IT-MSME കൾക്കായി ബിസിനസ് അവസരങ്ങൾ തേടി GTECH യു എസിലേക്ക്
In a bid to overcome the COVID induced setback for the IT business of Kerala based medium, small and micro enterprises, GTECH, the industrial body of IT and software companies of the state, has organized business meets in four cities of USA.
കേരളത്തിലെ ഐടി- എംഎസ്എംഇ കൾക്കായി ജിടെക്-GTECH – യുഎസ്എയിൽ
ബിസിനസ് അവസരങ്ങൾ തേടുന്നു. കേരളം ആസ്ഥാനമായുള്ള ഐടി മേഖലയിലെ ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ബിസിനസിന് കോവിഡ് കാരണമുണ്ടായ മാന്ദ്യം മറികടക്കാനായി യുഎസ്എയിലെ നാല് നഗരങ്ങളിൽ സംസ്ഥാനത്തെ ഐടി, സോഫ്റ്റ് വെയർ കമ്പനികളുടെ വ്യാവസായിക സംഘടനയായ ജിടെക് ബിസിനസ് കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നു.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലെ 16 ഐടി കമ്പനികളുടെ പ്രതിനിധികളാണ് ഏപ്രിൽ 29 മുതൽ മെയ് 10 വരെയുള്ള രണ്ടാഴ്ചത്തെ യുഎസ് പര്യടനത്തിൽ പങ്കെടുക്കുന്നത്.
ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘം ബിസിനസ് അവസരങ്ങൾ തേടും. വാഷിംഗ്ടണിൽ നടക്കുന്ന സെലക്ട് യുഎസ്എ നിക്ഷേപ ഉച്ചകോടിയിലും സംഘം പങ്കെടുക്കും.
ഇന്ത്യയിലെ ചെറുകിട ഐടി കമ്പനികളുമായി ചേർന്ന് ബിസിനസ് വിപുലീകരിക്കാൻ താല്പര്യമുള്ള ഐടി വ്യവസായത്തിൻറെയും സർക്കാർ സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തും.
യുഎസ്-ഇന്ത്യ ഇംപോർട്ടേഴ്സ് കൗൺസിൽ കേരള ചാപ്റ്റർ പ്രസിഡൻറും മിറോക്സ് സൈബർ സെക്യൂരിറ്റി ആൻഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിൻറെ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ബാബുവാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
കോവിഡ് മൂലം ചില ചെറുകിട ഐടി കമ്പനികളുടെ വളർച്ചയ്ക്ക് കാര്യമായ മാന്ദ്യം ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് പര്യടനത്തിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് ബിസിനസ് കൂടിക്കാഴ്ചകളിലൂടെ വളരെയധികം പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഐടി കമ്പനികൾ ഉൾപ്പെടുന്ന വ്യവസായ കൂട്ടായ്മയാണ് ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് ഓഫ് കേരള). ചെറുതും വലുതുമായ 300 ഓളം ഐടി കമ്പനികൾ ഇതിൽ അംഗങ്ങളാണ്. സംസ്ഥാനത്തെ 80% ഐടി പ്രൊഫഷണലുകളും ജിടെക് കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്.