ള ആധുനിക സംവിധാനങ്ങളും ലോകോത്തര ടെർമിനലുകളുമായി ശബ്ദരഹിത എ.സി ഇലക്ട്രിക് ബോട്ടുകൾ ഉൾപ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്തെ ആദ്യത്തേതാണ്.

 രാവിലെയും വൈകിട്ടും 15 മിനിറ്റ് ഇടവിട്ട് ബോട്ടുകൾ ഓടും. മറ്റു സമയങ്ങളിൽ 20-30 മിനിട്ട് ഇടവിട്ട് സർവീസുണ്ടാകും. പിന്നാലെ വൈറ്റില – കാക്കനാട് റൂട്ടിലും സർവീസ് ആരംഭിക്കും. ആദ്യഘട്ട സർവീസിൽ 8 ബോട്ടുകളും,8 പിക്ക് അപ്പ്- ഡ്രോപ്പ് ടെർമിനലുകളും ഉണ്ടാകും.

വൈദ്യുതിയിൽ ഓടുന്ന എട്ട് അലുമിനിയം കട്ടാമരൻ ബോട്ടുകൾ സർവീസിന് തയ്യാറാണ്. 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളും 38 ടെർമിനലുകളുമാണ് 819 കോടിയുടെ പദ്ധതിയിലുള്ളത്. 76 കിലോമീറ്റർ നീളുന്ന 15 റൂട്ടുകളിലാണ് സർവീസ്. വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പിൻ, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകൾ റെഡിയായി. 10 ദ്വീപുകളിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരവും, ടൂറിസം രംഗത്ത് ഊർജവും നൽകുന്നതാണ് വാട്ടർ മെട്രോ.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നു.

“കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണ്. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിന്റെ അഭിമാന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചിലവു വരുന്നത്. ഈ തുകയിൽ ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു.

പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും. ഇതിന്റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.”

വാട്ടർ മെട്രോ സവിശേഷതകൾ

  • ഇരട്ട ഹൾ ബോട്ടിൽ 100  യാത്രക്കാർക്ക് സഞ്ചരിക്കാം
  • ഒരു ബോട്ടിന്റെ വില – 7.6 കോടി
  • 10-15 മിനിറ്റ് വൈദ്യുതി ചാർജ് ചെയ്താൽ  ഒന്നര മണിക്കൂർ ഓടും

 കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ വാട്ടർമെട്രോ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നതോടെ കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലും വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുക. 15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കായ് 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്. 100 പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുന്ന വാട്ടർമെട്രോ ബോട്ടുകൾ ഭിന്നശേഷി സൗഹൃദമാക്കിയും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും നിർമ്മിച്ചുനൽകുന്നത് കൊച്ചിൻ ഷിപ്പ് യാർഡാണ്.
ഇലക്‌ട്രിക്‌–ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാർജ് ചെയ്യാം. യാത്രക്കാർ കയറി, ഇറങ്ങുമ്പോൾ പോലും ആവശ്യമെങ്കിൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്.

പൂർണമായും കേരളത്തിൽ നിർമിച്ച ബോട്ടിന് ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ “ഗുഡീസ് ഇലക്ട്രിക് ബോട്ട് അവാർഡ് “ ഇതിനോടകം വാട്ടർമെട്രോ നേടിയിട്ടുണ്ട്.

ആദ്യ സർവീസ് ഹെെക്കോടതി – വെപ്പിൻ റൂട്ടിലാണ് നടത്തുന്നത്. 20രൂപയാണ് നിരക്ക്. ഏപ്രിൽ27മുതൽ വെെറ്റില – കാക്കനാട് റൂട്ടിൽ സർവീസ് തുടങ്ങും. 30 രൂപയായിരിക്കും ഈ റൂട്ടിലെ നിരക്ക്. രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെയാണ് സർവീസ്.

ഒരോ റൂട്ടിലേയ്ക്കും വാട്ടർ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയായിരിക്കും.

പദ്ധതി പൂർത്തിയാകുമ്പോൾ കൊച്ചി മൊത്തം കണക്ടിവിറ്റി

കൊച്ചിയിലെ ജനം കാത്തിരിക്കുകയാണ്.  വാട്ടർ മെട്രോ അദ്ദ്യഘട്ടം ഉദ്ഘാടനത്തിന് സജ്ജമായിട്ട് മാസങ്ങളായി. പ്രധാനമന്ത്രിയെ പ്രതീക്ഷിക്കുന്നതിനാലാണ് കാലതാമസം. ബോട്ടുകളും അഞ്ച് ടെർമിനലുകളും ജീവനക്കാരും ട്രയലുകൾ കഴിഞ്ഞ് റെഡിയാണ്. എറണാകുളം-വൈപ്പിൻ റൂട്ടിലാണ് ഉദ്ഘാടനം. 15  ജല പാതകളാണ് യാത്രയ്ക്കായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്

എറണാകുളം വൈപ്പിൻ റൂട്ടിലെ സ്റ്റേഷനുകൾ ഇനി പറയുന്നത് പ്രകാരം ആണ്. എറണാകുളത്തു നിന്നും ഹൈക്കോടതി സ്റ്റേഷൻ. അവിടെ നിന്നും വൈപ്പിനിലേക്ക്‌. വൈപ്പിനിൽ നിന്നും എംബാർകേഷൻ ജെട്ടി  വഴി എറണാകുളം  സ്റ്റേഷനിലേക്ക്.  രണ്ടാം ഘട്ടം വൈറ്റില  മുതൽ കാക്കനാടു വരേയ്ക്കും.  ആ ചാർട്ട് തയാറാക്കിയിരിക്കുന്നത് ഇപ്രകാരമാണ്. വൈറ്റില നിന്നും ഏരൂർ കാക്കനാട് വഴി ഇൻഫോപാർക്കിലേക്ക് . ഇനി ഈ റൂട്ടിനെ ദീർഘ ദൂര ബോട്ട് സർവീസ് വഴി ഭാവിയിൽ തൈക്കുടം, കുമ്പളം നെട്ടൂർ വഴി  ഇടകൊച്ചിയുമായി കണക്റ്റ് ചായയും. ഇടകൊച്ചിക്കു പിന്നാലെയുള്ള ജലപാതയിൽ സർവീസ് ഉണ്ടാകില്ല.   ഇതാ  നോക്കൂ. ഇടക്കൊച്ചിയിൽ നിന്നും യാത്ര തിരിക്കുന്ന  ഹൈബ്രിഡ് ബോട്ടുകൾ  തോപ്പുംപടി ,മട്ടാഞ്ചേരി വഴി ഫോർട്ട് കൊച്ചിയിലെത്തും. അവിടെ നിന്നും ഒന്നാം ഘട്ടമായ ഹൈക്കോടതി റൂട്ടിലേക്കും സർവീസുണ്ടാകും.  വൈറ്റില നിന്നും മറ്റൊരു റൂട്ട് കൂടി ഉണ്ടാകും.  ഇടകൊച്ചിക്കു മുന്നേ ഉള്ള  നെട്ടൂർ, തേവര യാർഡ് വഴി സമാന്തര റൂട്ടിലൂടെ എറണാകുളം  സ്റ്റേഷനിലെത്തും. ഈ റൂട്ടുകളും യാത്രയായ് സർവീസുകളും പ്രാരംഭമായി തയ്യാറാക്കിയതാണ്.  സ്റ്റേഷനുകളും റൂട്ടുകളും പ്രവർത്തനക്ഷമം ആകുന്നതോടെ  കണക്ടിവിറ്റി സർവീസുകളിൽ മാറ്റം വന്നേക്കാം.  

ഇനി അവസാനഘട്ടം എങ്ങനെ നീങ്ങും എന്ന് നോക്കാം. എറണാകുളത്തു നിന്നും യാത്ര തിരിക്കുന്ന യാത്രാ ബോട്ടുകൾ ഹൈക്കോർട്ട്, ബോൾഗാട്ടി, താന്തോന്നിപുരം സ്റ്റേഷനുകൾ   വഴി മുന്നോട്ടു പോകും. പൊന്നാരിമംഗലം സ്റ്റേഷൻ കടക്കുന്ന സർവീസിന് മുളവുകാട് ഹോസ്പിറ്റലിൽ സ്റ്റേഷൻ ഉണ്ടാകും. അവിടെ നിന്നും മുളവുകാട് നോർത്ത് വഴി മൂലമ്പള്ളി സ്റ്റേഷൻ. അവിടെ നിന്നും ഒരു റൂട്ട് നേരെ കടമക്കുടി വഴി ഞാറക്കലിലേക്കു, പിഴലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞു നേരെ ആസ്റ്റർ   മെഡി സിറ്റി സ്റ്റേഷനും പിന്നെ അമൃതാ  ഹോസ്പിറ്റൽ സ്റ്റേഷനും.   പിന്നെ  പിഴല നിന്നും ഏരൂർ വഴി വരാപ്പുഴ.  ഞാറക്കൽ, വൈപ്പിൻ,   വെല്ലിങ്ടൺ ഐലൻഡ്, ഇലകുന്നപുഴ , കടമക്കുടി , ചരിയംതുരുത്തു  തുടങ്ങി 10  ദ്വീപുനിവാസികൾക്കും ഈ ബോട്ട് യാത്ര ചില്ലറയല്ല ആശ്വാസവും സമയലാഭവും  നൽകുക.  

ഇനി വാട്ടർ മെട്രോയുടെ സ്റ്റേഷനുകളിലേക്കു വരാം.

 ആറു  സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തനസജ്ജമാണ്. ആകെ 38  സ്റ്റേഷനുകൾ . എയർപോർട്ട് ടെർമിനലിന്റെ ലുക്കാണ്  വാട്ടർ മെട്രോ ടെർമിനലിന്. ഹൈക്കോടതിക്ക് പിന്നിലെ ഈ ടെർമിനലിന്റെ ദൃശ്യങ്ങൾ നോക്കൂ. മെട്രോ റെയിൽ സ്റ്റേഷന് സമാനം. അന്തരാസ്ട്ര സൗകര്യങ്ങളാണ് വാട്ടർ മെട്രോ സ്റ്റേഷനുകളിൽ  ഏർപ്പെടുത്തിയിരിക്കുന്നത്.  

യാത്രക്കാർ ആദ്യം ചെയ്‌യേണ്ടത് ഇതാണ്.  ക്യു ആർ കോഡുള്ള ടിക്കറ്റോ മെട്രോ റെയിൽ ട്രാവൽ കാർഡോ ഉപയോഗിക്കണം. കൊച്ചി  മെട്രോയ്ക്കും  വാട്ടർ മെട്രോയ്ക്കും ഒരുമിച്ച് ടിക്കറ്റെടുക്കാം. ടിക്കട്റ്റ് എടുക്കുന്നത് നൂറുപേരായാൽ പിന്നെ   ബോട്ടിലേക്കുള്ള എൻട്രി പോയിന്റിലേക്ക്.  അവിടെയാണ് ഒരു ബോട്ടിലേക്ക് കയറുന്നതിലെ സുരക്ഷിതത്വം  നാം തിരിച്ചറിയുക . ഫ്ളോട്ടിംഗ് ജെട്ടിയുടെയും ബോട്ടിന്റെയും കവാടങ്ങൾ  എപ്പോഴും ഒരേ നിരപ്പിലാണ്.  ഒരു കാലെടുത്തു ബോട്ടിലേക്ക് വച്ചാൽ മതി.  ചാടിക്കയറുകയോ ഇറങ്ങുകയോ വേണ്ട.   കുഞ്ഞുങ്ങൾക്കുൾപ്പടെയുള്ള 110 ലൈഫ് ജാക്കറ്റുകളും ഉണ്ട്.

ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന മെട്രോയുടെ പച്ചയും വെള്ളയും നിറങ്ങൾ പേറുന്ന ഹൈബ്രിഡ് ബോട്ടുകൾ എ.സിയാണ്. വാതിൽ തനിയെ തുറക്കും. ഇലക്ട്രിക് ആയതിനാൽ കാത് തുളക്കുന്നതു പോയിട്ടു മൂളലിന്റെയോ എൻജിൻ ശബ്ദമോ ഇല്ല. ഇരട്ട ഹള്ളായതിനാൽ ഓളങ്ങളിൽ ഉലയില്ല. വിശാലമായ ചില്ലുജാലകങ്ങളിലൂടെ കായൽഭംഗി കൺമുന്നിൽ ആസ്വദിക്കാം. ലോകനിലവാരത്തിലെ ബോട്ടുകളും മെട്രോ റെയിൽ സ്റ്റേഷന് സമാനമായ ടെർമിനലുകളും പരമ്പരാഗത ബോട്ടുകളെയും ജെട്ടികളെയും നിഷ്പ്രഭമാക്കുന്നു. ആകെ 78 ബോട്ടുകൾ ആണ് യാത്രയ്ക്കായി നീറ്റിലിറക്കുക. ഓരോന്നിലും   സീറ്റിങ് കപ്പാസിറ്റി 50.

• ഒരു ബോട്ടിനു വഹിക്കാവുന്ന യാത്രക്കാർ 100 പേരെ  

• ബോട്ടിലുണ്ടാകുക 3 ജീവനക്കാർ   

കൊച്ചി കപ്പൽശാലയാണ് ഇന്ത്യയിലെ ആദ്യ അലുമിനിയം യാത്രാ ബോട്ടുകൾ നിർമ്മിച്ചത്. ഏഴിമല, വിഴിഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസിരിസ് എന്നിങ്ങിനെയാണ് ബോട്ടുകളുടെ പേരുകൾ. ഓരോ മണിക്കൂറിലും ചാർജ് ചെയ്യണം. 10-15 മിനിറ്റ്മതി മൊത്തത്തിൽ ചാർജി ആകാൻ. ഇതിനായി ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ ചാർജിംഗ് സ്റ്റേഷനുകൾ പത്ത് ടെർമിനലുകളിലുണ്ടാകും. ബോട്ടുകളുടെ  യാത്രാപഥം അൽപ്പം മാറിയാൽ അപ്പോഴറിയും വൈറ്റിലയിലെ കൺട്രോൾ റൂമിൽ.  ബോട്ടുകളിൽ തെർമൽ കാമറ, എക്കോ സൗണ്ടർ തുടങ്ങിയ സംവിധാനങ്ങളുണ്ട്.  

ഏതാനും വർഷങ്ങൾക്കകം പദ്ധതി പൂർണതോതിൽ ആകും. അതോടെ കൊച്ചിയിലെ 10 ദ്വീപുകളെയും കണക്റ്റ് ചെയ്യുന്ന 38 സ്റ്റേഷനുകൾ ഉള്ള 76 കിലോമീറ്റർ  ബോട്ട് കണക്ടിവിറ്റി. ഈ ജലയാത്രയാ വിസ്മയം ലോകത്തിനു കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് നൽകുന്ന സമ്മാനം തന്നെയാകും. കൊച്ചിക്കാർക്കു ഇനി യാത്രാ ദുരിതത്തോടു വിട പറയാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version