പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയിൽ ആദ്യദിനം 6,559 യാത്രക്കാർ എത്തി.
രാജ്യത്തെ ആദ്യത്തെ ജലാധിഷ്ഠിത മെട്രോ സർവീസ് രാവിലെ 7 മണി മുതൽ പ്രവർത്തനം ആരംഭിച്ച് രാത്രി 8 മണിക്കാണ് അടച്ചത്. ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഒറ്റത്തവണ നിരക്ക് 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്.
വാട്ടർ മെട്രോ യാത്രക്കാർക്ക് പ്രതിവാര, പ്രതിമാസ, ത്രൈമാസ പാസുകൾ വാങ്ങാനുള്ള ഓപ്ഷനുമുണ്ട്. 12 തവണ വരെ യാത്ര ചെയ്യാൻ അനുവദിക്കുന്ന പ്രതിവാര പാസിന് 180 രൂപയും 50 ട്രിപ്പുകൾ വരെയുള്ള പ്രതിമാസ പാസിന് 600 രൂപയും 150 ട്രിപ്പുകളുള്ള ത്രൈമാസ പാസിന് 1500 രൂപയുമാണ് നിരക്ക്. കൊച്ചിൻ ഷിപ്പ്യാർഡ് രൂപകൽപ്പന ചെയ്ത എട്ട് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഹൈക്കോടതി- വൈപ്പിൻ റൂട്ടിലും, വൈറ്റില- കാക്കനാട് റൂട്ടിലുമാണ് സർവീസ് നടത്തുന്നത്.
ഹൈക്കോടതി- വൈപ്പിൻ റൂട്ടിൽ സർവീസ് ആരംഭിച്ചെങ്കിലും വൈറ്റില- കാക്കനാട് റൂട്ടിൽ വ്യാഴാഴ്ച മുതലാണ് സർവീസ് തുടങ്ങിയത്.
ട്രാഫിക്കിൽ കുടുങ്ങാതെ കൊച്ചിയിലെ തിരക്കേറിയ റൂട്ടുകളിൽ സഞ്ചാരം സാധ്യമാക്കുന്ന വാട്ടർ മെട്രോ കേരള സർക്കാരിന്റെ ഫണ്ടും ജർമ്മൻ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ വായ്പയും അടക്കം 1,136.83 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ, 78 ഇലക്ട്രിക് ബോട്ടുകളും 38 ടെർമിനലുകളും ഉപയോഗിച്ച് തുറമുഖ നഗരത്തിന് ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതി പ്രതിദിനം 34,000 യാത്രക്കാർക്ക് സഹായകമാകും.
യാത്രക്കാർക്ക് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. മെട്രോയുടെ ടിക്കറ്റുകളും കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായി ബുക്ക് ചെയ്യാം